1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2020

സ്വന്തം ലേഖകൻ: നിസാന്‍, റെനോ, മിത്സുബിഷി എന്നീ പ്രമുക കാര്‍ കമ്പനികളെ നയിച്ചിരുന്നത് കാര്‍ലോസ് ഘോന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അറസ്റ്റിലായി. കമ്പനികളുടെ തലപ്പത്തുനിന്ന് പുറത്താക്കപ്പെട്ടു. ദീര്‍ഘകാലം ജയിലില്‍. ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. മക്കള്‍ക്ക് ജപ്പാനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം. ഒടുവിൽ ഒരു പെട്ടിക്കുള്ളില്‍ ഒളിച്ചിരുന്ന് നാടുകടക്കല്‍.

നിസാനെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റിയ തന്നെ ആ കമ്പനിയിലെ തന്നെ ഉന്നതരില്‍ ചിലരാണ് വഞ്ചിച്ചതെന്ന് ഘോന്‍ ആരോപിക്കുന്നു. ജീവനക്കാരെ വെട്ടിക്കുറച്ച നടപടിയടക്കം നിസാനുള്ളില്‍ ഘോന് ശത്രുക്കളെയുണ്ടാക്കി. കാര്‍ലോസ് ഘോന്റെ വീഴ്ചയ്ക്ക് പിന്നിലെ കരുനീക്കങ്ങൾ ചികയുന്ന തിരക്കിലാണ് മാധ്യമങ്ങൾ.

1954 ല്‍ ബ്രസീലിലാണ് കാര്‍ലോസ് ഘോന്റെ ജനനം. ലബനീസ് പൗരന്മാരായിരുന്നു മാതാപിതാക്കള്‍. ഘോന് ആറു വയസായപ്പോള്‍ മാതാപിതാക്കള്‍ ലബനനിലേക്ക് തിരിച്ചെത്തി. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഫ്രാന്‍സിലേക്ക് പോകുംവരെ ലബനനില്‍ ആയിരുന്നു അദ്ദേഹം വളര്‍ന്നത്. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മിഷലിനില്‍ ആദ്യ ജോലി തരപ്പെടുത്തി. അതിവേഗം ആയിരുന്നു ഘോന്റെ വളര്‍ച്ച. മുപ്പതാം വയസില്‍ കമ്പനിയുടെ സൗത്ത് അമേരിക്കന്‍ വിഭാഗത്തിന്റെ സിഒഒ ആയി. ഒരു വര്‍ഷത്തിനുശേഷം സിഇഒ പദവിയിലുമെത്തി.

1996 ല്‍ റെനോയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദത്തിലെത്തിയ അദ്ദേഹം വാഹന നിര്‍മാണ കമ്പനിയിലെ വന്‍ അധികാര കേന്ദ്രമായിമാറി. മൂന്നു വര്‍ഷത്തിനുശേഷം റെനോ – നിസാന്‍ കൂട്ടുകെട്ടിന് ഘോന്‍ തന്നെ ചുക്കാന്‍ പിടിച്ചു. നിസാന്റെ 36.8 ശതമാനം ഓഹരികള്‍ റെനോ വാങ്ങി. നിസാനിലെ സ്ഥിതിഗതികള്‍ അന്ന് അത്ര മെച്ചമായിരുന്നില്ല. 2001 ഓടെ അദ്ദേഹം നിസാന്റെയും സിഇഒ പദവിയിലെത്തി. ഇതോടെ രണ്ട് വമ്പന്‍ കമ്പനികളുടെ നേതൃനിരയിലെത്തുന്ന ആദ്യ വ്യക്തിയായി ഘോന്‍ മാറി.

നിസാന്‍ കടക്കെണിയുടെ വക്കില്‍നിന്ന് അതിവേഗം വന്‍ പ്രവര്‍ത്തനലാഭം നേടി. ഘോന്റെ ചെലവ് ചുരുക്കല്‍ നടപടികളായിരുന്നു നേട്ടത്തിന് പിന്നില്‍. 21,000 തൊഴിലവസരങ്ങള്‍ അദ്ദേഹം വെട്ടിക്കുറച്ചു. എന്നാല്‍,തൊഴലവസരങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടു പോകുന്ന ജപ്പാനിലെ തൊഴില്‍ സംസ്‌കാരത്തെ തള്ളിയാണ് ഘോന്‍ മുന്നോട്ടുപോയത്. കമ്പനികളുടെ വില്‍പ്പന കുതിച്ചുയര്‍ന്നു. 2016 ഓടെ മിത്സുബിഷിയെ ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിലും ഘോന്‍ ആയിരുന്നു.

