1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

സ്വന്തം ലേഖകന്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഗ്രഹ കൊള്ളക്കാരനായി മാറിയിരിക്കുകയാണ് ശില്പങ്ങള്‍ വില്‍പ്പന നടത്തുന്ന സുഭാഷ് കപൂര്‍. 674 കോടി രൂപ വില വരുന്ന 2,622 പുരാവസ്തുക്കളാണ് അധികൃതര്‍ സുഭാഷ് കപൂറിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയില്‍ മിക്കതും മില്യണുകള്‍ വിലമതിക്കുന്ന അതിപുരാതന വിഗ്രഹങ്ങളാണ്.

മാഡിസണ്‍ അവന്യൂവിലെ പുരാവസ്തു കടയുടെ മറവില്‍ കപൂര്‍ ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അപൂര്‍വമായ പുരവസ്തുക്കളും വിഗ്രഹങ്ങളും അമേരിക്കയിലേക്ക് കടത്തുകയായിരുന്നു. പുരാവസ്തു വകുപ്പിന്റെ സൈറ്റുകളില്‍ അതിക്രമിച്ചു കടന്ന് മോഷണം നടത്തിയതിനും കള്ളക്കടത്തുകാരുമായി ഗൂഡാലോചന നടത്തി പുരാവസ്തുക്കള്‍ വിദേശത്തേക്ക് കടത്തിയതിനും കപൂര്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്.

മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അട്ടോര്‍ണിയുടെ ഓഫീസ് ഏപ്രില്‍ 14 നാണ് കപൂറിന്റെ വിഗ്രഹക്കടത്തു സാമ്രാജ്യത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടത്. 2012 ലാണ് കപൂറിന്റെ ഒളിയിടങ്ങളും കള്ളക്കടത്തു ബന്ധങ്ങളും തേടിയുള്ള അന്വേഷണം ആരംഭിച്ചത്. ഓപ്പറേഷന്‍ ഹിഡന്‍ ഐഡള്‍ എന്നായിരുന്നു അന്വേഷണത്തിനു നല്‍കിയ രഹസ്യപ്പേര്.

നാലു ഭൂഖണ്ഡങ്ങളിലായി പരന്നു കിടന്നിരുന്ന കപൂറിന്റെ സാമ്രാജ്യം മുഴുവനായും പുറത്തു കൊണ്ടുവരാന്‍ ഏതാണ് മൂന്നു വര്‍ഷമെടുത്തു. കപൂര്‍ മാന്‍ഹട്ടനിലും ക്യൂന്‍സിലുമായി ഒളിപ്പിച്ച അമൂല്യ പുരാവസ്തുക്കള്‍ അതാത് രാജ്യങ്ങള്‍ക്ക് മടക്കി കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

ഒപ്പം 65 കാരനായ കപൂറിനെ വിചാരനക്കായി അമേരിക്കയിലേക്ക് മടക്കി കൊണ്ടു പോകാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ഇന്ത്യന്‍ വംശജനാണെങ്കിലും അമേരിക്കന്‍ പൗരനാണ് കപൂര്‍. ഏതാണ്ട് 500 അമൂല്യ പുരാവസ്തുക്കളാണ് കപൂര്‍ അമേരിക്കയിലെ 18 മ്യൂസിയങ്ങള്‍ക്ക് വിറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.