അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ വിശുദ്ധവാരത്തിലേക്ക് ഭക്തിയോടെ പ്രവേശിച്ചു. ഇന്നലെ മാഞ്ചസ്റ്ററിന്റെ നാനാഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ വിശ്വാസികള്‍ വിശ്വാസത്തോടെയും, ഭക്തിയോടെയും ആഘോഷിച്ചു.
സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ.പ്രദീഷ് പുളിക്കല്‍ സി.എം.ഐ നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പും, വിതരണവും തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു. ദിവ്യണ്ടിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. ട്രഫോര്‍ഡില്‍ റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസികള്‍ക്ക് കുരുത്തോല ആശീര്‍വദിച്ച് വിതരണം ചെയ്തു. തുടര്‍ന്ന് ദിവ്യ ബലിയും മറ്റ് ശുശ്രൂഷകളും ഉണ്ടായിരുന്നു.
വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത് ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന് അരങ്ങാശ്ശേരി മുഖ്യ കാര്‍മ്മികനായിരുന്നു. ദേവാലയത്തിന് പുറത്ത് മാതാവിന്റെ ഗ്രോട്ടോയ്ക്ക് സമീപം കുരുത്തോല വെഞ്ചിരിപ്പും,വിതരണവും തുടര്‍ന്ന് പ്രദക്ഷിണമായി വിശ്വാസികള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചു.തുടര്‍ന്ന് ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടന്നു. മാതൃവേദിയുടെ നേതൃത്വത്തില്‍ കോഴിക്കൊട്ട വിതരണവും നടന്നു.
ഷ്രൂസ് ബറി രൂപതാ ക്നാനായ ചാപ്ലിയന്‍സിയില്‍ വിഥിന്‍ഷോ പീല്ഹാള്
സെന്റ്. എലിസബത്ത് ദേവാലയത്തില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന് രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്കി. കുരുത്തോല വെഞ്ചിരിപ്പിനും വിതരണത്തിനും ശേഷം ഇടവകാംഗങ്ങള്‍ കുരുത്തോലയുമേന്തി ഭക്തിപൂര്‍വ്വം പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ദിവ്യബലിയും മറ്റ് ശുശ്രൂഷകളും ഉണ്ടായിരുന്നു.
ബോള്ട്ടന് സെന്റ്.ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ റവ.ഫാ.വര്‍ഗ്ഗീസ് മാത്യു മുഖ്യകാര്‍മികനായി ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടന്നു. കുരുത്തോല വെഞ്ചിരിച്ച് വിതരണം ചെയ്തു. അനേകം വിശ്വാസികള്‍ ദിവ്യബലിയിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്നു.
സെയില്‍ മൂര്‍ സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ സെന്റ്.മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് വികാരി റവ.ഫാ.പീറ്റര്‍ കുര്യാക്കോസ് നേത്യത്വം നല്കി. കുരുത്തോല വെഞ്ചിരിച്ച് വിതരണം ചെയ്തു. ഇടവകാംഗങ്ങള്‍ ഭക്തി പുരസ്സരം വി.കുര്‍ബ്ബാനയിലും മറ്റ് ശുശ്രൂഷകളിലും പങ്ക് ചേര്‍ന്നു.
മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ക്നാനായ ചര്‍ച്ചില്‍ നടന്ന ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ.ഫാ.സജി എബ്രഹാം നേതൃത്വം കൊടുത്തു.കുരുത്തോലയും കൈകളിലേന്തി ജനങ്ങള്‍ വിശ്വാസ ചൈതന്യത്തില്‍ നിറഞ്ഞ് ശുശ്രൂഷകളില്‍ പങ്ക് ചേര്‍ന്നു.
താബോര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ഓശാന ഞായര്‍ ശുശ്രൂഷകള്‍ റവ.ഫാ.അലക്സാണ്ടര്‍ തരകന് നേതൃത്വം നല്കി.വിതിംഗ്ടണ്‍ ഹോളി ഇന്നസെന്റ് ചര്‍ച്ചിലാണ് ശുശ്രൂഷകള്‍ നടന്നത്. അനേകം വിശ്വാസികള്‍ ശുശ്രൂഷകളില്‍ ഭക്തി പുരസ്സരം പങ്ക് ചേര്‍ന്നു.

















നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല