1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മക്രോണ്‍ തരംഗം, ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മക്രോണ്‍. ലോകം മുഴുവന്‍ ഉറ്റു നോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍ മാര്‍ഷേ സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മക്രോണ് 66 ശതമാനം വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കരുത്തയായ എതിരാളിനാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ ലെ പെന്നിനെയാണ് മക്രോണ്‍ പരാജയപ്പെടുത്തിയത്.

ലെ പെന്നിന് നേടാനായത് 33.9 ശതമാനം വോട്ട് മാത്രമാണ്. 39 കാരനായ മക്രോണ്‍ ഫ്രാന്‍സിന്റെ 59 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും. ഫ്രാന്‍സിലെ പ്രധാന രണ്ടു പാര്‍ട്ടികള്‍ക്ക് പുറത്ത് നിന്നും സ്വന്തന്ത്രനായി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യയാള്‍ കൂടിയാണ് മക്രോണ്‍. ഫ്രഞ്ച് ചരിത്രത്തില്‍ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെ പുതിയ താള്‍ കൂടി ചേര്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇത് നിങ്ങളുടെയും ഫ്രാന്‍സിന്റെയും വിജയമാണെന്നും ഫലം പുറത്തുവന്നപ്പോള്‍ മാക്രോണ്‍ പ്രതികരിച്ചു.

താന്‍ പ്രസിഡന്റാകുന്നത് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്നും ഫ്രാന്‍സിനെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നുമായിരുന്നു അനുയായികള്‍ക്ക് മുന്നില്‍ മക്രോണ്‍ പറഞ്ഞത്. മുന്‍ ബാങ്കറും യുറോപ്യന്‍ യൂണിയന്റെ ശക്തനായ വക്താവുമായ മക്രോണിന്റെ വിജയം യൂറോപ്യന്‍ യൂണിയനും ആശ്വാസമായി. ജയിച്ചാല്‍ ബ്രിട്ടന്റെ വഴിയെ ഇയു വിടുമെന്ന് ലെ പെന്‍ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദേയുടെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ വിട്ട് എന്‍മാര്‍ഷേ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി അതിന് കീഴിലായിരുന്നു മാക്രോണ്‍ മത്സരിച്ചത്. തന്റേത് ഇടതുപക്ഷമോ വലതുപക്ഷമോ അല്ലെന്നായിരുന്നു മാക്രോണ്‍ പ്രചാരണ സമയത്ത് പറഞ്ഞിരുന്നത്. മക്രോണ്‍ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു. വിജയത്തെ തുടര്‍ന്ന് പാരീസിലെ ലൗറേ മ്യൂസിയത്തിന് പുറത്ത് പാര്‍ട്ടിയുടെ കൊടികളും മറ്റും വീശി മക്രോണ്‍ അനുയായികള്‍ ആഹ്‌ളാദ പ്രകടനം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.