1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2017

ജോസ് കുര്യാക്കോസ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തെരഞ്ഞെടുത്ത ആപ്തവാക്യം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതുപോലെ തന്നെ ചരിത്ര പ്രാധാന്യമേറിയ ഒരു ചുവടുവയ്പാണ് രൂപതയുടെ 5 വര്‍ഷത്തെ പ്രവര്‍ത്തന രേഖകളുടെ കരട് പ്രസിദ്ധീകരിക്കുകയും അതിനുവേണ്ടി മൂന്നു ദിവസത്തെ പ്രത്യേകമായ കോണ്‍റന്‍സ് ഒരുക്കുകയും ചെയ്യുക എന്നുള്ളത്. ഒരുപക്ഷേ രൂപതകളുടെ ചരിത്രത്തില്‍ ആദ്യമാവാം ഇത്തരമൊരു കാല്‍വയ്പ്. സ്‌കോട്ട്‌ലന്‍ഡ് മുതല്‍ ലണ്ടന്‍ വരെയുള്ള കണ്‍വെന്‍ഷനുകളില്‍ രൂപതാധ്യക്ഷന്‍ തന്നെ ഇതിനെക്കുറിച്ച് സംസാരിക്കുകയും മുതിര്‍ന്നവരും യുവതീയുവാക്കളും കുട്ടികളും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിച്ച് ഒരുക്കി അയക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് തീര്‍ച്ചയായും ദൈവജനത്തിന്റെ മുമ്പില്‍ ഹൃദയം തുറക്കുന്ന, പ്രഘോഷണങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്തുന്ന സുന്ദരമായ സമര്‍പ്പണമായി അതു മാറി.

‘LIVING STONE’ അജപാലന നയരേഖ

സജീവ ശിലകള്‍ കൊണ്ടുള്ള ആത്മീയഭവനമായി ഓരോ വിശ്വാസിയേയും പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന പിതാവ് അടിസ്ഥാന വാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ജോഷ്വാ 4: 37 വരെയുള്ള തിരുവചനങ്ങളാണ്. ഇസ്രായേല്‍ ജനം മുഴുവന്‍ ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ വാഗ്ദാന പേടകം വഹിച്ചുകൊണ്ട് ജോര്‍ദ്ദാന്റെ മധ്യത്തില്‍ നിലകൊണ്ട പുരോഹിതരെപ്പോലെ (ജോഷ്വാ 3:17) പ്രവാസ സമൂഹത്തെ സ്വര്‍ഗ്ഗീയ ജറുസലേമില്‍ എത്തിക്കുവാനുള്ള വലിയ ദൗത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലും സൂചനയും സ്രാമ്പിക്കല്‍ പിതാവിന്റെ അടിസ്ഥാന വാക്യത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ആമുഖത്തില്‍ സജീവശിലയായ ദൈവത്തേയും ക്രിസ്തുവിനേയും തിരുവചനങ്ങളിലൂടെ പങ്കുവയ്ക്കുന്ന പിതാവ് ഓരോ വിശ്വാസിയും സജീവശിലയായി വര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നു.അടുത്ത 5 വര്‍ഷങ്ങള്‍ 5 ഘട്ടങ്ങളായി പ്രത്യേകമായി 5 മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ദര്‍ശനമാണ് പിതാവ് ദൈവജനവുമായി പങ്കുവയ്ക്കുന്നത്.

ഒന്നാം ഘട്ടം: 20172018 – കേന്ദ്രബിന്ദു : കുട്ടികള്‍
രണ്ടാം ഘട്ടം: 20182019 – കേന്ദ്രബിന്ദു : യുവജനം
മൂന്നാം ഘട്ടം : 20192020 – കേന്ദ്രബിന്ദു : കുടുംബം
നാലാം ഘട്ടം : 20202021 – കേന്ദ്രബിന്ദു : കുടുംബ യൂണിറ്റുകള്‍അഞ്ചാം ഘട്ടം : 20212022 : കേന്ദ്രബിന്ദു : വിശ്വാസസാക്ഷ്യം

ഓരോ ഘട്ടത്തിന്റെയും പ്രത്യേക കര്‍മ്മ പദ്ധതികളും അതിനെ സംബന്ധിക്കുന്ന ചോദ്യാവലികളും ചര്‍ച്ചകളും ഒരുക്കിയിരിക്കുന്നു.

