1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വെസ്റ്റമിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ആഘോഷിക്കപ്പെട്ട ദുക്രാന തിരുന്നാള്‍ തങ്ങളുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന ആല്മീയോത്സവമായി.സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുന്നാളിന് സൗത്വാര്‍ക്ക് അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ഹാന്‍സ് എം.എസ്.ടി. മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

ആഘോഷപൂര്‍വ്വമായ ദുക്‌റാന തിരുന്നാള്‍ കുര്‍ബ്ബാന ഏവര്‍ക്കും ദൈവീക അനുഗ്രഹസ്പര്‍ശ അനുഭവം പകര്‍ന്നു. തിരുന്നാളിന് പ്രാരംഭമായി സഭാ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ രൂപം ബലിവേദിക്കരികെ പ്രതിഷ്ഠിച്ചു കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

‘കത്തോലിക്കാ മക്കള്‍ തങ്ങളുടെ ഭക്തിയും, വിശ്വാസവും തീക്ഷണമായി കാത്തു പരിപാലിക്കുവാന്‍ ഇന്നും സാധിക്കുന്നത് സഭാ പൈതൃകത്തിന്റെ ഉറവിടമായ മാര്‍ത്തോമ്മാശ്ലീഹ തലമുറയിലൂടെ പകര്‍ന്നു നല്‍കിയ ദൈവീക പദ്ധതികളുടെയും ഈശ്വര സ്‌നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂര്‍ണ്ണത നിറഞ്ഞ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്.ഉച്ചയ്‌സ്തരം വിശ്വാസം പ്രഘോഷിക്കുവാനും, സഭയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിശ്വാസം ഊട്ടി ഉറപ്പിച്ചു കൊണ്ട് സ്വജീവനെ വരെ ഗൗനിക്കാതെ ദൈവീക ദൗത്വം ഏറ്റെടുക്കുകയും ചെയ്ത ശിഷ്യ ഗണങ്ങളില്‍ പ്രമുഖനാണ് തോമാശ്ലീഹാ. യേശുവിന്റെ ഉയിര്‍പ്പ്,പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം തുടങ്ങിയ സഭയുടെ ഏറ്റവും വലിയ വിശ്വാസ സത്യങ്ങള്‍ക്കു പൂര്‍ണ്ണ ബോധ്യത്തോടെ നേര്‍ സാക്ഷിയാകുവാന്‍ കഴിയുകയും ചെയ്ത മാര്‍ത്തോമ്മാ ശ്ലീഹ ഭാരതത്തിനു വലിയ ദൈവീക കൃപയാണ് പകര്‍ന്നു നല്‍കിയത് ‘എന്ന് ചാപ്ലയിന്‍ ഹാന്‍സ് അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

കുട്ടികളുള്‍ക്കൊള്ളുന്ന ക്വയര്‍ ഗ്രൂപ്പ് ഗാന ശുശ്രുക്ഷകള്‍ക്ക് മികവുറ്റ നേതൃത്വമാണ് നല്‍കിയത്.തോമാശ്ലീഹായുടെ രൂപം വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണത്തിനു ശേഷം,പരിശുദ്ധ ശ്ലീവായുടെ സമാപന ആശീര്‍വ്വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.