1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

അജിമോന്‍ ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീല ഉയരാന്‍ വെറും ഒരു രാത്രിയുടെ അകലം മാത്രം . നാളെ ബര്‍മിങ്ങ്ഹാം അടുത്ത് വോള്‍വര്‍ ഹാമ്പ്റ്റണില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവം 2015 ന്റെ അവസാന ഘട്ട മിനുക്ക് പണികളുടെ തിരക്കിലാണ് ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപള്ളിയുടെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റി അംഗങ്ങള്‍. യൂക്കെ കലാ മത്സര വേദികളില്‍ ആദ്യമായി കാഷ് അവാര്‍ഡ് കൊടുക്കുന്നു എന്നൊരു പ്രത്യേകതയും ഈ കലോല്‍സവത്തിനുണ്ടു. ഫോബ്മയുടെ ആദ്യ കലോത്സവത്തില്‍ തന്നെ കലാ പ്രതിഭക്കും കലാതിലകത്തിനും ട്രോഫികളോടൊപ്പം ഒരോ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു കൊണ്ടു സംഘാടക രംഗത്ത് പുതിയൊരു ചരിത്രം തന്നെ ഫോബ്മ സൃഷ്ടിച്ചിരുന്നു,. പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും കലാ പ്രതിഭയേയും കലാതിലകത്തിനേയും സുവര്‍ണ്ണ പതക്കങ്ങള്‍ കാത്തിരുപ്പുണ്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണു ഈ വര്‍ഷത്തെ സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചിരിക്കുന്നത് . മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്കാണു പുരസ്‌കാരങ്ങള്‍ക്കും സര്‍ട്ടിഫികറ്റിനുമൊപ്പം കാഷ് അവാര്‍ഡ് കൂടി ലഭിക്കുന്നത് .

എന്നും പുതുമകള്‍ വിജയകരമായി അവതരിപ്പിക്കുന്ന ഫോബ്മ ഇത്തവണ അവതരണ ഗാനത്തിനൊപ്പം പ്രത്യേക തീം സോങ്ങ് കൂടി പുരത്തിറക്കിയിട്ടുണ്ടു. ഫോബ്മ കലോത്സവത്തിന് വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് അവതരണ ഗാനവും തീം സോങ്ങും . അവതരണഗാനം തന്റെ വശ്യ സുന്ദര ആലാപനത്തിലൂടെ കര്‍ണ്ണാനന്ദകരമാക്കിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ മകനും പ്രശസ്ത പിന്നണി ഗായകനും ആയ വിജയ് യേശുദാസ് ആണു. ഫോബ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ഡോ. ജോജി കുര്യാക്കോസിന്റെ ഹൃദ്യമായ വരികള്‍ അവതരണഗാനത്തിനു ചാരുത പകര്‍ന്നപ്പോള്‍ ഫോബ്മ കലാ സാഹിത്യവിഭാഗം കോര്‍ഡിനേറ്ററും കലോസവ കണ്‍ വീനറും ആയ രശ്മി പ്രകാശ് ആണ് ഫോബ്മ കലോത്സവത്തിന്റെ തീം സോങ്ങിനു വരികള്‍ എഴുതിയിരിക്കുന്നത്. കവയത്രി, റേഡിയോ അവതാരക എന്നീ നിലകളില്‍ മലയാളികളുടെ ഇടയില്‍ പ്രശസ്ത ആണ് രശ്മി പ്രകാശ്. മുവാറ്റുപുഴ ത്യാഗ രാജ സംഗീത കലാലയത്തിലെ എന്‍ പ്രസാദ് ആണ് രണ്ടു ഗാനങ്ങള്‍ക്കും, മനം മയക്കുന്ന സംഗീതം നല്കിയിരിക്കുന്നത്. പ്രശസ്ത പുല്ലാംകുഴല്‍ വാദകനായ ചോറ്റാനിക്കര വിജയകുമാര്‍, തബലിസ്റ്റ് സാജു കോട്ടയം , ഗായകരായ ചോറ്റാനിക്കര അജയ കുമാര്‍, രേഖ സൈലേഷ്, രമ്യ കിഷോര്‍ എന്നിവരും അവതരണ ഗാനത്തിന്റെയും തീം സോങ്ങിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലരാണ്.

ഫോബ്മ കലോത്സവം 2015 തീം സോങ്ങിന്റെ വീഡിയോ ആവിഷക്കാരം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/1f7dbA6Rm4g

വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന കലോത്സവ അവതരണഗാനം കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://soundcloud.com/ranimol958016537/manamunarnnufobma

ഔദ്യോഗികമായി രജിസ്‌ട്രേഷന്‍ അവസാനിച്ചുവെങ്കിലും മത്സരാര്‍ത്ഥികള്‍ കുറവുള്ള ഇനങ്ങളിലേയ്ക്ക് താല്പര്യമുള്ളവര്‍ക്ക് ഇനിയും രജിസ്ടര്‍ ചെയ്യാവുന്നതാണ്. രാവിലെ 9 മണിക്ക് തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ കൌണ്ടറില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ക്ക് ചെസ്റ്റ് നമ്പരുകള്‍ കരസ്ത്ഥമാക്കാവുന്നതാണു. രജിസ്‌ട്രേഷന്‍ ഫീസ് ഇനിയും അടയ്ക്കാത്തവര്‍ പണമടച്ചതിനു ശേഷമായിരിക്കണം അവരവരുടെ ചെസ്റ്റ് നമ്പര്‍ കാര്‍ഡുകള്‍ വാങ്ങേണ്ടത്. ഗ്രൂപ്പ് ഇനങ്ങള്‍ക്ക് ടീം ലീഡര്‍ ആണു ചെസ്റ്റ് നമ്പര്‍ കാര്‍ഡുകള്‍ കൗണ്ടറില്‍ നിന്നും കൈപ്പറ്റേണ്ടത്. കൃത്യമായ വിധി നിര്‍ണ്ണയത്തിനു അതാത് മേഖലകളില്‍ ആധികാരികമായി കഴിവ് തെളിയിച്ച സീനിയര്‍ ഗുരുക്കന്മാരെയും കലോപകാസകരേയും തന്നെയാണ് ഇത്തവണയും ഫോബ്മ ക്ഷണിച്ചിരിക്കുന്നത്. മുന് കാലങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും ആരോഗ്യ പരവും സൌഹൃദപരവുമായ മത്സരങ്ങളാണ് ഫോബ്മ ലക്ഷ്യമിടുന്നത്

 

മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ നായകനായിരുന്ന ശങ്കര്‍ , പത്‌നി ചിത്രാ ലക്ഷ്മി ടീച്ചര്‍ , കുറഞ്ഞ കാലം കൊണ്ടു ബ്രിട്ടീഷ് രാഷ്ട്രീയ നഭസ്സില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച, പ്രവാസി മലയാളികള്‍ക്കെല്ലാം അഭിമാനമായ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് എന്നിവരായിരിക്കും ഈ വര്‍ഷത്തെ കലോത്സവ വേദിയിലെ മുഖ്യാതിഥികള്‍. ഫോബ്മ കലണ്ടര്‍ 2016 ന്റെ പ്രകാശനവും വിതരണവും കലോത്സവ വേദിയില്‍ വച്ചു തന്നെ നടത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ അതെ മാതൃകയില്‍ മേല്‍ത്തരം പേപ്പറില്‍ അച്ചടിച്ച വലിയ മള്‍ട്ടി കളര്‍ കലണ്ടറുകളാണു ഇത്തവണയും ഫോബ്മ പുറത്തിറക്കിയിരിക്കുന്നത്. നാട്ടിലേയും ഇവിടുത്തേയും അവധി ദിവസങ്ങളും നോട്ടുകള്‍ കുറിക്കുവാന്‍ പ്രത്യേക സ്ഥലവും വലിയ കളങ്ങളും ഒക്കെ ആയി ഓരോ കുടുംബത്തിനും തികച്ചും ഉപകാരപ്രദമായ കലണ്ടറുകള്‍ സൌജന്യമായാണ് വിതരണം ചെയ്യുക. ഇന്‍ഷുറന്‍സ്, മോര്‍ട്ട് ഗേജ് രംഗത്തെ അതികായകരും യൂക്കെ മലയാളികള്‍ക്ക് സുപരിചിതരും ആയ അലൈഡ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണി ട്രാന്‍സ്ഫര്‍ , ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ വിശ്വസ്ത സേവനം നല്കുന്ന മുത്തൂറ്റ് ഗ്രൂപ്പ്, പ്രദേശികവും കൊറിയര്‍ സര്‍വ്വീസുകളും രാജ്യാന്തര കൊറിയര്‍ സര്‍വ്വീസ്സുകളും കൃത്യ നിഷ്ടയോടെ ചെയ്തു കൊടുക്കുന്ന സീറ്റ ലണ്ടന്‍ ലിമിറ്റഡ് എന്നിവരാണ് ഫോബ്മ കലോത്സവം 2015 ന്റെ പ്രധാന പ്രായോജകര്‍. നാട്ടിലും യൂക്കെയിലും മികച്ച ബാങ്കിംഗ് സേവനങ്ങള്‍ നല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് എടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് കലോത്സവ വേദിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. തിരിച്ചറിയല്‍ രേഖയുടെയും അഡ്രസ്സു പ്രൂഫിന്റെയും കോപ്പി കൊണ്ടു വന്നാല്‍ മാത്രം മതിയാകും.

വളരെ വിശാലമായ കാര്‍പാര്‍ക്കും വേദികളും ഗ്രീന്‍ റൂമുകളും ഒക്കെയുള്ള വോള്‍വര്‍ഹാമ്പ്റ്റണിലെ യൂക്കേ കെ സീ എ ഹാളില്‍ ആയിരിക്കും കലാ മത്സരങ്ങള്‍ അരങ്ങേറുക. കാണികള്‍ക്ക് മത്സര വേദികളിലേയ്ക്കും തുടര്‍ന്നു നടക്കുന്ന വര്‍ണ്ണാഭമായ പൊതുയോഗത്തിലേയ്ക്കും സമ്മാനദാന ചടങ്ങുകളിലേയ്ക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും ഫോബ്മ കലോത്സവ വേദികള്‍ക്കു ഈ വര്‍ഷം ശബ്ദവും വെളിച്ചവും നല്കുന്നത് യൂക്കെയിലെ തന്നെ ഏറ്റവും സുസജ്ജമായ സൌണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും ഉള്ള ഗായകനും സൌണ്ട് എഞ്ജിനീയറും ആയ സിനോയുടെ ശ്രുതി സൌണ്ട്‌സ് ആന്‍ഡ് ലൈറ്റ്‌സ് ആണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ദിവസം മുഴുവന്‍ നല്കുക കേറ്ററിങ്ങ് രംഗത്തെ മുടി ചൂടാ മന്നന്മാരായ ഷെഫ് വിജയും സംഘവുമാണ്.

നാട്ടിലെ സ്‌കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുന്നത്. പ്രസംഗ മത്സര വിഷയങ്ങള്‍ ഇതിനോടകം നല്കിക്കഴിഞ്ഞു. മത്സരത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും രജിസ്‌ട്രേഷന്‍ ഫോം ലഭിക്കുന്നതിനുമായി ഇന്‍ഫോ.ഫോബ്മ@ജിമെയില്‍.കോം (info.fobma@gmail.com) എന്ന ഈ മെയില്‍ അഡ്രസ്സിലേക്കു എഴുതുകയോ ഫോബ്മ വെബ് സൈറ്റിലെ കലോത്സവം 2015 എന്ന പേജ് (http://www.fobmauk.org/artsandliterature/kalolsavam2015/) സന്ദര്‍ശിക്കുകയോ ചെയ്യുക. അഞ്ചു വയസ്സുമുതല്‍ മുകളിലേയ്ക്കുള്ള കുട്ടികളും മുതിര്‍ന്നവരും മൂന്നു ഗ്രൂപ്പുകളിലായി 34 ഇനങ്ങളില്‍ ആണ് മത്സരിക്കുക..