ഇതോടെ മിത്സുബിഷി മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ പദവിയിലും അദ്ദേഹമെത്തി. 2001 ല്‍ നമ്പര്‍ വണ്‍ ഗ്ലോബല്‍ ബിസിനസ് എക്‌സിക്യൂട്ടിവായി സിഎന്‍എന്‍ ഘോനെ തിരഞ്ഞെടുത്തു. 2002 ല്‍ ഏഷ്യ ബിസിനസ് മാന്‍ ഓഫ് ദി ഇയറായി അദ്ദേഹത്തെ ഫോര്‍ച്യൂണ്‍ മാഗസിന്‍ തിരഞ്ഞെടുത്തു. ജപ്പാനിലെ അക്കിഹിതോ ചക്രവര്‍ത്തിയില്‍നിന്ന് ബ്ലൂ റിബണ്‍ മെഡല്‍ നേടുന്ന ജപ്പാന്‍കാരനല്ലാത്ത ആദ്യ വ്യവസായ പ്രമുഖനാണ് അദ്ദേഹം.

2017 ല്‍ നിസാന്‍ സിഇഒ സ്ഥാനം ഘോന്‍ ഒഴിഞ്ഞു. 2018 നവംബര്‍ 19ന് സ്വകാര്യ വിമാനത്തില്‍ ടോക്യോവിലെത്തിയ ഘോന്‍ അറസ്റ്റിലായി. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലായിരുന്നു അറസ്റ്റ്. ഇതോടെ നിസാനും മിസ്തുബിഷിയും ഖോനെ പുറത്താക്കി.

2019 ജനുവരിയില്‍ റെനോയുടെ ചെയര്‍മാന്‍, സിഇഒ സ്ഥാനങ്ങളില്‍നിന്നും ഘോന്‍ രാജിവച്ചു. ഘോനെ പുറത്താക്കുന്നതിന് പകരം രാജിവെക്കാന്‍ അവസരം നല്‍കുകയായിരുന്നു റെനോ. പിന്നീട് ജപ്പാന്റെ നീതിന്യായ ചരിത്രത്തില്‍ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് (ഒരു ബില്യണ്‍ യെന്‍) ഘോന് ജാമ്യം ലഭിച്ചു.

തൊട്ടടുത്ത മാസം നിസാനുമായി ബന്ധപ്പെട്ട മറ്റൊരു സാമ്പത്തിക ക്രമക്കേട് കേസില്‍ ഘോന്‍ വീണ്ടും അറസ്റ്റിലായി. ടോക്യോവില്‍ തന്നെ തുടരണം എന്നതടക്കമുള്ള വ്യവസ്ഥകളോടെ അദ്ദേഹത്തിന് പിന്നീട് ജാമ്യം ലഭിച്ചു. എല്ലാ വഴികളും അടഞ്ഞതോടെയാണ് ഘോന്റെ നാടുവിടല്‍.

രക്ഷപ്പെടാനുള്ള നീക്കങ്ങളുടെ ഭാഗമായി ഘോന്‍ ഒരു മ്യൂസിക് ബാന്‍ഡിനെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഏര്‍പ്പെടുത്തി. പരിപാടിക്ക് ശേഷം സംഗീത ഉപകരണങ്ങള്‍ കൊണ്ടുവന്ന വലിയ പെട്ടിയില്‍ ഒളിച്ചിരുന്നു ഘോന്‍ അപ്പാര്‍ട്ടുമെന്റില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, നിരീക്ഷണ ക്യാമറകള്‍ക്ക് മുന്നിലൂടെയാണ് താന്‍ അപ്പാര്‍ട്ടുമെന്റില്‍നിന്ന് പുറത്തിറങ്ങിയതെന്നാണ് ഘോന്റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.