1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2017

സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് നീട്ടി, അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്തു. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് വീണ്ടും 14 ദിവസത്തേക്ക് നീട്ടിയത്. ആലുവ സബ്ജയിലിലുള്ള ദിലീപിനെ ചൊവ്വാഴ്ച രാവിലെ കോടതി പിരിയുന്നതിന് തൊട്ട് മുമ്പായി വീഡിയോ കോണ്‍ഫറന്റിങ് സംവിധാനം ഉപയോഗിച്ച് സ്‌കൈപ് വഴിയാണ് ഹാജരാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ദിലീപിന്റെ മറുപടി. തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടത്. .

ഈ മാസം പത്തിന് അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍, സുരക്ഷപ്രശ്‌നം കണക്കിലെടുത്ത് നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം ഉപയോഗിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അനുമതി നേടുകയായിരുന്നു. ക്യാമറകള്‍ വഴിയുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിന് സാങ്കേതിക തകരാര്‍ നേരിട്ടതിനെത്തുടര്‍ന്നാണ് സ്‌കൈപിലൂടെ കോടതി കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈകോടതി തള്ളിയതിനാല്‍ നാമമാത്ര നടപടിക്രമങ്ങളാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉണ്ടായിരുന്നത്. ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ തടിച്ചുകൂടുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പൊലീസിന്റെ വാദം. റിമാന്‍ഡ് കാലയളവിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

അതിനിടെ കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ദിലീപിന്റെ ആലുവയിലെ തറവാട്ടുവീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യ ചൊവ്വാഴ്ച ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു.

മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ ഏല്‍പിച്ചെന്നായിരുന്നു സുനിയുടെ മൊഴി. അതേസമയം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലുള്ള വാദം ബുധനാഴ്ചയും തുടരും. നിര്‍ഭയ കേസിലേതിനേക്കാള്‍ ഞെട്ടിക്കുന്ന തെളിവുകള്‍ ഈ സംഭവത്തിലുണ്ടെന്നും അതിനാല്‍ കോടതി നടപടികള്‍ രഹസ്യമായിരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.