1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ബ്രോംലി): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള്‍ സംഘടിപ്പിച്ച റോംഅസ്സീസ്സി തീര്‍ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആല്മീയതയിലും ഊര്‍ജ്ജവും,പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്‌കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ബ്രോംലി കുടുംബാംഗങ്ങള്‍ക്ക് ഓരോരോ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാര്‍ത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു.

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പയെ നേരില്‍കാണുന്നതിനും അനുഗ്രഹം തേടുന്നതിനും മഹാ ഭാഗ്യം ലഭിച്ച ബ്രോംലി തീര്‍ത്ഥാടകര്‍ക്ക്, ആഗോള കത്തോലിക്കാ സഭയുടെ കേന്ദ്രവും വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്നതുമായ സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍ മലയാളത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാനും സാധിക്കുകയുണ്ടായി.

റോമന്‍ സിറ്റിക്ക് പുറത്തു സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെയിന്റ് പോള്‍സ് ബസിലിക്കയില്‍ വിശുദ്ധ ബലിയില്‍ പങ്കുചേരുവാനും തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹീത അവസരം ലഭിക്കുകയും ചെയ്തു.

വിശുദ്ധരുടെ വിശുദ്ധനെന്നും,രണ്ടാം ക്രിസ്തുവെന്നും വിളിക്കപ്പെടുന്ന വി.ഫ്രാന്‍സീസ് അസ്സീസ്സി ജനിച്ചുവളര്‍ന്ന അസ്സീസ്സി സന്ദര്‍ശിക്കുകയും, കുരിശില്‍ കിടന്നുകൊണ്ട് ഒരു കൈ തോളില്‍ ചാര്‍ത്തി ക്രിസ്തു സ്‌നേഹം പങ്കിട്ടിരുന്ന വിശുദ്ധന്റെ പ്രസിദ്ധമായ പ്രാര്‍ത്ഥനായിടമായ ചാപ്പലില്‍ മലയാളത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള മഹാനുഗ്രഹ അവസരവും ബ്രോംലി തീര്‍ത്ഥാടക സംഘത്തിന് ലഭിക്കുകയുണ്ടായി. വിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി സന്ദര്‍ശിക്കുകയും അതുപോലെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുമായി ബന്ധപ്പെട്ട മറ്റു പള്ളികള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥനകള്‍ നടത്തുവാനും സാധിച്ചത് ബ്രോംലിക്കാര്‍ക്ക് അനുഗ്രഹദായകമായി.

അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഇടയ സന്ദര്‍ശനത്തിനു ശേഷം കുര്‍ബ്ബാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ചൈതന്യവും ദിശാബോധവും കൈവന്നിരിക്കവെയാണ് പാരീഷംഗങ്ങള്‍ മുന്നിട്ടിറങ്ങി ഈ തീര്‍ത്ഥാടനം ഒരുക്കിയത്. 2017 ജൂലൈ 15 ശനിയാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കു വാനിരിക്കുന്ന ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്‌ളീഹായുടെയും,വിശുദ്ധരായ ചാവറ പിതാവിന്റെയും, അല്‍ഫോന്‍സാമ്മയുടെയും, എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുന്നാളിന്റെ ആല്മീയ ഒരുക്കങ്ങളുടെ ആരംഭമായാണ് ബ്രോംലി പരീഷംഗങ്ങള്‍ നേതൃത്വം എടുത്ത് ഈ തീര്‍ത്ഥാടനം സംഘടിപ്പിച്ചത്.

ബ്രോംലി സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രത്തിന്റെ ചാപ്ലൈനും,സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ പാരീഷ് അസിസ്റ്റന്റ് പ്രീസ്റ്റും കപ്പുച്ചിന്‍ സന്യാസ സഭാംഗവുമായ ഫാ.സാജു പിണക്കാട്ട് കപ്പുച്ചിന്‍ ആണ് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്‍കുകയും, തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനകളിലൂടെയും, തിരുക്കര്‍മ്മങ്ങളിലൂടെയും ദൈവീക അനുഭവം പകരുന്നതില്‍ അനുഗ്രഹീതമായ അജപാലന ശുശ്രുഷകള്‍ നിര്‍വ്വഹിച്ചതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.