1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

സ്വന്തം ലേഖകന്‍: ബലാകോട്ടില്‍ വ്യോമസേന തകര്‍ത്തത് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ജയ്‌ഷെ ഭീകര ക്യാമ്പ്; ഭീകരര്‍ക്കായി സ്വിമ്മിങ് പൂള്‍, പ്രത്യേക പാചകക്കാര്‍; ഇന്ത്യ ലക്ഷ്യമിട്ടത് കൊടുംഭീകരന്‍ അസ്ഹര്‍ യൂസഫിനെയെന്ന് സൂചന; ആക്രമണം നടന്നത് മൂന്ന് ഘട്ടങ്ങളായെന്ന് റിപ്പോര്‍ട്ട്; സേനയ്ക്ക് അഭിനന്ദന പ്രവാഹം. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റ സഹോദരന്‍ മൗലാന യൂസഫ് അസ്ഹറിന്റെ കീഴിലുള്ളതാണ് ബലോകോട്ട് താവളം.

ഉള്‍വനത്തില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദികളുടെ താവളത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഉന്നതരായ ഭീകരരും സീനിയര്‍ കമാന്റര്‍മാര്‍, ട്രെയ്‌നര്‍മാര്‍ എന്നിവരെയും വധിച്ചതായി വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കൂടുതല്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് മിന്നലാക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി ഗോഖലെ പറഞ്ഞു.

‘ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള പല ഭീകരസംഘങ്ങളുടെയും മുഖ്യകേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മിന്നലാക്രമണത്തില്‍ പ്രമുഖരായ ജെയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സിവിലിയന്‍ പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ഇന്ത്യ ആക്രമണം നടത്തിയത്,’ ഭീകരവാദം തടയാന്‍ പാകിസ്ഥാന്‍ വേണ്ട നടപടിയെടുത്തില്ലെന്നും ഗോഖലെ ആരോപിച്ചു.

പുലര്‍ച്ചെ 3:45 മുതല്‍ 4:04 വരെ നീണ്ടു നിന്ന ആസൂത്രിത ദൗത്യം. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്രമണമാണ് ഇന്ത്യ നടത്തിയത്. മൂന്ന് ഘട്ടങ്ങളായാണ് ആക്രമണം നടത്തിയത്.പാകിസ്താനില്‍ ആക്രമണം നടത്തിയ വ്യോമസേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. തിരിച്ചടിക്കുള്ള സ്വാതന്ത്ര്യം പ്രധാനമന്ത്രി സൈന്യത്തിന് നല്‍കിയിരുന്നു. അതിന് അനുസരിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്ന് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് പ്രധാനമന്ത്രി മോദി. രാജ്യം ആരുടെ മുന്‍പിലും തല കുനിക്കാന്‍ താന്‍ അനുവദിക്കില്ല. രാജ്യത്തേക്കാളും വലുതായി ഒന്നുമില്ല. എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. 2014ല്‍ രാജ്യത്തിന് നല്‍കിയ വാഗ്ദാനം താന്‍ പാലിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

സേന അതിശയിപ്പിക്കുന്ന പോരാളികളാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി പറഞ്ഞു. സുഷമാ സ്വരാജ്, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍, കമല്‍ഹാസന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരും സേനയെ പ്രശംസിച്ചു. ബലാകോട്ട, ചകോത്തി, മുസഫറാബാദ് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്

മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 പൗണ്ട് ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ വര്‍ഷിച്ചത്. ഇരുനൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

പാകിസ്താനിലെ മൂന്ന് ഭീകര ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. കാട്ടിനുള്ളിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നെങ്കിലും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് അവിടെയുള്ളത്. നിയന്ത്രണരേഖയില്‍നിന്ന് എണ്‍പതോളം കിലോമീറ്റര്‍ അകലെ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ ക്യാംപ്. അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിച്ചിരുന്ന അബട്ടാബാദിന് അടുത്തുതന്നെ. ബാലാകോട്ട് നഗരത്തില്‍നിന്ന് 20 കിലോമീറ്ററായിരുന്നു അകലം.

ജയ്‌ഷെ മുഹമ്മദിനൊപ്പം ഹിസ്ബുല്‍ മുജാഹിദ്ദീനും മറ്റു സംഘടനകളും ഭീകരരെ പരിശീലിപ്പിക്കാന്‍ ക്യാംപ് ഉപയോഗിച്ചിരുന്നു. ജയ്ഷ് തലവന്‍ മസൂദ് അസ്ഹറടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പഠിപ്പിക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. കുനാര്‍ നദീതീരത്തുള്ള ക്യാംപില്‍ സ്വിമ്മിങ് പൂള്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനം നടത്തുന്നതിനാണിതെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. പാകിസ്താന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശീലിപ്പിക്കാന്‍ എത്തുന്നതെന്നാണ് വിവരം.

ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍, തന്ത്രങ്ങള്‍, സുരക്ഷാ വ്യൂഹം ആക്രമിക്കാന്‍, ബോംബ് നിര്‍മാണവും വിന്യാസവും, ചാവേര്‍ ആക്രമണത്തിനുള്ള തയാറെടുപ്പുകള്‍, ചാവേര്‍ ആക്രമണത്തിന് വാഹനങ്ങള്‍ തയാറാക്കുക, ഉയര്‍ന്ന മലനിരകളിലും അതീവ സമ്മര്‍ദ്ദത്തിലാകുന്ന അവസരങ്ങളിലും മറ്റും പെരുമാറേണ്ടതെങ്ങനെയെന്ന പരിശീലനവും ഇവിടെ നല്‍കിയിരുന്നു. ചാവേര്‍ ആക്രമണങ്ങളിലാണ് ജയ്‌ഷെ കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. മതപരമായ ഉപദേശം പ്രത്യയശാസ്ത്രപരമായ മസ്തിഷ്‌കപ്രക്ഷാളനം എന്നിവയ്ക്കും അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ജയ്‌ഷെ മുഹമ്മദ് ഭീകരരെയും അക്രമികളെയും പരീശീലകരെയും ബാലാകോട്ടിലെ ഈ ക്യാംപിലേക്ക് മാറ്റിയതായി ഇന്ത്യയ്ക്ക് രഹസ്യാന്വേഷണ വിഭാഗം അറിയിപ്പു നല്‍കിയിരുന്നു. 500 മുതല്‍ 700 പേരെ വരെ ഇവിടെ താമസിപ്പിക്കാന്‍ സാധിക്കും. പാചകക്കാരും ശുചീകരണത്തൊഴിലാളികളും ഇവര്‍ക്ക് സഹായവുമായി ഇവിടെയുണ്ട്. പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണത്തിനുള്ള സാധ്യത അവര്‍ പരിഗണിച്ചെങ്കിലും ഇത്രയും ഉള്ളിലേക്ക് കടന്നുചെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മുന്നൂറോളം ഭീകരരെ ഒറ്റയടിക്ക് വധിക്കാന്‍ അതിനാല്‍ ഇന്ത്യയ്ക്കു സാധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.