1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2017

 

സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ കരയുദ്ധത്തിന് ശേഷമാണ് ഐഎസ് ദീര്‍ഘ നാളായി കൈവശംവച്ചിരുന്ന മൊസൂളിനെ തിരിച്ചു പിടിക്കാന്‍ ഇറാഖ് സൈന്യത്തിന് കഴിഞ്ഞത്. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ സൈന്യം വധിച്ചു. ടൈഗ്രിസ് നദിയുടെ പരിസര പ്രദേശങ്ങളും സൈന്യം നിയന്ത്രണത്തിലാക്കിയതാണ് റിപ്പോര്‍ട്ടുകള്‍. മൊസൂള്‍ വിമാനത്താവളം മാത്രമാണ് നിലവില്‍ ഭീകരരുടെ പിടിയിലുള്ളത്. ഇത് തിരികെ പിടിക്കാനുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൊസൂള്‍ നഗരത്തില്‍ സൈന്യത്തെ വരവേറ്റ് നഗരവാസികള്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഭീകരരുടെ ഒളിത്താവളങ്ങള്‍ ആക്രമിക്കാനും കണ്ടെത്താനും സൈന്യത്തെ സഹായിക്കാന്‍ സാധാരണ ജനങ്ങളും സജീവമായി രംഗത്തുണ്ട്. മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ മേഖല നേരത്തെ സൈന്യം കൈയടക്കിയിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ മൂന്നരലക്ഷത്തോളം കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു വിവരമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ് ദി ചില്‍ഡ്രന്‍ എന്ന ജീവകാരുണ്യ സംഘടന അറിയിച്ചു.18 വയസില്‍ താഴെയുള്ളവരെയാണ് കുട്ടികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. മുതിര്‍ന്നവരെക്കൂടി കൂട്ടിയാല്‍ ഏഴര ലക്ഷത്തോളം സിവിലിയന്മാര്‍ പടിഞ്ഞാറന്‍ മൊസൂളിലുണ്ടെന്നാണു കണക്ക്.

കുട്ടികളുടെ സുരക്ഷയ്ക്ക് ഇറാക്കി, യുഎസ് സൈനികരും മറ്റു പോരാളികളും മുന്‍ഗണന നല്‍കണമെന്ന് സേവ് ദി ചില്‍ഡ്രന്‍ സംഘടനയുടെ ഇറാക്കിലെ ഡയറക്ടര്‍ മൗറിസിയോ ക്രിവല്ലെരോ അഭ്യര്‍ഥിച്ചു.സ്‌കൂള്‍, ആശുപത്രി മന്ദിരങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. പടിഞ്ഞാറന്‍ മൊസൂളില്‍ കുടുങ്ങിയവര്‍ക്കു രക്ഷപ്പെടുക എളുപ്പമല്ല. പലായനം ചെയ്യാന്‍ ശ്രമിച്ചാല്‍ ഐഎസ് തന്നെ ഇവരെ നിഷ്‌കരുണം വധിക്കാനുള്ള സാധ്യത തള്ളാനാവില്ല. സൈന്യവും ഐഎസ് ഭീകരരും തമ്മിലുള്ള വെടിവയ്പിനിടയില്‍ സാധാരണക്കാര്‍ക്കും വെടിയേല്‍ക്കാമെന്ന അപകടവുമുണ്ട്. പടിഞ്ഞാറന്‍ മൊസൂളില്‍ ഭക്ഷ്യക്ഷാമം കൊടുന്പിരിക്കൊണ്ടിരിക്കുകയാണ്. പട്ടിണിയും രോഗങ്ങളുംമൂലം ജനജീവിതം ദുസ്സഹമായി.

പടിഞ്ഞാറന്‍ മൊസൂളില്‍നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കായി പ്രത്യേക സുരക്ഷാ ഇടനാഴി ഏര്‍പ്പെടുത്താന്‍ ഇറാക്ക് സൈന്യം തയാറാവണമെന്ന് ക്രിവല്ലെരോ നിര്‍ദേശിച്ചു. ടൈഗ്രീസ് നദി മൊസുള്‍ നഗരത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. കിഴക്കന്‍ മൊസൂളിന്റെ സമ്പൂര്‍ണ നിയന്ത്രണം ജനുവരി 24ന് ഇറാഖി സൈന്യം കൈയടക്കിയിരുന്നു. ഇറാഖി, യുഎസ് യുദ്ധവിമാനങ്ങളുടെ പിന്‍ബലത്തോടെയാണ് സംയുക്ത സേന പടിഞ്ഞാറന്‍ മൊസൂളിന്റെ വിമോചനത്തിനുള്ള പോരാട്ടം ആരംഭിച്ചത്. സിവിലിയന്മാര്‍ക്ക് ഉപദ്രവം ഉണ്ടാവാതെ നോക്കണമെന്നും മനുഷ്യാവകാശം മാനിക്കണമെന്നും യുദ്ധംനടത്തുന്ന സൈനികരോട് പ്രധാനമന്ത്രി അല്‍ അബാദി ടിവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.