1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2018

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. നടന്‍ ദിലീപടക്കം 12 പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തെ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു. 2018 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.