1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

സ്വന്തം ലേഖകന്‍: കൃത്യമായ ആസൂത്രണം; പിഴക്കാത്ത ഉന്നം; 12 മിറാഷ് വിമാനങ്ങളില്‍ 4 സംഘങ്ങളായി ആക്രമണം; പാകിസ്താനെ ഞെട്ടിച്ചത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം; ആക്രമണ പദ്ധതി തയ്യാറാക്കിയതിന് പിന്നില്‍ മലയാളി സാന്നിധ്യവും. പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം ലോകശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ അതിനു പിന്നിലെ ആസൂത്രണവും ചര്‍ച്ചയാകുകയാണ്.

മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്ന് 12 മിറാഷ്– 2000 മള്‍ട്ടിറോള്‍ സ്‌ട്രൈക്ക് വിമാനങ്ങള്‍. ആകാശത്തു വച്ചു തന്നെ അവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍നിന്ന് പറന്നുപൊങ്ങിയ ഒരു ടാങ്കര്‍ (റീഫ്യൂവലിങ്) വിമാനം. ശത്രുവിമാനങ്ങളൊന്നും ചക്രവാളത്തിലെങ്ങുമില്ലെന്ന് ഉറപ്പുവരുത്താന്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്ന് പുറപ്പെട്ട ഒരു മുന്നറിയിപ്പ് വിമാനം. ഇത്രയുമായിരുന്നു ഇന്ത്യന്‍ വ്യോമസേന വിന്യസിച്ച വ്യോമശക്തി. കൂടാതെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ നേരിടാന്‍ അതിര്‍ത്തിയിലെ എല്ലാ വ്യോമത്താവളങ്ങളിലും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും റഡാറുകളുടെയും കാവല്‍.

12 മിറാഷ് വിമാനങ്ങളും ഒരുമിച്ച് പറന്നുകയറി പ്രഹരിക്കുകയുമായിരുന്നില്ല എന്നാണറിയുന്നത്. രണ്ടും മൂന്നും വിമാനങ്ങളുടെ ചെറിയ സംഘങ്ങളായി പലദിശകളിലൂടെയാണ് അവ ലക്ഷ്യത്തിലേക്ക് കുതിച്ചത്. ഈ രീതിയിലുള്ള ആക്രമണത്തെ മള്‍ട്ടി–ഡയറക്ഷനല്‍ സാചുറേഷന്‍ സ്‌ട്രൈക്ക് എന്നാണ് സൈനിക ഭാഷയില്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി പാക്ക് അധിനിവേശ കശ്മീരിലായിരിക്കും എന്നായിരുന്നു സൂചനകള്‍. പാക്കിസ്ഥാനില്‍ തന്നെ തിരിച്ചടിച്ചതിലൂടെ വേണ്ടിവന്നാല്‍ പോരാട്ടത്തിനു മടിയില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നല്‍കിയത്.

വ്യോമസേനയുടെ അതീവ വിദഗ്ധരായ പൈലറ്റുമാര്‍ നിയന്ത്രണ രേഖ മറികടന്ന് പാക്ക് അധീന കശ്മീരിനും അപ്പുറം രാജ്യാന്തര അതിര്‍ത്തിയിലൂടെ ലേസര്‍ നിയന്ത്രിത ബോംബുകള്‍ ഭീകരരുടെ താവളത്തിലേക്കു ഉന്നംതെറ്റാതെ തൊടുക്കുകയായിരുന്നു. മിറാഷ് വിമാനങ്ങള്‍ പാക്കിസ്ഥാനു നല്‍കിയ ഞെട്ടല്‍ അതാണ്. പുല്‍വാമ ഭീകരാക്രമണത്തിനു പ്രതികാരം ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യമാണു വ്യോമാക്രമണം സാധ്യമാക്കിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതിയുടെ ഏകോപനത്തിനു കീഴില്‍ വ്യോമസേനയുടെ നീക്കം ദ്രുതഗതിയിലായി.

പുല്‍വാമ ആക്രമണം നടന്ന് 11 ദിവസം കഴിഞ്ഞ് 12 ആം ദിവസം പുലരും മുന്‍പേയാണു തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. ഉറി ഭീകരാക്രമണത്തിനു ഇന്ത്യ മറുപടി കൊടുത്തത് 11 മത്തെ ദിവസമായിരുന്നു എന്നതാണത്. ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കഴിഞ്ഞു യുദ്ധവിമാനങ്ങള്‍ തിരികെയെത്തും വരെ പ്രധാനമന്ത്രി മോദി ഉറങ്ങാതെ കാത്തിരുന്നതായി പിഎംഒ വൃത്തങ്ങള്‍ പറഞ്ഞു. പുലര്‍ച്ചെ 4.30ന് ഓപ്പറേഷനു നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ച ശേഷം അദ്ദേഹം അടുത്ത ദിവസത്തെ തിരക്കുകളിലേക്കു പ്രവേശിക്കുകയും ചെയ്തു.

പാകിസ്താനെതിരെ ആക്രമണപദ്ധതി തയ്യറാക്കിയതും ആക്രമണം ഏത് തരത്തിലായിരിക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്കു പിന്നിലും മലയാളിയായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണു പാകിസ്താനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല.

തിരിച്ചടിക്കു കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചതിനു പിന്നാലെ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഒരുക്കം ആരംഭിച്ചിരുന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. അതിനിടെ, വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്ക്, ചൈന അതിര്‍ത്തികളില്‍ ഇന്ത്യന്‍ സേന കടുത്ത ജാഗ്രതയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.