നയന്‍താര വീണ്ടും അഭിനയിക്കാന്‍ പോകുന്ന വാര്‍ത്ത ആരാധകരെ ആഹ്ലാദത്തില്‍ ആഴ്ത്തിയിരിക്കാം. എന്നാല്‍ സീതയായി തെലുങ്കില്‍ അഭിനയിച്ച ശേഷം താനിനി ഒരു സിനിമയിലും അഭിനയിക്കില്ലെന്നും പ്രഭുദേവയുടെ കൂടെ നല്ല വീട്ടമ്മയായി കഴിയും എന്നൊക്കെ പറഞ്ഞ നയന്‍താര എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് നെറ്റിലും ടിവിയിലും പത്ര മാഗസിനുകളിലും ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. നയനും പ്രഭുവും ഉടക്കി എന്നുതന്നെയാണ് എല്ലാവരും കരുതുന്നത്.
ചെന്നൈ ബോട്ട് ക്ലബിന് സമീപത്തുള്ള ഒരു ബംഗ്ലാവ് വാങ്ങി അവിടെ താമസിക്കാം എന്നായിരുന്നു പ്രഭുദേവയുടെയും നയന്‍താരയുടെയും തീരുമാനം. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഇരുവരും ചെന്നൈയിലെ കടകള്‍ കയറി ഇറങ്ങുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തം കുട്ടികളോടുള്ള പ്രഭുദേവയുടെ സ്നേഹമാണത്രെ എല്ലാം കലക്കിമറിച്ചത്.
കല്യാണക്കാര്യം എല്ലാം പറഞ്ഞുറപ്പിച്ച് കേരളത്തിലെ വീട്ടിലെത്തിയ നയന്‍താര അറിഞ്ഞ വിശേഷം പ്രഭുദേവ മക്കളുമായി അടിച്ച് പൊളിച്ച് നടക്കുകയാണ് എന്നായിരുന്നു. സത്യാവസ്ഥ അറിയാന്‍ പ്രഭുവിനെ നയന്‍താര വിളിച്ചെങ്കിലും കുട്ടികളുടെ മുമ്പില്‍ വച്ച് സംസാരം വേണ്ടെന്ന് കരുതി പ്രഭുദേവ ഫോണ്‍ കട്ട് ചെയ്തത്രെ! റംലത്തിന്റെ കുട്ടികളെ പ്രഭുദേവ കാണാന്‍ പാടില്ലെന്ന് നയന്‍താര നിബന്ധന വച്ചതായും അണിയറ വര്‍ത്തമാനമുണ്ട്.
വഴക്ക് പറഞ്ഞ് അവസാനിപ്പിക്കാം എന്ന് കരുതി പ്രഭുദേവ, നയന്‍താരയുടെ കേരളത്തിലുള്ള വീട്ടില്‍ എത്തിയെങ്കിലും ഒന്ന് കാണാന്‍ പോലും നയന്‍താര സമ്മതിച്ചില്ലത്രെ. തുടര്‍ന്ന് ചെന്നൈയിലേക്ക് പ്രഭുദേവ തിരിച്ചുപോയെങ്കിലും വഴക്ക് തീര്‍ക്കാനുള്ള ഒരു ശ്രമവും ഇരുവരുടെ പക്കല്‍ നിന്നും ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് തെലുങ്കില്‍ നാഗാര്‍ജ്ജുനന്റെ നായികയായും തമിഴില്‍ അജിത്തിന്റെ നായികയായും അഭിനയിക്കാന്‍ നയന്‍താര കോള്‍ഷീറ്റ് കൊടുത്തത്.
നയന്‍താരയെ വിശ്വസിച്ചവര്‍ക്ക് അധോഗതിയാണെന്ന് താന്‍ അന്നേ മുന്‍ ഭര്‍ത്താവായ പ്രഭുദേവയോട് പറഞ്ഞിരുന്നുവെന്ന് റംലത്ത് ഏറ്റവും പുതിയ ‘കുമുദം’ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നയന്‍താരയെയും വിശ്വസിച്ച് ചാടിയിറങ്ങിയാല്‍ ഇതൊക്കെ തന്നെയാണ് നടക്കുക എന്ന് താന്‍ മുന്നറിയിപ്പ് കൊടുത്തിരുന്നതായും റംലത്ത് വെളിപ്പെടുത്തുന്നു. സ്വന്തം മക്കളെ കാണാന്‍ പ്രഭുദേവയെന്ന പിതാവിന് നയന്‍താരയുടെയല്ല, ആരുടെയും അനുമതി വേണ്ടെന്നും റംലത്ത് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല