1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ശനവും, പാരിഷ് ദിനാഘോഷവും, തിരുന്നാളും ഗംഭീരവും ഭക്തിനിര്‍ഭരവുമായി സ്റ്റീവനേജില്‍ ആഘോഷിക്കുന്നു. സ്റ്റീവനേജിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് പിതാവിനുള്ള സ്വീകരണവും ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുക. ആദരണീയനായ സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനത്തില്‍ ഉജ്ജ്വലമായ വരവേല്‍പ്പ് നല്കുവാനായുള്ള ഒരുക്കങ്ങളിലാണ് സ്റ്റീവനേജ് പാരീഷ് അംഗങ്ങള്‍. പാരീഷ് ദിനാചരണവും പരിശുദ്ധ മാതാവിന്റെയും, സഭയുടെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളും ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതിനായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

പ്രഥമ അജപാലന സന്ദര്‍ശനാര്‍ത്ഥം സ്റ്റീവനേജില്‍ എത്തുന്ന പിതാവിനെ ബെഡ്‌വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ച് മതബോധന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയും, പേപ്പല്‍ ഫ്‌ളാഗുകളുടെയും, വെല്‍ക്കം പോസ്റ്റേര്‍സുമൊക്കെയായി മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചയനയിക്കും. പാരീഷ് കമ്മ്യുണിറ്റിക്കു വേണ്ടി ട്രസ്റ്റി ബൊക്കെ നല്‍കിയും പാരീഷിന് വേണ്ടി ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കത്തിച്ച മെഴുതിരി നല്‍കിയും പിതാവിനെ സ്വീകരിക്കും. തുടര്‍ന്ന് തിരുന്നാളിന്റെ ആരംഭം കുറിച്ച് കൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നതാണ്.

ദേവാലയത്തില്‍ അഭിവന്ദ്യ പിതാവിനെ പാരീഷ് കമ്മ്യുണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് സെബാസ്റ്റ്യന്‍ അച്ചനും, സ്റ്റീവനേജ് കത്തോലിക്കാ സമൂഹത്തിനു വേണ്ടി ഫാ.മൈക്കിളും, സെന്റ് ജോസഫ്‌സ് പാരീഷിന് വേണ്ടി ഫാ ബ്രെയാനും സ്വാഗതം നേര്‍ന്നു ആശംസകള്‍ അര്‍പ്പിക്കും. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്. സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍ സഹകാര്‍മികത്വം വഹിക്കുന്നതായിരിക്കും.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം വൈകുന്നേരം 5:00 മണിക്ക് സ്റ്റീവനേജ് സെന്റ് ജോര്‍ജ്ജസ് വേയിലുള്ള ഹോളിഡേ ഇന്നിന്റെ ഹാളില്‍ അഭിവന്ദ്യ പിതാവിനോടൊപ്പം പാരീഷ് അംഗങ്ങള്‍ ഒത്തു കൂടി പാരിഷ് ഡേ സമുചിതമായി ആഘോഷിക്കുന്നതാണ്. ആഘോഷത്തോടനുബന്ധിച്ചു പാരീഷ് കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമായ കലാവിരുന്നും ബൈബിള്‍ സ്‌കിറ്റുകളും അടക്കം വര്‍ണ്ണാഭമായ പരിപാടികളാണ് ഒരുക്കുന്നത്. സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

ഹോളിഡേ ഇന്നിന് സമീപമുള്ള സെന്റ് ജോര്‍ജ്ജസ് വേ മള്‍ട്ടി സ്റ്റോര്‍ പാര്‍ക്കിങ്ങില്‍ (അഞ്ചു മണിക്കൂര്‍ വരെ £3)ആവശ്യമുള്ളവര്‍ക്ക് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഹോട്ടല്‍ പാര്‍ക്കിങ് ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

മുഴുവന്‍ പാരീഷ് കുടുംബാംഗങ്ങളെയും, എല്ലാ മലയാളി സഹോദരരേയും സസ്‌നേഹം പാരീഷ് ഡേതിരുന്നാള്‍ ആഘോഷങ്ങളിലേക്കു ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലൈനും ഭാരവാഹികളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ07737956977 , ജിമ്മി ജോര്‍ജ്ജ്07533896656

സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്‌വെല്‍ ക്രസന്റ്, സ്റ്റീവനേജ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.