1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2011

ഗുണ്ടാനേതാവിനെ പോലീസ്‌ വെടിവച്ചുകൊന്നതിനെ തുടന്നുണ്ടായ കലാപം രാജ്യമാകമാനം പടരുന്നു.ആളിപ്പടരുന്ന കലാപത്തില്‍ മലയാളിയും ആക്രമിക്കപ്പെടതായി എന്‍ ആര്‍ ഐ മലയാളിക്ക് വിവരം ലഭിച്ചു.ബാര്‍ക്കിങ്ങിലെ മെഴ്സിഡസ് ബെന്‍സ്‌ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉണ്ണി എസ് പിള്ളയാണ് ഇന്നലെ രാത്രി ഒരുമണിയോടെ ജോലിസ്ഥലത്ത് ആക്രമിക്കപ്പെട്ടുതാണ് .

ആക്രമിക്കപ്പെട്ട വിവരം എന്‍ ആര്‍ ഐ മലയാളി പ്രതിനിധിയോട് ഉണ്ണി വിവരിച്ചതിങ്ങനെ :

ഇരുന്നൂറോളം ആഡംബര കാറുകള്‍ സൂക്ഷിച്ചിരുന്ന ഷോറൂമില്‍ ഇന്നലെ രാത്രി ഡ്യൂട്ടിക്ക് ഉണ്ണി മാത്രമാണുണ്ടായിരുന്നത്.രാത്രി ഒരു മണിയോടെ മതില്‍ ചാടിക്കടന്ന് അകത്തു പ്രവേശിച്ച ഇരുപതോളം മുഖം മൂടിധാരികളാണ് ആക്രമണം നടത്തിയത്.അക്രമികള്‍ മതില്‍ ചാടിക്കടക്കുന്നത് കണ്ടയുടനെ ഉണ്ണി പോലീസിനെയും സെക്യൂരിറ്റി ഇന്‍ ചാര്‍ജിനെയും വിളിച്ചു.പോലീസ്‌ ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെ വാതില്‍ തല്ലിപ്പൊളിച്ച് അക്രമികള്‍ അകത്തു കടന്നു വന്നു.

അകത്തു കടന്നയുടന്‍ ഉണ്ണിയുടെ കയ്യിലിരുന്ന ഐ ഫോണ്‍ കൈക്കലാക്കിയ അക്രമികള്‍ ഉണ്ണിയുടെ തലയ്ക്കും മുഖത്തും ടോര്‍ച്ച് പോലെ തോന്നിക്കുന്ന വസ്തു കൊണ്ടടിച്ചു.കൂടുതല്‍ അടിക്കുന്നതില്‍ നിന്നും അക്രമികളില്‍ ഒരാള്‍ തന്നെ സംഘാന്ഗത്തെ വിലക്കി.
തുടര്‍ന്ന് പുറത്തു കിടക്കുന്ന കാറുകളുടെ താക്കോല്‍ അക്രമികള്‍ ആവശ്യപ്പെട്ടു.താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന മുറി ചൂണ്ടിക്കാണിച്ച ഉണ്ണിയോട് തറയില്‍ കമഴ്ന്നു കിടക്കാന്‍ നിര്‍ദേശിച്ച അക്രമികള്‍ മുറിയുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു.ഈ മുറി നമ്പര്‍ ലോക്ക് ഉപയോഗിച്ച് പൂട്ടിയതായിരുന്നു.തുറക്കാനുള്ള ശ്രമം പാളിയപ്പോള്‍ സംഘം പുറത്തിറങ്ങി.

ഈ തക്കത്തിന് മതില്‍ ചാടി ഓടി രക്ഷപെട്ട ഉണ്ണി അടുത്തുള്ള പാകിസ്ഥാനിയുടെ ഗാരേജില്‍ ഓടിക്കയറി.ഗാരേജ് ഉടമസ്ഥനോട് സംഭവം വിവരിച്ച അദ്ദേഹം അവിടെ നിന്നും പോലീസിനെ വിളിച്ചു.അക്രമികള്‍ പുറകെയുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച ഉണ്ണിയെ പാകിസ്ഥാനി സുരക്ഷിതമായി ഇരുത്തി.

ഏകദേശം പതിനഞ്ചു മിനിറ്റിനുള്ളില്‍ രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തി.ഇവര്‍ക്കൊപ്പം ഉണ്ണിയും ഷോറൂമിലെത്തി.ഈ സമയം കൊണ്ട് കൂടുതല്‍ പോലീസുകാരും സെക്യൂരിറ്റി ഇന്‍ ചാര്‍ജും സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. മോഷണമായിരുന്നിരിക്കണം അക്രമികളുടെ ലക്ഷ്യമെന്ന് ഉണ്ണി പറഞ്ഞു.

കൃത്യനിര്‍വ്വഹണതിനിടയിലെ ആക്രമണത്തിന്റെ പരിഭ്രാന്തിക്കിടയില്‍ ഇന്നലെ രാത്രി പരിക്ക് നിസ്സാരമെന്നു തോന്നിയതിനാല്‍ ആംബുലന്‍സ്‌ വിളിക്കാമെന്ന പോലീസ്‌ നിര്‍ദേശം ഉണ്ണി നിരാകരിച്ചിരുന്നു.പക്ഷെ ഇന്ന് രാവിലെ വേദന അനുഭവപ്പെട്ടതിനാല്‍ ഉണ്ണിയും ഭാര്യ സിന്ധുവും ജി പി സെന്ററിലേക്ക് പോയിരിക്കുകയാണ്.45 കാരനായ ഉണ്ണി നാട്ടില്‍ ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.