1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2020

സ്വന്തം ലേഖകൻ: ഗാലപ്പഗോസ് ദ്വീപുകളുടെ ഭാഗമായ സാന്താക്രൂസ് ദ്വീപിലെ ഭീമൻ ആമ സ്വന്തം വംശത്തെ രക്ഷിക്കാൻ സംഭാവന ചെയ്തത് 800 ആമക്കുഞ്ഞുങ്ങള്‍! വംശനാശത്തിന് അടിപ്പെടാതെ സ്വന്തം വംശത്തെ നിലനിര്‍ത്തുന്നതില്‍ ഈ ഭീമന്‍ ആമ വഹിച്ചത് നിര്‍ണായക പങ്കാണ്.

ഡിയേഗോ എന്നാണ് ഈ ആമയുടെ പേര്. കെലോനോയിഡിസ് ഹൂഡെന്‍സിസ് എന്ന സ്പീഷിസില്‍ പെടുന്നു ഡിയേഗോ. ഇത്തരം ആമകളെ വംശനാശത്തില്‍നിന്ന് സംരക്ഷിക്കുന്നതിനായി ഇക്വഡോര്‍ പരിസ്ഥിതി വകുപ്പ് 1960ല്‍ ആരംഭിച്ച 50 വര്‍ഷം നീണ്ടുനിന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ ആമ 800 കുഞ്ഞുങ്ങളുടെ പിതാവായത്.

പ്രജനന പദ്ധതിയുടെ തുടക്കത്തില്‍ കെലോനോയിഡിസ് ഹൂഡെന്‍സിസിന്റെ വംശവര്‍ധനയ്ക്കായി 12 പെണ്‍ ആമകളും രണ്ട് ആണ്‍ ആമകളുമാണ് ഉണ്ടായിരുന്നത്. 50 വര്‍ഷംകൊണ്ട് ഈ പ്രജനന പദ്ധതിയിലൂടെ രണ്ടായിരം ആമക്കുഞ്ഞുങ്ങള്‍ക്കാണ് ജന്‍മം നല്‍കിയത്. ഇതില്‍ 800 എണ്ണത്തിനും പിതാവായത് ഡിയേഗോ ആയിരുന്നു. അതായത്, നിലവില്‍ സാന്താക്രൂസ് ദ്വീപിലുള്ള ഈ വിഭാഗത്തില്‍പ്പെടുന്ന ആമകളില്‍ 40 ശതമാനവും ഡിയേഗോയുമായി രക്തബന്ധമുള്ളവരാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രജനന പദ്ധതിയുടെ ആരംഭകാലത്ത് സാന്‍ ഡിയേഗോ മൃഗശാലയിലാണ് ഡിയേഗോ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഡിയേഗോയ്ക്ക് 100 വയസ്സിലേറെ പ്രായമുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ പകുതി കാലയളവും ഡിയേഗോ പ്രജനനപദ്ധതിയുടെ ഭാഗമായിരുന്നു.

കെലോനോയിഡിസ് ഹൂഡെന്‍സിസ് വിഭാഗത്തില്‍പ്പെടുന്ന ആമകളുടെ എണ്ണം ദ്വീപില്‍ വേണ്ടത്ര ഉയര്‍ന്നതായി വ്യക്തമായതിനെ തുടര്‍ന്ന് അടുത്തിടെ ഇക്വഡോര്‍ പരിസ്ഥിതി മന്ത്രാലയം ഈ പ്രജനന പദ്ധതി നിര്‍ത്തലാക്കിയിരുന്നു. ഇതോടെ ഡിയേഗോയെയും പ്രജനനത്തിനായി വളര്‍ത്തിയിരുന്ന മറ്റുള്ള ആമകളെയും കാട്ടിലേയ്ക്ക് തുറന്നുവിട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.