ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയമായ താരമാണ് ദീപിക പദുകോണ്‍. തെന്നിന്ത്യന്‍ താരരാജാവ് രജനികാന്തിന്റെ നായികയായി അഭിനയിക്കണമെന്നതാണ് ദീപികയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന്. കഴിഞ്ഞവര്‍ഷം പൂജവരെ പൂര്‍ത്തിയായ റാണ എന്ന ചിത്രത്തില്‍ രജനിയുടെ നായികയായി അഭിനയിക്കാന്‍ ദീപിക ചെന്നൈയിലെത്തിയതായിരുന്നു. എന്നാല്‍ സ്റ്റൈല്‍മന്നന്റെ അസുഖത്തെ തുടര്‍ന്ന് ആ പ്രോജക്ട് ഓഴിവാക്കിയപ്പോള് ഏറെ നിരാശയായാണ് ദീപിക മുംബയിലേക്ക് മടങ്ങിയത്.
ദീപികയുടെ സ്വപ്നം സഫലമാകാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. രജനികാന്തിനെ നായകനാക്കി മകള്‍ സൗന്ദര്യ ഒരുക്കുന്ന കൊച്ചടിയാന് എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാമെന്ന് നേരത്തെ സമ്മതിച്ച കത്രീന കൈഫ് പിന്മാറിയതോടെയാണ് ദീപികയ്ക്ക് നറുക്ക് വീണത്. ട്വിറ്റര്‍ പോസ്റ്റിലൂടെ സൗന്ദര്യ തന്നെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
കൊച്ചടിയാന് എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ട അന്നുമുതല്‍ നായികമാരെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു മാധ്യമങ്ങള്‍ നിറയെ. ചിത്രത്തില്‍ രജനിയുടെ നായികയാകുമെന്ന് പ്രചരിക്കപ്പെട്ടവരുടെ പട്ടികയില്‍ കോളിവുഡ് നടി അനുഷ്ക, ബോളിവുഡ് താരങ്ങളായ വിദ്യാ ബാലന്, അസിന് തുടങ്ങിയവരും ഉണ്ടായിരുന്നു. ഒടുവില്‍ ദീപിക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ കൊച്ചടിയാനില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണെന്ന് ദീപിക പദുകോണ്‍ പറയുന്നു.
ത്രീ ഡി ചിത്രമായി പുറത്തിറങ്ങുന്ന കൊച്ചടിയാനില്‍ മലയാളത്തിലെ യുവതാരം പൃഥ്വിരാജ്, നടി ശോഭന, തെന്നിന്ത്യന്‍ നായിക സ്നേഹ എന്നിവരും അഭിനയിക്കുന്നുണ്ട്. രജനിയുടെ സഹോദരിയായി വേഷമിടുന്ന സ്നേഹയുടെ കാമുകനായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചരിത്രകഥ പറയുന്ന ചിത്രത്തില്‍ ഒരു നാട്ടുരാജാവായാണ് രജനികാന്ത് അഭിനയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല