1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്വദേശിവല്‍ക്കരണം, തൊഴിലവസരങ്ങള്‍ അനവധി, എന്നാല്‍ അറബികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നത് വെല്ലുവിളിയാകുന്നു. സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ഒട്ടേറെ തൊഴിലവസരങ്ങളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്.

കഴിഞ്ഞ കുറേ ആഴ്ചകളായി തൊഴില്‍ അഭിമുഖങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍ പല കമ്പനികളും അറബികളെ തഴയുകയാണെന്നാണ് സൂചന. ആയിരക്കണക്കിന് അപേക്ഷകര്‍ തൊഴില്‍ മേളകളില്‍ എത്തുന്നുവെങ്കിലും അഭിമുഖത്തിന് അവസരം ലഭിയ്ക്കുന്നത് നൂറോ ഇരുനൂറോ പേര്‍ക്ക് മാത്രമാണ്. ഇതില്‍ ജോലി ലഭിക്കുന്നതാകട്ടെ അന്‍പതില്‍ താഴെ മാത്രം.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ അറബി യുവവാക്കളും യുവതികളും വളരെ പിന്നിലാണെന്നും തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും എമിറേറ്റ്‌സ് നാഷണല്‍ ഡിവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍(ഇഎന്‍ഡിപി) ഇസ്സ അല്‍ മുല്ല പറയുന്നു. ബാങ്കിംഗ് മേഖലയില്‍ ഉള്‍പ്പടെ വിവിധ തൊഴില്‍മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികളെ തേടി ഒട്ടേറെ കമ്പനികളാണ് രംഗത്തെത്തിയത്.

ഇന്‍ഡിപി പദ്ധതിയില്‍ മൂവായിരം പേരാണ് അപേക്ഷിച്ചത്. പക്ഷേ അഭിമുഖത്തിന് എത്തിയത് വെറും 120 പേര്‍. പല തൊഴില്‍ മേഖലകളിലും അഭിമുഖത്തിനെത്തിയവരുടെ കണക്ക് ഇതുപോലെയായിരുന്നു. ബാങ്കുകളില്‍ തുടക്കക്കാര്‍ക്ക് 7500 മുതല്‍ 15000 ദിര്‍ഹം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയില്‍ അറബികള്‍ ദയനീയമായി പരാജയപ്പെട്ടു. ഒരു പ്രമുഖ ദേശീയ ബാങ്കിന് വേണ്ടി അഭിമുഖം നടത്തിയ എന്‍ബിഡി ജോബ്
എമിറാത്തിസേഷന്‍ ഡയറക്ടര്‍ അമനി അല്‍ ബനായ് പറയുന്നത് 400 പേരെ അഭിമുഖം നടത്തിയതില്‍ ആകെ 40 പേര്‍ മാത്രമാണ് വിജയിച്ചതെന്നാണ്. ബാങ്കുകളില്‍ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും പലര്‍ക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും അമനി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.