1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2018

 

എ. പി. രാധാകൃഷ്ണന്‍: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാന്‍ ക്രോയിഡണ്‍ ഹിന്ദു സമാജം തീരുമാനിച്ചു. കോടതി വിധി തികച്ചും ദൗര്‍ഭാഗ്യകരം ആണെന്നും ഈ കാര്യത്തില്‍ ഭക്തരുടെ പക്ഷത്താണ് സമാജം എന്നും സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സമാന രീതിയില്‍ ചിന്തിക്കുന്ന മറ്റ് ഹൈന്ദവ സമാജങ്ങളുമായി കൂടുതല്‍ വിപുലമായ ആലോചനകള്‍ നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

പ്രസ്താവന:

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഭാരതത്തിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ വിധി തികച്ചും ദൗര്‍ഭാഗ്യകരം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഭാരതം നൂറ്റാണ്ടുകളായി ഉയര്‍ത്തി പിടിക്കുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെ തികച്ചും നിയമ വശങ്ങള്‍ മാത്രം നോക്കിയാണ് വിധി പ്രസ്താവിച്ചത് എന്ന് തോന്നുന്നു. കാലങ്ങളായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്‌കാരത്തിന്റെ പരിച്ചേദങ്ങള്‍ ആയി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളെ കേവലമായ യുക്തി ഉപയോഗിച്ച് അട്ടിമറിക്കാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തില്‍ ലോകത്താകമാനമുള്ള ഭക്തര്‍ പൂജിക്കുന്ന അയ്യപ്പ സ്വാമിയുടെ സങ്കല്പത്തിന് തന്നെ കളങ്കം ചാര്‍ത്തുന്ന വിധമുള്ള നീക്കങ്ങള്‍ ആണ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ നടക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണം ആണ് പത്തു വയസിനും അന്‍പത് വയസിനു ഇടയിലുള്ള സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം തടഞ്ഞ ആചാരത്തെ മൊത്തം സ്ത്രീ വിരുദ്ധമാണ് എന്ന് ആക്കി പ്രചരിപ്പിച്ചത്.

മാറ്റങ്ങളെ എല്ലാകാലത്തും പ്രോത്സാഹിപ്പിക്കുകയും വേണ്ട രീതിയില്‍ അതിനെ സ്വീകരിച്ച് യഥാര്‍ത്ഥ സത്തയോടെ ഉള്‍കൊണ്ട് നിത്യ നൂതനമായി നിലനില്‍ക്കുന്ന സനാതന ധര്‍മ്മം ഒന്നിനും എതിരല്ല. പരിഷ്‌കാരതിന്റെയും മാറ്റത്തിന്റെയും പേരില്‍ ഹൈന്ദവ ജനതയുടെ ആരാധന സ്വാതന്ത്ര്യവും അതിലുപരി ദേവഹിതത്തിന് വിരുദ്ധവുമായ നടപടികള്‍ ആരില്‍ നിന്ന് ഉണ്ടായാലും എതിര്‍ക്കേണ്ടത് ആണെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യും.ശക്തിയില്ലാതെ ശിവന്‍ ഇല്ലെന്ന് പഠിപ്പിച്ച സനാതന ധര്‍മ്മം, പുര പ്രാചീനമായ വേദങ്ങളില്‍ പോലും സ്ത്രീ തുല്യത ഉറപ്പ് വരുത്തി മുന്നോട്ടുപോകുന്ന ഹൈന്ദവ സംസ്‌കാരം ഒരു തരത്തിലുള്ള ലിംഗ വിവേചനവും ഒരു കാലത്തും നടത്തിയിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഭൂരിപക്ഷ സമുദായത്തിന്റെ വികാര വിചാരങ്ങള്‍ വേണ്ട രീതിയില്‍ ഉള്‍കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവാദിത്വം ഉള്ള സര്‍ക്കാര് സംവിധാനങ്ങള്‍ ഒരുവിധത്തിലും അതിന് ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പൊള്‍ നടന്നു വരുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ക്രോയ്ഡണ്‍ ഹിന്ദു സമാജം പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ക്രോയ്ഡണ്‍ ഹിന്ദു സമാജം എന്നും ഭക്തരുടെ കൂടെയായിരിക്കും. വിവാദങ്ങള്‍ എല്ലാം ഒഴിഞ്ഞ് നിലനില്‍ക്കുന്ന ആചാര അനുഷ്ഠനങ്ങള്‍ അതെപടി തുടര്‍ന്ന് ശബരിമല ഇനിയും നൂറ്റാണ്ടുകള്‍ നിലനില്‍ക്കണം അതിന് കലിയുഗഗവരദന്‍ ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്ന് ഭഗവദ് തൃപാദങ്ങളില്‍

ശ്രീ കുമാര്‍ സുരേന്ദ്രന്‍ പ്രസിഡന്റ് 07979352084
ശ്രീ പ്രേംകുമാര്‍ ജനറല്‍ സെക്രട്ടറി 07551995663
ക്രോയ്ഡണ്‍ ഹിന്ദു സമാജം
ലണ്ടന്‍

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.