1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വ്യാപകമായി ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണ സംഘടന. ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായ ആക്രമണ പരമ്പരയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഫ്രഞ്ച് ഇന്റലിജന്‍സ് മേധാവി പാട്രിക് കാല്‍വര്‍ പറഞ്ഞു. അടുത്തമാസം നടക്കുന്ന യൂറോ സോക്കര്‍ ചാമ്പ്യന്‍ഷിപ്പിനു ഫ്രാന്‍സ് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷയെക്കുറിച്ച് പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ തടിച്ചുകൂടുന്നയിടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയി വച്ചശേഷം പൊട്ടിക്കാനാണു പദ്ധതി. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇതേവിധത്തില്‍ ആക്രമണം നടത്തും. രാജ്യമാസകലം പരിഭ്രാന്തി പരത്താന്‍ ഇതുമൂലം സാധിക്കുമെന്നാണ് ഐഎസിന്റെ കണക്കുകൂട്ടലെന്നും കാല്‍വര്‍ ചൂണ്ടിക്കാട്ടി.

ഇറാക്കിലും സിറിയയിലുമായി ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഫ്രഞ്ചുകാരുടെ എണ്ണം 600ല്‍ അധികമാണ്. ഇവരില്‍ ചിലരെ ഉപയോഗിച്ച് എളുപ്പത്തില്‍ ആക്രമണം നടത്താന്‍ ഐഎസിനാവും.

ജൂണ്‍ പത്തിന് ആരംഭിക്കുന്ന യൂറോ 2016 സോക്കര്‍ ടൂര്‍ണമെന്റ് ഒരു മാസം നീണ്ടുനില്‍ക്കും. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തു സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ 25 ലക്ഷം പേരെങ്കിലും കാണികളായി എത്തുമെന്നാണു കണക്ക്. ഇവരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണു സൂചന.

ആറു മാസം മുമ്പ് പാരീസില്‍ കഫേയിലും ഫുട്‌ബോള്‍ സ്റ്റേഡിയത്തിലും റസ്റ്റോറന്റിലും ബാറിലും മറ്റുമായി ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.