ജാതി മത രാഷ്ട്രീയ സംഘടന ചേരി തിരിവുകളില്ലാതെ യൂകെയില്‍ താമസിക്കുന്ന, സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും സ്വതന്ത്രമായി പങ്കെടുക്കുവാന്‍ സാധിക്കുന്ന കലാ മാമാങ്കമാണ് ഫോബ്മ കലോത്സവം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മതമോ രാഷ്ട്രീയമോ ഏതെങ്കിലും സംഘടനയിലെ അംഗത്വമോ മാനദണ്ഡം ആക്കാതെ പ്രതിഭ തെളിയിക്കുവാന്‍ ആഗ്രഹമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ആണു ഫോബ്മ കലോത്സവം ഈ വര്‍ഷവും വിഭാവനം ചെയ്തിരിക്കുന്നത്. കലയ്ക്കും കലാകാരന്മാര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ ഉത്തമ പ്രകടനങ്ങള്‍ പുറത്തെടുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഫോബ്മ കലോത്സവത്തിന്റെ ലക്ഷ്യം. യാതൊരു തിരി മറികള്‍ക്കും ഇട കൊടുക്കാതെ വേദികളില്‍ ഉടനുടന്‍ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവ് കഴിഞ്ഞ കലോല്‍സവത്തിലൂടെ യൂകെ മലയാളികള്‍ക്ക് ആദ്യമായി പരിചയപെടുത്തി വിശ്വാസ്യതയും കയ്യടിയും നേടിയ ഫോബ്മ, ഇത്തവണയും പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയില്‍ സുതാര്യമായ കുറ്റമറ്റ വേദികള്‍ ആണു ഒരുക്കുന്നത്. സംഘടന അംഗത്വം ഇല്ലാത്തത് കൊണ്ടു മാത്രം സ്വന്തം പ്രതിഭ തെളിയിക്കുവാന്‍ വേദി ലഭിക്കാതെ പോകുന്നവര്‍ക്കുള്ള ഒരു അസുലഭ അവസരമാണ് ഫോബ്മ കലോത്സവം. ഇതര സമാനസംഘടനകളില്‍ നിന്നും വ്യത്യസ്തമായി കുറ്റമറ്റ വിധിനിര്‍ണ്ണയവും കൃത്യനിഷ്ഠയും സ്വര്‍ണ്ണ നാണയങ്ങള്‍ അടക്കമുള്ള ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഒക്കെ ആയി ഫോബ്മ കലോത്സവം കലാ ഹൃദയങ്ങള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവം ആയിരുന്നു കഴിഞ്ഞ വര്‍ഷം പകര്‍ന്നുനല്കിയത്. ഈ മഹത്തായ മാമാങ്കത്തിന്റെ സംഘാടനത്തില്‍ പങ്കുകാരായി ചരിത്രത്തിന്റെഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോബ്മ പ്രതിനിധികളുമായോ info.fobma@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടുക

കലോത്സവ വേദിയുടെ വിലാസവും സമയവും

യൂക്കെ കെ സി എ ഹാള്‍, വുഡ് ക്രോസ് ലൈന്‍, ബിള്‍സ്റ്റണ്‍, വോള്‍വര്‍ ഹാമ്പ്റ്റണ്‍ ,WV14 9BW on Saturday 28th November 2015 from 10 A M

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.