ഗൗരവമേറിയ സമീപനം അനിവാര്യം?

5 ഘട്ടങ്ങളും ഏറെ പ്രാധാന്യമുള്ള മേഖലകളാണെങ്കില്‍ അതീവ പ്രാധാന്യമുള്ള മേഖലകളാണ് കുട്ടികളും യുവജനങ്ങളും. സീറോമലബാര്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്ന 2 മേഖലകളാണ് വിശ്വാസവും വിശുദ്ധിയും നിറഞ്ഞ കുട്ടികളും യുവതീയുവാക്കളും. ഒരു Catechism Supplement യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ സമ്പര്‍ക്കമാദ്ധ്യമങ്ങളുടെ / ഉപഭോഗ സംസ്‌ക്കാരത്തിന്റെ / വിശ്വാസ അപചയത്തിന്റെ / ഇസ്ലാമിക കയ്യേറ്റത്തിന്റെ ഇടയില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് തലമുറകള്‍ക്ക് അനുഗ്രഹത്തിന്റെ താക്കോലായി മാറും.

10 വര്‍ഷം മതബോധനത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് 2 മിനിറ്റ് സ്വയം പ്രേരിത പ്രാര്‍ത്ഥന പോലും ചൊല്ലാന്‍ സാധിക്കുന്നില്ലായെങ്കില്‍ അത് നമ്മുടെ മതബോധനരീതിയുടെ വൈകല്യമായി അംഗീകരിക്കാനുള്ള എളിമ നാം സ്വന്തമാക്കണം. യേശുക്രിസ്തുവുമായി നമുക്കുണ്ടാകേണ്ട വ്യക്തിബന്ധത്തെക്കുറിച്ചും, സ്വര്‍ഗ്ഗോന്മുഖമായ ജീവിതത്തെക്കുറിച്ചും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദൈവജനത്തെ ഓര്‍മ്മിപ്പിക്കുന്ന ഇടയശ്രേഷ്ഠന്‍ മതബോധനത്തിന്റെ നാള്‍ വഴികളില്‍ ഇവ കുട്ടികളുടെ ഹൃദയ ഫലകങ്ങളില്‍ രേഖപ്പെടുത്താന്‍ ഉപയുക്തമായ മതബോധന സംസ്‌ക്കാരം സൃഷ്ടിച്ചെടുക്കുമെന്ന് പ്രത്യാശിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം. ഓരോ കുട്ടികളിലും യുവതീയുവാക്കളിലും ക്രിസ്തു രൂപപ്പെടുവാനുള്ള ഈറ്റനോവായി അടുത്ത 2 വര്‍ഷങ്ങള്‍ മാറിയാല്‍ അത് ഗ്രേറ്റ് ബ്രിട്ടന് മാത്രമല്ല ആഗോള സീറോമലബാര്‍ സഭയ്ക്ക് അനുഗ്രഹവഴിയായി മാറും. ഔപചാരിക വിദ്യാഭ്യാസം പോലെയും അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പ്രവര്‍ത്തന പരിപാടികള്‍ പോലെയും നമ്മുടെ മതബോധനവും യുവജന കര്‍മ്മപരിപാടികളും ഒരിക്കലും ആയിത്തീരരുത്. വിശ്വാസ പാരമ്പര്യത്തിലൂടെ നാം വളര്‍ത്തിയെടുത്തതും കാത്തു സൂക്ഷിക്കുന്നതുമായ മതബോധനത്തിന്റെ മനോഹരമായ ഫ്രെയിമിനുള്ളില്‍ ജീവനുള്ള ശിലകള്‍ ഉണ്ടാവാന്‍ – ഡോമിനിക് സാവിയോയും കൊച്ചുത്രേസ്യയും പോലുള്ള വിശുദ്ധാത്മാക്കള്‍ രുചിച്ചറിഞ്ഞ – യേശുവിനെ രുചിച്ചറിയുന്ന, ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന ഒരു തലമുറ ഉയര്‍ന്നു വരട്ടെ.

