1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ ഈദുൽ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു. പെരുന്നാളും വിഷുവും നാട്ടിൽ ആഘോഷിക്കാൻ പ്രവാസി കുടുംബത്തിന് വൻതുക ചെലവഴിക്കേണ്ടിവരും. ഇന്ത്യയിലെ തിരഞ്ഞെടുപ്പും യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കും കൂടി. വരും ദിവസങ്ങളിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.

ഒരാഴ്ച മുൻപ് ദുബായിൽനിന്ന് കൊച്ചിയിലേക്ക് 400 ദി‍ർഹത്തിന് (9096 രൂപ) കിട്ടിയിരുന്ന വൺവേ ടിക്കറ്റിന് ഇപ്പോൾ 1200 ദിർഹത്തിന് (27,289 രൂപ) മുകളിലായി. അവശേഷിക്കുന്ന സീറ്റിലെ നിരക്ക് അനുനിമിഷം ഉയരുകയാണ്. മറ്റു രാജ്യങ്ങൾ വഴി പോകുന്ന കണക്‌ഷൻ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണ്. ഇതും പ്രവാസിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

മധ്യവേനൽ അവധിക്കു കേരളത്തില‍െ സ്കൂളുകൾ അടച്ചതോടെ യുഎഇയിലേക്കുള്ള ടിക്കറ്റു നിരക്കും വർധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നാലംഗ പ്രവാസി കുടുംബത്തിന് നാട്ടിൽ പോയി തിരിച്ചുവരാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. കുടുംബത്തെ കൊണ്ടുവരാനും അഞ്ചിരട്ടി തുക നൽകണം. പെരുന്നാൾ ദിനങ്ങളും വാരാന്ത്യങ്ങളും ചേർത്ത് യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് 9 ദിവസം അവധി ലഭിച്ചതോടെ വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചു.

നാട്ടിൽ പോകാൻ സാധിക്കാത്തവർ രണ്ടോ നാലോ ദിവസത്തെ വിനോദസഞ്ചാരത്തിന് വിദേശത്തേക്കു പോകുന്ന പ്രവണതയും വർധിച്ചിട്ടുണ്ടെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. പെരുന്നാൾ ആഘോഷിക്കാൻ യുഎഇയിലെത്തുന്ന വിദേശികളുടെ എണ്ണം കൂടിയതോടെ രാജ്യത്തെ വിമാനത്താവളങ്ങളും സജീവം. ടൂറിസ്റ്റുകളുടെ വർധന ഹോട്ടൽ മുറി വാടകയും ഉയർത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.