1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

സ്വന്തം ലേഖകന്‍: ‘മോദി ഞങ്ങളെ അടിച്ചേ, മോദി ഞങ്ങളെ അടിച്ചേ,’ ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്‍ കരഞ്ഞ് നിലവിളിച്ചെന്ന് പരിഹസിച്ച് പ്രധാനമന്ത്രി. ബാലാകോട്ട് ആക്രമണം ലക്ഷ്യംകണ്ടതായി ഇന്ത്യ. ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.

പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നത് ഉറി മാതൃകയിലുള്ള ഒരു മിന്നലാക്രമണമായിരുന്നു. എന്നാല്‍ നമ്മുടേത് വ്യോമാക്രമണമായിരുന്നു. മുന്‍പ് നടത്തിയ മിന്നലാക്രമണംപോലുള്ള ഒരാക്രമണമായിരിക്കും വീണ്ടും മോദി നടത്തുകയെന്ന് പാകിസ്താന്‍ കരുതി. അതനുസരിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സൈനികരെയും ടാങ്കുകളെയും നിയോഗിക്കുകയും ചെയ്തു. എന്നാല്‍ നാം അവര്‍ക്കുമേലെ പറന്നുചെന്ന് പുലര്‍ച്ചെ 3.30ന് ആക്രമണം നടത്തി. പാകിസ്താന്‍കാര്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണരുകയും ‘മോദി ഞങ്ങളെ അടിച്ചേ..മോദി ഞങ്ങളെ അടിച്ചേ.. ‘ എന്ന് നിലവിളിക്കുകയും ചെയ്തു മോദി പറഞ്ഞു.

ഉറി മിന്നലാക്രമണത്തിനു ശേഷം ഉടന്‍തന്നെ ഇന്ത്യ അക്കാര്യം രാജ്യത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തിനു ശേഷം നാം ചെയ്യാനുദ്ദേശിച്ചത് ചെയ്യുകയും ശേഷം നിശബ്ദത പാലിക്കുകയുമാണ് ചെയ്തത്. തിരിച്ചടി കിട്ടിയ പാകിസ്താനാണ് ഞെട്ടിയുണര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ട്വിറ്ററില്‍ നിലവിളി ആരംഭിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി ചെയ്യാതിരുന്ന കാര്യമാണ് നമ്മുടെ ധീരരായ സൈനികര്‍ ബാലക്കോട്ടില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെയും മോദി വിമര്‍ശിച്ചു. ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പാകിസ്താന്‍ സമ്മതിച്ചതാണ്. പാക് ഭീകര ക്യാമ്ബിനു നേരെ ആക്രമണം നടത്തിയതായി ഇന്ത്യന്‍ വ്യോമസേനയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും സംശയങ്ങളാണ്. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ ചോറുണ്ണുന്നവര്‍ പാകിസ്താനെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ഇന്ത്യയുടെ രക്തമാണ് സിരകളില്‍ ഒഴുകുന്നതെങ്കില്‍ അവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടാകുമായിരുന്നോ?ഭാരത് മാതാവിന് ജയ് വിളിക്കുന്നവര്‍ക്ക് ഇത്തരമൊരു സംശയം ഉണ്ടാകുമോ? സംശയങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ ആരാണ്? ഇവരുടെ വാക്കുകളില്‍ ആരെങ്കിലും വിശ്വസിക്കുമോ? മോദി ചോദിച്ചു.

അതിനിടെ ഇന്ത്യക്കുനേരെയുള്ള ആക്രമണം തടയുന്നതിനായി ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തില്‍ നടത്തിയ സൈനികേതര ആക്രമണം ലക്ഷ്യംകണ്ടതായി വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ഔദ്യോഗികമായി അറിയിച്ചു. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തിനെതിരേയുള്ള രാജ്യത്തിന്റെ ഉറച്ച നിലപാടാണിതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.