1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

ഫാ. ബിജു കുന്നക്കാട്ട്: വിശ്വാസികള്‍ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിക്കുമ്പോഴും തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ആചാര അനുഷ്ഠാനങ്ങളും പിന്തുടരാന്‍ ഓരോ സഭാവിഭാഗത്തിനും അവകാശമുണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനം ഓരോ വ്യക്തി സഭയുടെയും വളര്‍ച്ചയിലെ നിര്‍ണ്ണായകമായ പ്രഖ്യാപനമായിരുന്നു. സീറോ മലബാര്‍ സഭാ മക്കള്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് കുടിയേറിപാര്‍ത്തപ്പോഴും ശ്രേഷ്ഠമായ തങ്ങളുടെ സുറിയാനി പാരമ്പര്യമുളള ആചാര രീതികളും ആരാധനാക്രമാനുഷ്ഠാനങ്ങളും കൈവിടാതെ സൂക്ഷിച്ചു. സഭാമക്കളുടെ ഈ താല്‍പര്യത്തിന്റെയും സഭാ നേതൃത്വത്തിന്റെ നിതാന്തജാഗ്രതയുടെയും ഫലമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ കുടിയേറിപ്പാര്‍ത്തിടത്തെല്ലാം സീറോ മലബാര്‍ ക്രമത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും വേദപാഠക്ലാസിലൂടെ പുതുതലമുറയ്ക്കും കുഞ്ഞുങ്ങള്‍ക്കും വിശ്വാസ പരിശീലനം നല്‍കുകയും ചെയ്തു.

ഈജിപ്തില്‍ നിന്നും കാനാന്‍ നാട്ടിലേക്കു യാത്ര ചെയ്ത ഇസ്രായേല്‍ ജനം മരുഭൂമിയില്‍ ഇടയ്ക്കു താവളമടിച്ച സ്ഥലങ്ങളിലെല്ലാം തങ്ങളുടെ കൂടെയുളള ദൈവത്തിനായി ബലിപീഠം പണിത് ബലിയര്‍പ്പിച്ചു (പുറപ്പാട് 17:15). ഉപജീവനത്തിനും അതിജീവനത്തിനുമായി അന്യ നാടുകളിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങളും പോയിടത്തൊക്കെ തങ്ങളുടെ കൂടെയുളള ദൈവത്തിന് തങ്ങളുടെ സ്വന്തം ആരാധന ക്രമത്തില്‍ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ എന്നും ഉത്സുകരാണ്. ഈ ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും ആത്മീയ താല്പര്യത്തിനും ദൈവം നല്‍കിയ സവിശേഷ അനുഗ്രഹമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. കഴിഞ്ഞ 20ഓളം വര്‍ഷങ്ങളിലായി യു.കെ യിലേക്ക് കുടിയേറിയ അരലക്ഷത്തോളം ചെറുപ്പക്കാരായ സഭാംഗങ്ങള്‍ക്ക് ആത്മീയ നേതൃത്വം വഹിക്കാനും തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസത്തില്‍ അവരെ ആഴപ്പെടുത്താനും ദൈവകൃപയാല്‍ നിയമിതനായത് ചെറുപ്പക്കാരനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുമേനിയും.

യു.കെ യുടെ ജീവിത സാഹചര്യങ്ങളില്‍ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളിലേയ്ക്ക് ഈ അമൂല്യ പൈതൃകം പകരുന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളികളിലൊന്ന്. മാതാപിതാക്കള്‍ക്ക് മലയാളം മാതൃഭാഷയാണെങ്കിലും കുട്ടികളില്‍ പലര്‍ക്കും മാതൃഭാഷ പോലെ അടുപ്പമുളളത് ഇംഗ്ലീഷിനോടാണ്. അതുകൊണ്ട് തന്നെ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ സീറോ മലബാര്‍ സഭാ പൈതൃകം ഇംഗ്ലീഷ് ഭാഷയിലുളള തിരുക്കര്‍മ്മങ്ങളിലൂടെ കൂടുതല്‍ അടുത്തറിയുന്നതുപോലെ യു.കെ യിലുളള യുവതലമുറയിലെ കുട്ടികളും തങ്ങളുടെ മാതൃസഭയെ കുറിച്ച് അവര്‍ക്കു കൂടുതല്‍ പരിചിതമായ ഇംഗ്ലീഷ് ഭാഷയിലെ തിരുക്കര്‍മ്മങ്ങളിലൂടെ അടുത്തറിയാന്‍ ഇടയാക്കണമെന്ന് രൂപതാധ്യക്ഷന്‍ ആഗ്രഹിക്കുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ച് അഭിവന്ദ്യപിതാവു തന്നെ ഈ പുതിയ രീതിക്കു തുടക്കം കുറിച്ചിരിക്കുന്നു. സാധ്യമാകുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ചും കുട്ടികള്‍ കൂടുതലായി ആരാധനയില്‍ പങ്കുചേരുന്ന അവസരങ്ങളിലും അഭിവന്ദ്യപിതാവ് ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു വരുന്നു.

അഭിവന്ദ്യപിതാവിന്റെ ആഹ്വാനത്തെയും മാതൃകയെയും പിന്‍തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളിലും ഇംഗ്ലീഷ് ഭാഷയിലുളള സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പണത്തിനായുളള ഒരുക്കങ്ങള്‍ നടന്നു വരുന്നു. സവിശേഷ പ്രാധാന്യവും കാലോചിതവും സാഹചര്യങ്ങള്‍ക്കനുസൃതമായ ഈ പുതിയ രീതിക്ക് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഉദ്യമത്തിനു അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച മരിയന്‍ ടി. വി എല്ലാ ശനിയാഴ്ചയും യു.കെ സമയം രാവിലെ 11 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിക്കുന്ന ഇംഗ്ലീഷ് സീറോ മലബാര്‍ വി. കുര്‍ബാന സംപ്രേക്ഷണം ചെയ്യുന്നു എന്നത് അത്യന്തം ആഹ്ലാദകരവും മാതൃകാപരവുമായ കാര്യമാണ്. സഭയുടെ ദൈവരാജ്യ പ്രഘോഷണ ശുശ്രൂഷയില്‍ സവിശേഷമായ വിധത്തില്‍ പങ്കുചേരുന്ന മരിയന്‍ ടി. വി യുടെ എല്ലാ ദൈവ ശുശ്രൂഷകളെയും ദൈവമനുഗ്രഹിക്കുമാറാകട്ടെ. ‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന പ്രവാചക തുല്യമായ വചനത്തിന്റെ പൂര്‍ത്തിയും സഭയുടെ ഇക്കാലത്തിലുളള വളര്‍ച്ചയും തുടര്‍ച്ചയും നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളിലൂടെയാവാന്‍ ഇംഗ്ലീഷ് ഭാഷയില്‍ വി. കുര്‍ബാനയും മറ്റു ശുശ്രൂഷകളും വലിയൊരു കാരണമാകുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.