ജീവിതസാക്ഷ്യവും വിശുദ്ധിയും ഇല്ലാത്ത വ്യക്തികള്‍ ഒരിക്കലും കുട്ടികളെയും യുവജനങ്ങളെയും പരിശീലിപ്പിക്കാന്‍ പാടില്ലായെന്നത് ഒരു വസ്തുതയാണ്. രൂപതാധ്യക്ഷനും വൈദികര്‍ക്കും, ദൈവജനത്തിനും അനുയോജ്യര്‍ എന്ന്! കണ്ടെത്തുന്ന വ്യക്തികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രധാന മതാദ്ധ്യാപകരായി നിലനിറുത്തുന്നത് നന്നായിരിക്കും. തീക്ഷ്ണതയും പ്രാര്‍ത്ഥനാരൂപിയും സമര്‍പ്പണമനോഭാവവും നിറഞ്ഞ നൂറുകണക്കിന് മതാദ്ധ്യാപകരുടെ ആത്മസമര്‍പ്പണത്തിന് ദൈവസന്നിധിയില്‍ നമ്മുടെ കൃതജ്ഞതകള്‍ അര്‍പ്പിക്കാം.

രൂപതാധ്യക്ഷനും വൈദികര്‍ക്കും ദൈവ ജനത്തിനും അനുയോജ്യന്‍ എന്ന് കണ്ടെത്തുന്ന വ്യക്തികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രധാന മതാധ്യാപകരായി നിലനിര്ത്തുന്നത് നന്നായിരിക്കും.
സീറോമലബാര്‍ സഭയും കാലഘട്ടത്തിന്റെ ദൗത്യവും യുഎസ്എ,  ന്യൂസിലാന്റ്,  കാനഡ,  യുകെ,  യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇന്ത്യ മുഴുവന്‍ സ്വയം ഭരണാവകാശവും കരഗതമായിരിക്കുന്ന സീറോമലബാര്‍ സഭയുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വളര്‍ച്ചയുടെയും നന്മകളുടെയും മേഖലകളില്‍ നിരന്തരമായ സ്തുതികളും നന്ദികളും ഉയരപ്പെടേണ്ടതുണ്ട്. സഭയ്ക്കും ദൈവജനത്തിനും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന വൈദിക ജീവിതങ്ങളെയും സമര്‍പ്പിത ജീവിതങ്ങളെയും അല്‍മായ ജീവിതങ്ങളെയും ഓര്‍ത്ത് കര്‍ത്താവിന് കൃതജ്ഞത അര്‍പ്പിക്കാം.
ആയിരിക്കുന്ന ദേശങ്ങളിലും സംസ്‌കാരങ്ങളിലും പുളിമാവായി മാറിക്കൊണ്ട് സുവിശേഷവല്‍ക്കരണത്തെ ജ്വലിപ്പിക്കുന്ന ചാലകശക്തിയാക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. പരിശുദ്ധാത്മാവ് നമ്മെ ഏല്‍പ്പിക്കുന്ന കാലഘട്ടത്തിന്റെ ഉത്തരവാദിത്തം ആഴമേറിയ എളിമയോടെ സ്വീകരിക്കുവാനും ഈ വലിയ ദൗത്യം നിര്‍വ്വഹിക്കുവാന്‍ ഞങ്ങള്‍ ഞങ്ങളില്‍ തന്നെ അശക്തരും ദുര്‍ബലരും ആണെന്ന് ഏറ്റുപറഞ്ഞ് പരിശുദ്ധാത്മ ശക്തിയ്ക്കായി നിരന്തരം നിലവിളിക്കുന്ന, അതിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്ന ദൈവജനമായി നാം മാറേണ്ടതുണ്ട്.

