1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ കേള്‍ക്കുന്നത് ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍, വായിക്കുന്നത്… ‘ അറുപതാം പിറന്നാളിന്റെ തിളക്കത്തില്‍ ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍. മലയാളിയുടെ വാര്‍ത്തശീലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ആകാശവാണി പ്രാദേശിക വാര്‍ത്തകള്‍ക്ക് കഴിഞ്ഞ ദിവസം 60 വയസു തികഞ്ഞു. ഇന്റര്‍നെറ്റിന്റെ അതിവേഗ ലോകം സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളി വാര്‍ത്തകള്‍ക്കായി ചെവി കൂര്‍പ്പിച്ചത് ഈ ബുള്ളറ്റിനുകളിലേക്കായിരുന്നു.

1957 ലെ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ആദ്യമായി പ്രാദേശിക വാര്‍ത്തകള്‍ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തത്. 10 മിനിറ്റായിരുന്നു ബുള്ളറ്റിന്‍. തത്സമയ വാര്‍ത്തകളുടെയും ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയമില്ലാതിരുന്ന അക്കാലത്ത് ആധികാരികമായ വാര്‍ത്താ അനുഭവമായി മാറാന്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് അധിക കാലം വേണ്ടിവന്നില്ല. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതടക്കം പല ചരിത്ര സംഭവങ്ങളും മലയാളി ആദ്യമറിഞ്ഞത് ആകാശവാണിയിലൂടെയാണ്.

തെരഞ്ഞെടുപ്പുകളില്‍ ആകാംഷ പരത്തിയ ഫലങ്ങളും ജനം അറിഞ്ഞത് പത്ത് മിനിറ്റിലെ ഈ വാര്‍ത്തകളിലൂടെയാണ്. അന്ന് ചായക്കടകളിലെ റേഡിയോക്ക് ചുറ്റും ആകാംഷയോടെ കൂടിനിന്നായിരുന്നു ചൂടേറിയ വാര്‍ത്തകള്‍ ജനം കേട്ടത്. ക്രമേണ ആകാശവാണി വാര്‍ത്തകള്‍ ദിനചര്യയുടെ ഭാഗവുമായി മാറി. ഉച്ചക്ക് 12.30 നും വൈകീട്ട് 6.20 നുമായിരുന്നും അന്നും വാര്‍ത്തകള്‍. തിരുവനന്തപുരത്ത് നിന്നുള്ള വാര്‍ത്തകള്‍ തൃശൂര്‍ വരെയാണ് ലഭിക്കുക.

പിന്നീടാണ് കോഴിക്കോടുനിന്ന് 6.45 നുള്ള പ്രാദേശിക വാര്‍ത്തകള്‍ ആരംഭിക്കുന്നത്. നേരത്തെ ദേശീയവാര്‍ത്തകള്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു വായിച്ചിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ദേശീയ വാര്‍ത്തകളും തിരുവനന്തപുരത്തുനിന്നാണ് പ്രക്ഷേപണം ചെയ്യുന്നത്. രാവിലെ 7.25, ഉച്ചക്ക് 12.50, രാത്രി 7.25 എന്നിങ്ങനെയാണ് ഈ ബുള്ളറ്റിനുകള്‍. പ്രവാസികള്‍ക്കായി രാത്രി 11.15ന് പ്രത്യേക വാര്‍ത്താ സംപ്രേക്ഷണവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.