1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

സഖറിയ പുത്തന്‍കളം (വെസ്റ്റ്‌ബ്രോവിച്ച്): ദിവ്യകാരുണ്യത്തിന് അഭിഷേകം അനുഗ്രഹ പൂമഴയായി പെയ്തിറങ്ങിയ ദിവസം. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയാല്‍ ജ്വലിച്ച കൂട്ടായ്മയുടെ അതേ അഭിഷേകത്താല്‍ വിശ്വാസ സഹസ്രങ്ങള്‍ ഒരുമിച്ച് ബഥേല്‍ സെന്ററില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി ഒരുമിച്ചു ചേര്‍ന്നപ്പോള്‍ സ്വര്‍ഗ കവാടങ്ങള്‍ തുറന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെട്ട നിമിഷങ്ങളായിരുന്നു.

അതിശൈത്യത്തെ മറികടന്ന് രാവിലെ ഒന്‍പതുമണിക്കുതന്നെ ബഥേല്‍ സെന്റര്‍ തിങ്ങിനിറഞ്ഞു കവിഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇംഗ്ലീഷില്‍ സീറോ മലബാര്‍ ദിവ്യബലി അര്‍പ്പണം ലൂര്‍ദ് മാതാവിന്റെ തിരുനാഹ ആചരണ വേദികൂടിയായി മാറി.

സഭാ ചരിത്രം അറിയാത്തവരാണ് പരിശുദ്ധ കന്യകാമറിയത്തിന് വില കല്പിക്കാത്തതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിശക്തമായ ഭാഷയില്‍ അസന്നിഗ്ധമായി പറഞ്ഞു.

പരിശുദ്ധ മറിയത്തിന് ജന്മപാപമില്ലാതെ ജനിക്കുവാനുള്ള അവകാശമുണ്ടായിരുന്നുവെന്നും പരിശുദ്ധ അമ്മ മറ്റാരെയും ആശ്രയിക്കാതെ ലോക രക്ഷകനായ തന്റെ അരുമ സുതനായ യേശുവിനെ മാത്രം ആശ്രയിച്ചതിന്റെ പരിണിതഫലമാണ് യേശുവിന്റെ ആദ്യ അത്ഭുതത്തിന് നിദാനമായത്.

ലോക രക്ഷകനായ യേശുവിനു മാത്രമേ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സാധ്യമാകൂയെന്ന് അറിയാവുന്ന പരിശുദ്ധ കന്യകാമറിയം ‘യേശു പറയുന്നതുപോലെ പ്രവര്‍ത്തിക്കുക’യെന്നാണ് പറഞ്ഞത്. വചനാടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ജീവിക്കകുയും ചെയ്താല്‍ മാത്രമേ യേശുവിന്റെ ഇടപെടലുകള്‍ നമ്മുടെ ജീവിതത്തില്‍ സാധ്യമാകൂവെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചന സന്ദേശത്തില്‍ പറഞ്ഞു.

 

യുകെയിലെ സുവിശേഷവത്കരണത്തിന്റെ ഈറ്റില്ലമായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹിച്ച് ആശീര്‍വദിച്ചു. മാര്‍ച്ച് മാസത്തിലും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇംഗ്ലീഷ് സീറോ മലബാര്‍ ദിവ്യബലി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ അര്‍പ്പിക്കും.

വൈദ്യശാസ്ത്രം പരാജയപ്പെട്ടത് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിച്ചതു വഴി യേശുവിന്റെ നാമത്തില്‍ രോഗങ്ങള്‍ക്ക് ശമനം ലഭിച്ചവരുടെ സാക്ഷ്യങ്ങള്‍ ദൈവീക മഹത്വീകരണത്തിന്റെ വേദിയായി മാറി. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ബ്രദര്‍ രാജു കൊട്ടാരം, മറിയ ഹീത്ത് എന്നിവര്‍ വചന സന്ദേശങ്ങള്‍ പങ്കുവച്ചു.

വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായി ധ്യാനം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ പ്രഥമ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യവും വചന സന്ദേശങ്ങളും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനെ കൂടുതല്‍ അനുഗ്രഹമാക്കുന്നതിനോടൊപ്പം വിശ്വാസികള്‍ക്ക് മെത്രാനുമായിട്ടും രൂപതയുമായിട്ടും അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.