1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2012

ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാ അത്തുദ്ദവ മേധാവിയുമായ ഹാഫിസ് മുഹമ്മദ് സയ്യിദിനെതിരെ ആര്‍ക്കെങ്കിലും തെളിവുലഭിച്ചാല്‍ അതു പാകിസ്താനു കൈമാറണമെന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ആവശ്യപ്പെട്ടു. പാകിസ്താനിലെ കോടതികള്‍ അതു പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സയ്യിദിന്റെ പ്രശ്‌നം പാകിസ്താന്റെ അഭ്യന്തരകാര്യമാണെന്ന് ഗീലാനി ആവര്‍ത്തിച്ചു.

പാകിസ്താനിലെ കോടതികള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിന്ധ്പ്രവിശ്യയിലെ ഹൈദരാബാദ് നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഗീലാനി പറഞ്ഞു. സയ്യിദിനെ അറസ്റ്റ് ചെയ്യാന്‍ തക്കതായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് 50 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാരിതോഷിക പ്രഖ്യാപനത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍, ഇന്ത്യയും അമേരിക്കയുമായി പാകിസ്താന് ഉഭയകക്ഷിബന്ധം നിലവിലുണ്ടെന്നും സയ്യിദ് പ്രശ്‌നം ആ രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നും ഗീലാനി അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്താനിലെ നാറ്റോ സൈനികര്‍ക്കുസാധനങ്ങളെത്തിക്കുന്നതിനുള്ള പാതകള്‍ തുറക്കുന്നതു സംബന്ധിച്ച് പാക് പാര്‍ലമെന്റ് തീരുമാനമെടുക്കുമെന്ന് ഗീലാനി പറഞ്ഞു. വിതരണ പാതകള്‍ തുറക്കുന്നതു സംബന്ധിച്ചും അമേരിക്കയുമായും നാറ്റോയുമായും പുതിയ ബന്ധം സൃഷ്ടിക്കുന്നതു സംബന്ധിച്ചും ദേശീയ അസംബ്ലിയുടേയും സെനറ്റിന്റെയും സംയുക്തസമ്മേളനം ചര്‍ച്ച ചെയ്തുവരികയാണെന്നും ഗീലാനി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നാറ്റോ ആക്രമണത്തെത്തുടര്‍ന്ന് 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ നാറ്റോ സൈനികര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന പാത പാകിസ്താന്‍ അടച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.