1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2017

ജോണ്‍സണ്‍ ജോസഫ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനാലു മിഷനുകളും ഒന്നുചേര്‍ന്ന വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും , 87മത് പുനരൈക്യ വാര്‍ഷികാഘോഷവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചക്ക് 12ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ അപ്പരിഷന്‍ ഗ്രൗണ്ടില്‍ മലങ്കര സഭയുടെ യു.കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍ ഫാ.രഞ്ജിത് മടത്തിറമ്പില്‍ എന്നിവര്‍ നയിച്ച പ്രാരംഭ പ്രാര്‍ത്ഥനയോടെ തീര്‍ത്ഥാടനത്തിന് തുടക്കമായി. നൂറ്റാണ്ടുകളായി വാല്‍സിങ്ഹാം തീര്‍ത്ഥാടകര്‍ നഗ്‌നപാദരായി സഞ്ചരിച്ച ഹോളി മൈല്‍ വഴിയിലൂടെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മലങ്കര മക്കള്‍ ജപമാലയും മാതൃഗീതങ്ങളും ചൊല്ലി ഭക്തി സാന്ദ്രമായ പ്രദക്ഷിണമായി നീങ്ങിയപ്പോള്‍, പങ്കെടുത്തവരുടെയും കാഴ്ചക്കാരായി തടിച്ചുകൂടിയ ഇംഗ്‌ളീഷ് ജനതയുടെയും മനസ്സില്‍ അനുഗ്രഹമഴ പെയ്തിറങ്ങി.

വാല്‍സിങ്ഹാം കത്തോലിക്ക മൈനര്‍ ബസലിക്കയില്‍ എത്തിചേര്‍ന്ന പ്രദക്ഷിണത്തെ ബസലിക്ക തീര്‍ത്ഥാടനകമ്മറ്റി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് മലങ്കര സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ കര്‍മ്മികത്വം വഹിച്ചു. ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോസഫ് മാത്യു എന്നിവര്‍ സഹകാര്‍മ്മകരായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിലേക്കു യു.കെ യിലെ മലങ്കര സമൂഹത്തെ ഫാ. തോമസ് മടുക്കമൂട്ടില്‍ സമര്‍പ്പിച്ചു. മാതൃഭക്തിയും സഭാമതാവിനോടുള്ള സ്‌നേഹവും ഒരുപോലെ നെഞ്ചിലേറ്റണമെന്നു സുവിശേഷസന്ദേശ മധ്യേ ഫാ.രഞ്ജിത് മടത്തിറമ്പില്‍ ബസലിക്കയില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ബസലിക്ക ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ അര്‍മിറ്റേജ് തന്റെ അനുഗ്രഹ സന്ദേശത്തില്‍ മലങ്കര സഭയോടുള്ള സ്‌നേഹവും , സഭാനേതൃത്വത്തോടുള്ള ആശംസകളും അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ കുടുംബങ്ങള്‍ വിശ്വാസ പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ പ്രകടിപ്പിക്കുന്ന താല്പര്യം അത്യധികം ശ്ലാഘനീയമാണെന്നും മോണ്‍.അര്‍മിറ്റേജ് കൂട്ടിചേര്‍ത്തു. മലങ്കര സഭയുടെ യൂറോപ്പ് അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ട അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവിന്റെ പ്രാര്‍ത്ഥനയും ആശംസയും ഫാ.തോമസ് മടുക്കമൂട്ടില്‍ വിശ്വാസികളെ അറിയിച്ചു.

പുനരൈക്യ വാര്‍ഷികത്തിന്റെ സ്മരണയില്‍ നടത്തപ്പെട്ട മരിയന്‍ തീര്‍ഥാടനം പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധനേടി. സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍ ഫാ.രഞ്ജിത് മടത്തിറമ്പില്‍, നാഷണല്‍ കൗണ്‌സില്‍ വൈസ് പ്രസിഡന്റ് ജോജി മാത്യു, സെക്രട്ടറി ജോണ്‍സന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. എല്ലാ സഹായങ്ങളുമായി നാഷണല്‍ കൗണ്‌സില്‍ അംഗങ്ങളും , മിഷന്‍ ഭാരവാഹികളും , കുടുംബങ്ങളും ഒന്നുചേര്‍ന്നപ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട ഒരു ദിവസമായി അതു മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.