അടച്ചുപൂട്ടപ്പെടുന്ന പള്ളികളും തണുത്തുറയുന്ന വിശ്വാസ ജീവിതങ്ങളും നമ്മുടെ ഹൃദയനൊമ്പരമായി മാറണം. ശിരസ്സാകുന്ന ക്രിസ്തുവിന്റെ ശരീരത്തില്‍ എല്ലാ പാരമ്പര്യങ്ങളില്‍ നിന്നും ആരാധനാ രീതികളില്‍ നിന്നുമുള്ള സജീവശിലകള്‍ ഉണ്ടാവണം എന്ന കാഴ്ചപ്പാടോടെ സങ്കുചിതത്തിന്റെയും സ്ഥാപനവത്ക്കരണത്തിന്റെയും വിഭാഗീയതയുടെയും സ്വാര്‍ത്ഥ ചിന്തകളുടെയും പൈശാചിക തിന്മകള്‍ നമ്മെ സ്വാധീനിക്കാതിരിക്കാന്‍ ഉണര്‍വ്വോടെ നാം പ്രാര്‍ത്ഥിക്കണം.

ലോകമെങ്ങും പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന നമ്മുടെ വിശ്വാസ സാക്ഷ്യത്തിന്റെ അടിസ്ഥാന മേഖലകള്‍ കണ്ടെത്താനും സ്വീകരിക്കാനുമുള്ള വലിയ വിളി പ്രാദേശിക സഭകള്‍ക്കുണ്ട്. വിശുദ്ധ കുര്‍ബാനയുടെ ഇടയിലുള്ള 15 മിനിറ്റ് catechism കൊണ്ട് വിശ്വാസപകര്‍ച്ച സൃഷ്ടിക്കാനാവില്ല എന്ന് ബ്രിട്ടിഷ് രൂപതകള്‍ തിരിച്ചറിയണം. കുടുംബ പ്രാര്‍ത്ഥന, കുടുംബയൂണിറ്റ്, വാര്‍ഷിക ധ്യാനങ്ങള്‍ അവ സമ്മാനിക്കുന്ന ആദ്ധ്യാത്മിക ഊര്‍ജ്ജം തിരിച്ചറിയാനും അവര്‍ക്ക് കഴിയണം.

വര്‍ദ്ധിച്ചു വരുന്ന നിരീശ്വരത്വം, ദൈവനിഷേധം, യുക്തിചിന്ത, കുടുംബങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ (gay marriage, lesbyanism) എന്നിവ മനസ്സിലാക്കി, 50 വര്‍ഷത്തിനുശേഷമുള്ള സീറോമലബാര്‍ സഭയുടെയും ക്രൈസ്തവ സഭകളുടെയും വെല്ലുവിളികള്‍ മനസ്സിലാക്കി ഈ കാലയളവില്‍ തന്നെ വിവിധ സഭാസമൂഹങ്ങള്‍ ഒന്നുചേര്‍ന്ന്! നടപ്പാക്കേണ്ട കര്‍മ്മപദ്ധതികളും ആശയങ്ങളും സ്വപ്നങ്ങളും ഔദ്യോഗിക രേഖയില്‍ ഇടംപിടിക്കും എന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം.

കത്തോലിക്കാ സഭകളുടെയും അപ്പോസ്‌തോലിക സഭകളുടെ ഇടയില്‍ മാത്രമല്ല അകത്തോലിക്കാസഭ സമൂഹങ്ങളെ പോലും കോര്‍ത്തിണക്കിക്കൊണ്ടുള്ള വിശ്വാസ സാക്ഷ്യത്തിന്റെ ചില നയപരിപാടികള്‍ ശത്രുവായ പിശാചിന്റെ സകല തന്ത്രങ്ങളെയും അതിജീവിക്കുവാന്‍ നമുക്ക് അനിവാര്യമായി മാറും. രാവും പകലും സുവിശേഷകന്റെ മനസ്സുമായി കഠിനാധ്വാനം ചെയ്യുന്ന പിതാവിന്റെ ചിന്തകളെയും തീരുമാനങ്ങളെയും പരിശുദ്ധ റൂഹ നിരന്തരം ചലിപ്പിക്കട്ടെ. 

