1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2022

സ്വന്തം ലേഖകൻ: അവധിക്കാല യാത്രയ്ക്ക് എത്തുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് വൻ ടിക്കറ്റ് നിരക്ക് ഈടാക്കി വിമാന കമ്പനികൾ.പല വിമാന കമ്പനികളും മൽസരിച്ചാണു നിരക്ക് കുത്തനെ ഉയർത്തിയത്. അതേസയമം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് വലിയ നിരക്കു വർധനയില്ല. ജൂലൈ ഒന്നിനു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് 44,000 രൂപയാണ്. അതേദിവസം തിരുവനന്തപുരത്തു നിന്ന് അങ്ങോട്ട് പോകാൻ 12,000 രൂപയും. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല കമ്പനികളും വെട്ടിക്കുറച്ചുതുമാണു നിരക്ക് വർധനയ്ക്ക് ഇടയാക്കിയത്.

തിരുവനന്തപുരത്തേക്കുള്ള മറ്റു ചില വിമാനകമ്പനികളുടെ ജൂലൈ ഒന്നിലെ നിരക്ക് ചുവടെ: ദമാം–61716 രൂപ (ഇൻഡിഗോ), റിയാദ്–67811 (ഗൾഫ് എയർ), റിയാദ്–54663 (ശ്രീലങ്കൻ എയർലൈൻസ്), ദോഹ–42809 (എയർ ഇന്ത്യ എക്സ്പ്രസ്), കുവൈത്ത് –60045 (ഗൾഫ് എയർ), ഷാ‍ർജ –50086 (ഇൻഡിഗോ), ഷാർജ–59517 (എയർ അറേബ്യ), ദുബായ് –77184(എമിറേറ്റ്സ്), ദുബായ് –44012 (എയർ ഇന്ത്യാ എക്സ്പ്രസ്), അബുദാബി–63423 (എയർ അറേബ്യ). എന്നാൽ കേരളത്തിൽ നിന്നു തിരികെയുള്ള നിരക്ക് താരതമ്യേന കുറവാണ്. ലോക്ഡൗണിന്റെ ഭാഗമായി കേരളത്തിലേക്കുള്ള വിമാന സർവീസുകൾ പല എയർലൈൻസും ഗണ്യമായി കുറച്ചിരുന്നു.

എന്നാൽ പലരും ലോക്ഡൗൺ പിൻവലിച്ച ശേഷവും വിമാന സർവീസുകൾ പൂർണമായി പുനസ്ഥാപിച്ചില്ല. ഗൾഫിൽ നിന്നു 11 സർവീസുണ്ടായിരുന്ന എമിറേറ്റ്സിനു 7 പ്രതിവാര സർവീസുകളാണ് ഇപ്പോൾ ഉള്ളത്. എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻ‌ഡിഗോ എന്നിങ്ങനെ പല കമ്പനികളും സർവീസ് വെട്ടിക്കുറച്ചു. 25% സർവീസാണു വെട്ടിക്കുറച്ചത്. കോവിഡ് സമയത്ത് ഒട്ടേറെ പ്രവാസികൾ വീസ റദ്ദാക്കി നാട്ടിലേക്കു മടങ്ങിയിരുന്നു. അതിനാൽ ഇപ്പോൾ കേരളത്തിലേക്കുള്ള യാത്രക്കാരുടെ വരവിൽ അൽപം കുറവുണ്ട്. അല്ലെങ്കിൽ നിരക്ക് ഇനിയും വർധിക്കുമായിരുന്നു.

ഇപ്പോഴത്തെ അവധിക്കാല തിരക്കു കണക്കിലെടുത്തു അധിക സർവീസ് നടത്തിയാൽ നിരക്കു കുറയുമെന്നു കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റസ് പ്രസിഡന്റ് കെ.വി.മുരളീധരൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും തലസ്ഥാനത്തെ എംപിയുമാണു മുൻകൈ എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിരക്കു വർധനയിൽ ഇടപെടണമെന്ന് അഭ്യർഥിച്ചു സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നു ചില പ്രവാസികൾ പരാതിപ്പെട്ടു. ആ സമയം സർക്കാർ ലോക കേരള സഭയുടെ തിരക്കിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.