1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

മാഞ്ചസ്റ്റര്‍: ഞായറാഴ്‌ച്ച ബ്രിട്ടണില്‍ നടന്ന ഒ.ഐ.സി.സി രൂപീകരണ യോഗങ്ങള്‍ ആവേശഭരിതമായി. മുന്‍കാല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കന്മാരുടെയും സജീവ പ്രവര്‍ത്തകരുടേയും നിറസാന്നിധ്യം ബ്രിട്ടണില്‍ രൂപീകൃതമാവുന്ന ഒ.ഐ.സി.സിയുടെ കരുത്ത് വിളിച്ചോതുന്നതായി. കെ.പി.സി.സിയുടെ പ്രവാസി വിഭാഗമായ ഒ.ഐ.സി.സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച്ച മാഞ്ചസ്റ്ററിലും ക്രോയിഡോണിലുമാണ് യോഗങ്ങള്‍ നടന്നത്.

മാഞ്ചസ്റ്ററില്‍ പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒ.ഐ.സി.സി മെംബര്‍ഷിപ്പ് കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ ഉദ്‌ഘാടനം ചെയ്തു. മാഞ്ചസ്റ്ററില്‍ നടന്ന യോഗത്തില്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ ശ്രീ വയലാര്‍ രവി, പത്തനംതിട്ട മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗം ആന്റോ ആന്റണി എം.പി, ഒ.ഐ.സി.സിയുടെ ചാര്‍ജുള്ള കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്തു. ‍

പ്രവാസി സമൂഹത്തിന്റെ നന്മയ്ക്കായി നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ വയലാര്‍ രവി. മാഞ്ചസ്റ്ററില്‍ നടന്ന ഒ.ഐ.സി.സി രൂപീകരണ യോഗത്തെ അഭിസംബോധന ചെയ്ത് ടെലഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളായി കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും പരിഹാരം കാണുന്നതിനും എന്നും കോണ്‍ഗ്രസ് പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം എന്ന ചരിത്രപരമായ അവകാശം നേടിയെടുക്കുന്നത് കേന്ദ്രപ്രവാസികാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ മന്ത്രിസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും സമ്മര്‍ദ്ദം ചെലുത്തുകയും അത് ലഭ്യമാക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്ത ശ്രീ വയലാര്‍ രവിയെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. സോണിയാ ഗാന്ധിയുടേയും മന്‍മോഹന്‍ സിങിന്റേയും നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാനാവും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബ്രിട്ടണില്‍ പ്രവാസികളായി ജീവിക്കുമ്പോഴും കോണ്‍ഗ്രസ് സംസ്ക്കാരം കൈവിടാതെ സംഘടിത ശക്തിയായി മുന്നോട്ട് പോകുന്നതിന് ഒ.ഐ.സി.സി രൂപീകരിക്കുവാന്‍ ചേര്‍ന്നിരിക്കുന്ന യോഗത്തിന് അദ്ദേഹം എല്ലാ വിധ ആശംസകള്‍ നേരുകയും ചെയ്തു.

പ്രവാസി മലയാളികളെ സംബന്ധിച്ചടത്തോളും ഏറെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സാധിച്ചിട്ടുള്ള ആന്റോ ആന്റണി എം.പിയ്ക്ക് യോഗത്തില്‍ അനുമോദന പ്രവാഹമായിരുന്നു. പതിറ്റാണ്ടുകളായുള്ള പ്രവാസി ഇന്ത്യാക്കാരുടെ ആവശ്യമായിരുന്ന വോട്ടവകാശത്തെപ്പറ്റി പാര്‍ലമെന്റിലെ ‍ ചോദ്യോത്തര വേളയില്‍ ആന്റോ ആന്റണി ഉന്നയിച്ച ചോദ്യമാണ് പ്രവാസി വോട്ടവകാശം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെയുള്ള നടപടി ക്രമങ്ങളിലേയ്ക്ക് നയിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം ഇന്ത്യ, നഴ്‌സുമാരുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസില്‍ (ഐ.സി.എന്‍.) അംഗമായതും ആന്റോ ആന്റണിയുടെ ശ്രമഫലമായിട്ടാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഐ.സി.എന്‍. വഴി ഇടപെടാനുള്ള സാഹചര്യം ഇന്ത്യയ്ക്ക് ലഭ്യമായിരിക്കുന്നത്‌ സഹായകരമാവുന്നത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ വിദേശത്തേയ്ക്ക് പോകുന്ന കേരളത്തിനാണ്. ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ നേടുന്നതിനും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും, യു.കെയില്‍ രൂപീകരിക്കുന്ന ഒ.ഐ.സി.സിയ്ക്ക് സാധിക്കട്ടെ എന്ന് ആന്റോ ആന്റണി എം.പി ആശംസിച്ചു. അനുദിനം പുരോഗതിയിലേയ്ക്ക് കുതിയ്ക്കുന്ന രാജ്യത്തിന് വേണ്ടി പ്രവാസി മലയാളികള്‍ ചെയ്യുന്ന സേവനങ്ങള്‍ വിലയേറിയതാണെന്നും അദ്ദേഹം വിലയിരുത്തി.

