1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

ഭൂമിയേപ്പോലെ തോന്നിക്കുന്ന മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. സൌരയുഥത്തിന് പുറത്ത് ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെയായി കാണപ്പെട്ട ഈ ഗ്രഹം മനുഷ്യവാസയോഗ്യമെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്. നാസയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് വാര്‍ത്തക്കുറിപ്പ് പുറത്ത് വിട്ടത്.

കെപ്ലര്‍ ദൂരദര്‍ശിനിയാണ്‌ ഇത്തരം ഒര‌ു ഗ്രഹത്തെ കണ്ടെത്തിയത്. അതിനാല്‍ കെപ്ലര്‍- 22 ബി എന്നാണ്‌ പുതിയ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്‌. പുതിയ ഗ്രഹങ്ങള്‍ക്ക് വേണ്ടി നിരീക്ഷണം നടത്താന്‍ 2009ലാണ് നാസ കെപ്ലര്‍ ദൂരദര്‍ശിനി സ്ഥാപിച്ചത്.

ഭൂമിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള ഈ ഗ്രഹത്തില്‍ 22 സെ‌ല്‍‌ഷ്യസ് ആണ് കാലാവസ്ഥ. കെപ്ലര്‍‌-22 ബിയുടെ ഉപരിതലത്തിലുള്ള പദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇവിടെ ജലം ഉണ്ടെന്നാണ് ശാസ്ത്ര സംഘം കരുതുന്നത്. അതിനാല്‍ തന്നെ ജീവന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഭൂമിയോട് സാദൃശ്യമുള്ള ഒര‌ു ഗ്രഹം ഇതാദ്യമായാണ് കണ്ടെത്തുന്നത്.

എന്നാല്‍ ഈ ഗ്രഹം പാറക്കല്ലുകള്‍ നിറഞ്ഞതാണോ വാതകങ്ങളോ ദ്രാവകങ്ങളോ നിറഞ്ഞതാണോ എന്നൊന്നും തീരുമാനിക്കാനായിട്ടില്ല. ജീവനു പറ്റിയ സാഹചര്യമുണ്ടെന്നല്ലാതെ അവിടെ ജീവനുണ്ടോ എന്ന് എളുപ്പത്തില്‍ ഉറപ്പിക്കാനാവുകയുമില്ല. ഇപ്പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ ഭൂമിക്കു പുറത്തുള്ള ജീവന് വേണ്ടത് എന്ന കാര്യത്തിലും ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല.

ബഹിരാകാശത്തു നിലയുറപ്പിച്ച് അകലെയുള്ള 1,50000നക്ഷത്രങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന കെപ്ലര്‍ ദൂരദര്‍ശിനിക്ക് ഈ നക്ഷത്രങ്ങള്‍ക്കു മുന്നിലൂടെ എതെങ്കിലും ഗോളം കടന്നുപോകുന്നത് ഒപ്പിയെടുക്കാനാകും. കണ്ടെത്തുന്ന ഗോളം ഗ്രഹമാണോ എന്നു നിര്‍ണയിക്കാനും അവിടത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനും തുടര്‍ നിരീക്ഷണങ്ങള്‍ നടത്തും. അങ്ങനെ കണ്ടെത്തിയ 2326 ഗോളങ്ങളില്‍ 54 എണ്ണം ജീവനു സാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഒന്നായിരുന്നു കെപ്ലര്‍ 22 ബി. മൂന്നു തവണ നക്ഷത്രത്തിനു മുന്നിലൂടെ കടന്നുപോയതിനു ശേഷമാണ് ഈ ഗ്രഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് നാസയുടെ കെപ്ലര്‍ ദൗത്യത്തിന്റെ മേധാവി വില്യം ബോറൂക്കി പറഞ്ഞു. അതുകൊണ്ടാണ് സ്ഥിരീകരണത്തിന് രണ്ടുവര്‍ഷത്തിലേറെ വേണ്ടിവന്നത്.

സൗരയൂഥത്തിനു പുറത്ത് ഇതുവരെ 708 ഗ്രഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ചിലതെങ്കിലും ജീവന് അനുകൂല സാഹചര്യങ്ങളുള്ളതാണെന്ന് ഗവേഷകര്‍ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ കെപ്ലര്‍ 22ബിയെപ്പോലെ ഇത്രയും അനുകൂല ഘടകങ്ങള്‍ അവയിലൊന്നിനുമില്ലെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.