1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2015

സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമെന്ന് രേഖപ്പെടുത്താന്‍ സമ്മര്‍ദം ഉണ്ടായതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോക്ടര്‍ വെളിപ്പെടുത്തി. സുനന്ദയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സംഘത്തില്‍ അംഗമായിരുന്ന ഡോ ആദര്‍ശ് കുമാറാണ് തങ്ങള്‍ക്കു മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി സമ്മതിച്ചത്.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം സംഘത്തെ നയിച്ച ഫൊറന്‍സിക് വകുപ്പു തലവന്‍ ഡോ സുധീര്‍ കെ ഗുപ്തക്കു പകരം പുതിയ ആളെ നിയമിക്കാന്‍ അനുമതി തേടി എയിംസ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വാഭാവിക മരണമെന്നു റിപ്പോര്‍ട്ടില്‍ എഴുതണമെന്ന് യുപിഎ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് സമ്മര്‍ദം ചെലുത്തിയെന്ന് സുധീര്‍ ഗുപ്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സുധീറിനും ആദര്‍ശിനും പുറമേ ഡോ ശശാങ്ക് പുനിയയും പോസ്റ്റ്‌മോര്‍ട്ടം സംഘത്തിലുണ്ടായിരുന്നു. ശരീരത്തില്‍ പ്രവേശിച്ച വിഷാംശമാണ് മരണകാരണമെന്നായിരുന്നു സെപ്റ്റംബറില്‍ എയിംസില്‍ നിന്നു നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഏതു തരത്തിലുള്ള വിഷമെന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ആന്തരിക അവശിഷ്ടങ്ങള്‍ യുഎസിലെ അന്വേഷണ ഏജന്‍സിക്കു കൈമാറി. ഇതിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പല തലങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെങ്കിലും അതിനു കീഴ്‌പ്പെട്ടില്ലെന്ന് ആദര്‍ശ് കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയ്ക്ക് അയച്ച കത്തില്‍ പറയുന്നു. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഫൊറന്‍സിക് വകുപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. എം.സി. ശര്‍മ സഹകരിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. സമാനമായ ആരോപണങ്ങളുമായി ഡോ. സുധീര്‍ ഗുപ്തയും മന്ത്രിക്കു കത്തയച്ചിട്ടുണ്ട്. എംയിസ് ഡയറക്ടറും തരൂരുമായി കൈമാറിയ ഇ മെയിലുകളെ കുറിച്ചും സുധീറിന്റെ കത്തില്‍ പരാമര്‍ശമുണ്ട്.

സുധീറിനു പകരം ഡോ. ഡി.എന്‍. ഭരദ്വാജിനെ ഫൊറന്‍സിക് വകുപ്പു തലവനായി നിയമിക്കാനാണ് ഡയറക്ടര്‍ ഹൈക്കോടതിയുടെ അനുമതി തേടിയിരിക്കുന്നത്. സുധീറിനെ മാറ്റുന്നതിനു മുന്‍പ് അനുമതി തേടിയിരിക്കണമെന്ന് മാര്‍ച്ച് 25 ലെ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയിംസ് ഡയറക്ടറുടെ നടപടി. ജൂലൈ 23നു വിഷയം പരിഗണിക്കും. 2014 ജനുവരി 17 നാണ് ചാണക്യപുരിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.