സജീവശിലകളുടെ തിളക്കം വര്‍ദ്ധിക്കാന്‍

ഇടയന്റെ മനസ്സില്‍ തീക്ഷ്ണതയും കാഴ്ചപ്പാടും എല്ലാം വൈദിക ജീവിതങ്ങളിലും ആഴമായ വേരോടാന്‍ തീഷ്ണമായ പ്രാര്‍ത്ഥനകള്‍ അനിവാര്യം. ഈ രേഖയെ കുറിച്ച് പഠിക്കാനും ചിന്തിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന ഇടവക സംവിധാനങ്ങള്‍ ഈ കാലയളവിലും തുടര്‍ന്നും ഉണ്ടാകട്ടെ!

സ്വപ്നങ്ങളും ചിന്തകളും ഉല്‍ക്കണ്ഠകളും നിര്‍ദ്ദേശങ്ങളുമെല്ലാം ഹൃദയത്തില്‍ സൂക്ഷിക്കാതെ സ്വകാര്യ കൂട്ടുകെട്ടുകളില്‍ മാത്രം ഒതുങ്ങാതെ വിമര്‍ശന വേദികളില്‍ മാത്രം കെട്ടിക്കിടക്കാതെ livingstonespastoralplan@gmail.com എന്നതിലേക്ക് ഇ മെയില്‍ അയക്കുക. അല്ലെങ്കില്‍ ബിഷപ്പ് ഹൗസ് അഡ്രസില്‍ പോസ്റ്റ് ചെയ്യുക. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഖ്യാപന കാലയളവില്‍ 2016 സെപ്റ്റംബര്‍ 27ാം തീയതി ‘പ്രത്യാശയുടെ മണിമുഴക്കം: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആപ്തവാക്യം വിശ്വാസ വസന്തത്തിന് കളമൊരുക്കുന്നു’ എന്ന തലക്കെട്ടില്‍ ഒരു വിചിന്തനം എഴുതുവാന്‍ എനിക്ക് കൃപ ലഭിച്ചു. ആ വിചിന്തനത്തിലെ പ്രസക്തമായ ഒരു തലക്കെട്ട് ഇപ്രകാരമായിരുന്നു,

‘പിതാവിന്റെ ആപ്തവാക്യം നല്‍കുന്ന പ്രത്യാശ കിരണങ്ങള്‍’
1) പ്രേഷിത തീക്ഷ്ണത നിറഞ്ഞ ഇടവക സമൂഹങ്ങള്‍ (Missionary parishee & Families)
2) പ്രാര്‍ത്ഥനാരൂപിയും സുവിശേഷ തീക്ഷ്ണതയും പ്രകാശിപ്പിക്കുന്ന പുതിയ മതബോധന രീതികള്‍.
3) സുവിശേഷകന്റെ ജോലിയിലേക്ക് അനേകരെ രൂപാന്തരപ്പെടുത്തുന്ന അപ്പസ്‌തോലിക പരിശീലന വേദികള്‍.
4) യൂറോപ്യന്‍ സമൂഹത്തിനും സഭയ്ക്കും ഉപ്പും വെളിച്ചവും പുളിമാവും ആയിത്തീരുന്ന ജീവിതസാക്ഷ്യങ്ങള്‍.
5) സുവിശേഷത്തിന്റെ ലഹരിയില്‍ നിരീശ്വരത്വത്തിന്റെയും ലൗകിക ചിന്തകളുടെയും ലൈംഗിക അപചയങ്ങളുടെയും വെല്ലുവിളികളെ അതിജീവിക്കുന്ന യുവജനസമൂഹം.
6) കുടുംബ പ്രാര്‍ത്ഥനയിലും കൗദാശിക ജീവിതത്തിലും ആഴപ്പെട്ട് കാലഘട്ടത്തിന്റെ എല്ലാം വെല്ലുവിളികളെയും അതിജീവിക്കുന്ന വചനശക്തിയാല്‍ പണിതുയര്‍ത്തപ്പെടുന്ന കുടുംബങ്ങള്‍.
7) പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ നിറഞ്ഞ സുവിശേഷ തീക്ഷ്ണതയുള്ള സഭാത്മക മുന്നേറ്റങ്ങളെ കോര്‍ത്തിണക്കി യൂറോപ്പിന്റെ പുത്തന്‍ പന്തക്കുസ്തക്കായി ചുക്കാന്‍ പിടിക്കുക.
8) സുവിശേഷ ദീപ്തിയുടെ അഗ്‌നിയില്‍ ജ്വലിക്കുന്ന സഭയുടെ മഹത്വം ദര്‍ശിച്ച് അനേകരെ മാതൃസഭയിലേക്ക് മടക്കികൊണ്ട് വരുന്ന കാലഘട്ടത്തിന്റെ അഭിഷേകശുശ്രുഷകള്‍ക്ക് നേതൃത്വം പകരുക.