കെ.പി.സി.സിയുടെ പ്രവാസി മലയാളികള്‍ക്കായുള്ള സംഘടനയായ ഒ.ഐ.സി.സിയുടെ രൂപീകരണത്തിനായി ബ്രിട്ടണില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് നേര്‍ന്നു. ഓരോ റീജിയണിലും യോഗങ്ങള്‍ ചേര്‍ന്ന് ചിട്ടയോടെ മുന്നോട്ട് പോകുന്ന പ്രവര്‍ത്തനങ്ങള്‍ ഒ.ഐ.സി.സിയ്ക്ക് ശക്തമായ അടിത്തറയാവുമെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സിയുടെ രൂപീകരണത്തിന് വേണ്ടി കോണ്‍ഗ്രസ് സംസ്ക്കാരമുള്ള എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ.എസ്.യു മുന്‍ സംസ്ഥാന ട്രഷറര്‍ തമ്പി ജോസ്, പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി മാമ്മന്‍ ഫിലിപ്പ്,കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി എബി സെബാസ്റ്റ്യന്‍, മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് വിജി .കെ.പി, പഞ്ചായത്ത് അംഗങ്ങളായിരുന്ന ബേബി കൂടല്ലൂര്‍, ജോബി കരിങ്കുന്നം, ഇരിക്കൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി റെന്‍സണ്‍ സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു. റെഞ്ചി വര്‍ക്കി സ്വാഗതവും സാജു കാവുങ്ങ നന്ദിയും രേഖപ്പെടുത്തി.

ക്രോയിഡോണിലെ ഒ.ഐ.സി.സി. യോഗവും ഗംഭീരമായി

ക്രോയിഡോണില്‍ നടന്ന ഒ.ഐ.സി.സി യോഗവും ഗംഭീര വിജയമായി. ക്രോയിഡോണ്‍ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിയും നാട്ടില്‍ കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നതുമായ മുതിര്‍ന്ന നേതാവ് കെ.കെ.മോഹന്‍ദാസ് അധ്യനായിരുന്നു. കെ.എസ്.യു. കൊല്ലം ജില്ലാ മുന്‍ സെക്രട്ടറി ഗിരി മാധവന്‍ യോഗം ഉദ്‌ഘാടനം ചെയ്തു. ഒ.ഐ.സി.സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് താഴേത്തട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ഗിരി വിശദീകരിച്ചു. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന്‌ യോഗം വിലയിരുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ലണ്ടനിലും ബര്‍മ്മിങ്‌ഹാമിലും നടന്ന ഒ.ഐ.സി.സി രൂപീകരണ യോഗങ്ങളില്‍ നല്‍കിയ സന്ദേശങ്ങളെപ്പറ്റി മറ്റ് നേതാക്കള്‍ വിശദീകരിച്ചു. പിറവം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് തോമസ് പുളിക്കല്‍, ചിറിയന്‍കീഴ്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ് കമ്മറ്റി മുന്‍ സെക്രട്ടറി പ്രസാദ്‌ കോച്ചുവിള, ടോണി ചെറിയാന്‍, ജെയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ബിജു കല്ലമ്പലം സ്വാഗതവും സുജി കടയ്ക്കാവൂര്‍ നന്ദിയും രേഖപ്പെടുത്തി.

ഇന്നലെ ക്രോയിഡോണിലും മാഞ്ചസ്റ്ററിലും യോഗങ്ങള്‍ നടന്നതോടെ നാല് കേന്ദ്രങ്ങളിലെ രൂപീകരണ യോഗങ്ങള്‍ പൂര്‍ത്തിയായി. ലണ്ടന്‍ ഈസ്റ്റ്‌ ഹാം, ബര്‍മിങ്‌ഹാം എന്നിവിടങ്ങളില്‍ ഇതിനോടകം യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ട് കഴിഞ്ഞതാണ്. വരുന്ന ഒരു മാസത്തിനുള്ളില്‍ ബ്രിട്ടണിലെ എല്ലാ റീജിയണുകളിലും രൂപീകരണ യോഗങ്ങള്‍ ചേരുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.