1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: കൊവഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ ശ്രമങ്ങള്‍ ആണ് ബഹ്റൈന്‍ നടത്തുന്നത്. രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കുന്നതിനായി വലിയ പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂവിസ്തൃതിയില്‍ 60 ശതമാനം പുതിയ പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. സ്പോർട്സ് സിറ്റി, വിമാനത്താവളം, മെട്രോ പദ്ധതി, പുതിയ നഗരങ്ങൾ, തുടങ്ങിയ വൻ പദ്ധതികളാണ് ഒരുങ്ങുന്നത്.

കൂടാതെ നിക്ഷേപകരെ രാജ്യത്തേക്ക് ആകാര്‍ഷിക്കാന്‍ വേണ്ടി നിയമങ്ങള്‍ ലഘൂകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഈ പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ ആണ് ലക്ഷ്യം വെക്കുന്നത്. 30 ബില്യൺ ഡോളർ നിക്ഷേപമാണ് സര്‍ക്കാര്‍ രാജ്യത്ത് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, ടെലികോം, ആരോഗ്യം, ഉൽപാദനം, എന്നിവയുൾപ്പെടെ 22 സുപ്രധാന മേഖലകളിലാണ് ആദ്യം നിക്ഷേപത്തിന് ഒരുങ്ങുന്നത്. ‘സാമ്പത്തിക ദർശനം 2030’പദ്ധതിയുടെ ഭാഗമായാണ് പുതുതായി ഈ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബഹ്‌റൈനിലെ ഏറ്റവും പ്രധാന മൂലധന നിക്ഷേപ പദ്ധതികളിൽ ഒന്നാണ് ധനകാര്യ വകുപ്പ്. കൊവിഡ് പടര്‍ന്ന് പിടിച്ച് സാഹചര്യത്തില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. രാജ്യത്തെ യുവജനങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍ക്കുന്നതും ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് ബഹ്റെെന്‍റെ പദ്ധതി.

ബഹ്റൈന്‍റെ മൊത്തം ഭൂവിസ്തൃതി 60 ശതമാനം വര്‍ധിപ്പിക്കും, അഞ്ച് ദ്വീപ് നഗരങ്ങൾ നിർമിക്കാൻ ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 183 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഫാഷ്ത് അൽ ജാരിം എന്ന ഏറ്റവും വലിയ നഗരം സ്ഥാപിക്കും. ഇതില്‍ റസിഡൻഷ്യൽ, ലോജിസ്റ്റിക്സ്, ടൂറിസം ഹബുകളും പുതിയ വിമാനത്താവളങ്ങളും നിര്‍മ്മിക്കും. 25 കിലോമീറ്റർ നീളത്തിൽ നാലുവരിയിൽ ആണ് കിങ് ഹമദ് കോസ്‌വേ പാത നിര്‍മ്മിക്കുന്നത്. ഇത് സൗദിയുമായും മറ്റു ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം ഉറപ്പിക്കും, വ്യാപാരവും സഞ്ചാരവും സുഖമാക്കും. കൂടാതെ മറ്റു രാജ്യങ്ങളുമായുള്ള സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധിക്കും.

രാജ്യത്ത് ഏറ്റവും വലിയ സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉൾക്കൊള്ളുന്നതിനാണ് സ്പോര്‍സ് സിറ്റി എന്ന പേരില്‍ ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കൂടാതെ നിരവധി ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിനോദ പരിപാടികൾ, സ്പോർട്സ് എന്നിവയുടെ കേന്ദ്രമായി ബഹ്റൈന്‍ എന്ന രാജ്യത്തെ മാറ്റി എടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ബഹ്റെെനിലെ സഖീറിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ മിഡിലീസ്റ്റിലെ ഏറ്റവും വലിയ കോൺഫറൻസ് സിറ്റി ആയിരിക്കും. കൂടാതെ ബഹ്റെെന്‍റെ പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ‘ടൂറിസ്റ്റ് സിറ്റി’യിൽ നിരവധി റിസോർട്ടുകളാണ് പണിയുന്നത്. രാജ്യത്തേക്ക് ടൂറിസ്റ്റുകളെ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

രാജ്യത്ത് നിർമാണത്തിനൊരുങ്ങുന്ന പുതിയ മെട്രോ ആണ് അടുത്തതായി വരാന്‍ പോകുന്നത്. കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍ക്കുന്നത്. 109 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ ശൃംഖലയാണ് നിര്‍മ്മിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കും.

20 സ്റ്റേഷനുകൾ ഉൾപ്പെടുന്ന മെട്രോയുടെ ആദ്യഘട്ടം ബഹ്‌റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമയെയും ഡിപ്ലോമാറ്റിക് ഏരിയയെയും ബന്ധിപ്പിച്ച് സീഫ് വരെ നീളുന്നതാണ്. ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ വലിയ വികസനം ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഫൈബർ ഒപ്റ്റിക്സ് ശൃംഖല വഴി ടെക്നോളജി രംഗത്ത് നിക്ഷേപം നടത്താന്‍ ബഹ്റൈന്‍ ലക്ഷ്യം വെക്കുന്നുണ്ട്. പുതുതലമുറക്കായി ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾക്ക് വര്‍ധിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.