1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2022

സ്വന്തം ലേഖകൻ: ലോക് ഡൗണ്‍ കാലത്ത് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം ഇനി വേണ്ടെന്നും ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വര്‍ക്ക് ഫ്രം ഹോമില്‍ തുടരുന്ന ജോലിക്കാരോട് ഓഫീസില്‍ ഉടനെ മടങ്ങിയെത്താനും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള റുവാന്‍ഡ പ്ലാന്‍ ഉടന്‍ തുടങ്ങുമെന്നും ബോറിസ് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വര്‍ക്ക് ഫ്രം ഹോം കാര്യക്ഷമമല്ലാത്ത കാര്യമാണെന്ന് വ്യക്തമാക്കിയാണ് ആളുകളോട് ജോലിസ്ഥലത്തേക്ക് മടങ്ങിയെത്താന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശിക്കുന്നത്. തൊഴിലിടങ്ങളില്‍ കൃത്യമായി ജോലിക്കാര്‍ എത്തിയെങ്കില്‍ മാത്രമാണ് ഉത്പാദനക്ഷമത വര്‍ദ്ധിച്ച്, ടൗണ്‍, സിറ്റി സെന്ററുകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

വൈറ്റ്ഹാളില്‍ പോലും സര്‍ക്കാര്‍ ജോലിക്കാര്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഡിവിഎല്‍എ, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തലത്തിലാണ് സിവില്‍ സര്‍വീസുകാരുടെ വര്‍ക്ക് ഫ്രം ഹോം പുരോഗമിക്കുന്നത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുന്നത്.

‘വര്‍ക്ക് ഫ്രം ഹോമില്‍ കാപ്പി ഉണ്ടാക്കിക്കൊണ്ടേയിരിക്കും, ഇതിന് ശേഷം ഫ്രിഡ്ജിലേക്ക് മെല്ലെ നടന്ന് ചീസ് ചെറുതായി മുറിച്ച്, തിരിയെ ലാപ്‌ടോപ്പിന് അരികിലേക്ക് എത്തുമ്പോഴേക്കും എന്താണ് ചെയ്തതെന്ന് തന്നെ മറന്നിരിക്കും’, വൈറ്റ്ഹാളിലെ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തെ പ്രധാനമന്ത്രി കളിയാക്കി.

അതേസമയം, അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള വിവാദ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബോറിസ് വ്യക്തമാക്കി. ആദ്യത്തെ 50 അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാടുകടത്തും. മനുഷ്യാവകാശത്തിന്റെ പേരില്‍ നിയമപരമായ കേസുകള്‍ നേരിടേണ്ടി വരുമെങ്കിലും തീരുമാനം മാറ്റില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ‘പാര്‍ട്ടിഗേറ്റ്’ വിവാദമുണ്ടാക്കിയ ക്ഷീണവും മറികടക്കാനായാണ് ബോറിസ് ജോണ്‍സണ്‍ തന്റെ നിലപാട് കടുപ്പിച്ചു ഭരണരംഗത്തു കൂടുതല്‍ സജീവമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.