1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2011

സാബു ചുണ്ടക്കാട്ടില്‍

ബോള്‍ട്ടണ്‍: ഈ മാസം 12, 13, 14, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ബോള്‍ട്ടണ്‍ തിരുനാളിന് ബോള്‍ട്ടണ്‍ ബീറ്റ്‌സ് അരങ്ങേറ്റം കുറിക്കും. പരിശീലനം തകൃതിയായി നടന്നുവരുന്നു. പ്രസിദ്ധനായ മേളവിദ്വാനും തൃശൂര്‍പൂരത്തിന് മേളപ്പെരുക്കം തീര്‍ത്ത് കഴിവ് തെളിയിച്ച ആളുമായ രാതേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നുവരുന്നത്. കുട്ടനാട് സ്വദേശിയും ബോള്‍ട്ടണ്‍ നിവാസിയുമായ ജെയിന്‍ ജോസഫിന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് ഒരു ചെണ്ടമേളം ടീം. തുടര്‍ന്ന് ആഗ്രഹം പലരോടും പങ്കുവെച്ചു. സുഹൃത്തുക്കള്‍ എല്ലാവരും വേണ്ട പിന്തുണ നല്‍കിയതോടെ ചെണ്ടകള്‍ നാട്ടില്‍നിന്നുമെത്തിച്ച് പരിശീലനം ആരംഭിക്കുകയായിരുന്നു. രാതേഷിനെയും, ജെയിന്‍ ജോസഫിനെയും കൂടാതെ ഷാജി ജോസ്, ജോഷി വര്‍ക്കി, അനില്‍ നായര്‍, സെബാസ്റ്റിയന്‍ തോമസ്, ബിന്‍സണ്‍ കെ.തോമസ്, ജോസ്‌കുട്ടി ആന്റണി, ജെയിസണ്‍ കുര്യന്‍, ജെയിസണ്‍ ജോസഫ്, ജെന്‍സ് ജേക്കബും പന്ത്രണ്ട് വയസ്സുകാരനായ അലനും ചേര്‍ന്നതാണ് ബോള്‍ട്ടണ്‍ ബീറ്റ്‌സ്.

പരിശീലകനായ രാതേഷ് ബോള്‍ട്ടണ്‍ കേരളാ ആയുര്‍വേദിക് ഹോസ്പിറ്റല്‍ ജീവനക്കാരനുംകൂടിയാണ്. ഇപ്പോള്‍ ദിവസവും രാത്രി ബോള്‍ട്ടണ്‍ നൈറ്റിംഗെയില്‍ സെന്ററില്‍ തീവ്രമായ പരിശീലനമാണ് നടന്നുവരുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബോള്‍ട്ടണ്‍ തിരുന്നാളില്‍ മേളപ്പെരുക്കം തീര്‍ത്ത് ഭക്തിസാന്ദ്രമാക്കുവാനുള്ള ശ്രമത്തിലാണ് ബോള്‍ട്ടണ്‍ ബീറ്റ്‌സ് എന്ന് ടീം ലീഡര്‍ ജെയിന്‍ ജോസഫ് പറഞ്ഞു. 12 ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് കൊടിയേറ്റ് നടക്കുന്നതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബോള്‍ട്ടണ്‍ തിരുന്നാളിന് തുടക്കമാകും. ശനിയാഴ്ച വൈകുന്നേരം 6.30 ന് ദിവ്യബലി. പ്രധാന തിരുന്നാള്‍ദിനമായ 14 ാം തിയ്യതി ഞായറാഴ്ച രാവിലെ 10.45 ന് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയെതുടര്‍ന്ന് പ്രദക്ഷിണവും വെടിക്കെട്ടും, കലാസന്ധ്യയും അരങ്ങേറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.