2017 നവംബര്‍ 20,21,22 തീയതികള്‍ Living Stones പാസ്റ്ററല്‍ പ്ലാനിങ് walesല്‍ വെച്ച് നടക്കുമ്പോള്‍ അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിലൂടെ ഒരു പുതിയ ജനകീയ വിശ്വാസവിപ്ലവം സംഭവിക്കുകയാണ്. സീറോമലബാര്‍ ബെര്‍മിങ്ഹാം റീജിയണല്‍ കോഡിനേറ്റര്‍ ഫാ. ജെയ്‌സന്‍ കരിപ്പായുടെ വാക്കുകളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഏറ്റവും യാത്ര ചെയ്ത വ്യക്തിയാണ് അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ്. വനിതാഫോറം, 8 റീജിയണുകള്‍, ബൈബിള്‍ കലോത്സവം, വാല്‍സിംഹാം തീര്‍ത്ഥാടനം തുടങ്ങിയ അനേകം നന്മകള്‍ ഒരു വര്‍ഷം കൊണ്ട് ലഭിച്ചെങ്കില്‍ ഏറ്റവും വലിയ അനുഗ്രഹമായി നിലകൊള്ളുന്നത് 3 വൈദിക വിദ്യാര്‍ത്ഥികളും അമലോത്ഭവ സെമിനാരിയുമാണ്. 8 സ്ഥലങ്ങളിലായി 16,000ല്‍ അധികം വിശ്വാസികള്‍ പങ്കെടുത്ത അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ രൂപതയ്ക്ക് വലിയ ആത്മീയ ഉണര്‍വിന്റെ കാരണമായി.

പ്രത്യാശയുടെ കിരണങ്ങള്‍ വീശുകയാണ്. ഇടയ കരങ്ങള്‍ ഉയര്‍ന്നു നില്‍ക്കാന്‍ പ്രാര്‍ത്ഥനയും സ്‌നേഹവും സമര്‍പ്പണവും കഠിനാധ്വാനവും അനിവാര്യമാണ്. ‘സകലനന്മകളും നിറഞ്ഞു മുടിച്ചൂടി നില്‍ക്കുന്ന’ സഭയുടെ സൗന്ദര്യം തലമുറകള്‍ക്ക് സമ്മാനിക്കാന്‍ എല്ലാ തലമുറകളും ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുന്ന പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥം നമ്മുക്ക് യാചിക്കാം.

വാല്‍ക്കഷ്ണം:

ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സമാപനത്തിനുശേഷം സ്റ്റേജിനു തൊട്ടടുത്തുള്ള റൂമില്‍ പിതാവ് ചില തിരുവചനങ്ങളുടെ പൊരുളുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. പിതാവില്‍ നിന്ന് കേള്‍ക്കാന്‍ പിതാവിന്റെ മുന്നിലേക്ക് കടന്നു ചെന്ന എന്നോട് റൂമിന്റെ മൂലയിലുള്ള ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യം ആരോ ഓര്‍മ്മപ്പെടുത്തി. ഞാന്‍ പെട്ടെന്ന് മുട്ടുകുത്തി ഭക്ത്യാധരങ്ങള്‍ ഈശോക്ക് നല്‍കി. പിതാവ് ചോദിച്ചു, കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെ മുന്‍പിലും ഇതുപോലെ മുട്ടുകുത്തുമോ? നാം ഓരോരുത്തരും ജീവിക്കുന്ന സക്രാരികളാണെന്നും ഓരോ വ്യക്തിയിലും ദിവ്യകാരുണ്യ നാഥനെ കണ്ടെത്തണമെന്നുള്ള തിളക്കം ആ ചോദ്യത്തില്‍ ഉണ്ടായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.