1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2019

സ്വന്തം ലേഖകന്‍: ഒരൊറ്റ രാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായതു കണ്ട് സന്തോഷത്തോടെ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരെ ഞെട്ടിച്ച് സംവിധായകന്റെ ‘ആക്ഷന്‍, കട്ട്’; ഒരുവില്‍ സിനിമയില്‍ മുഖം കാണിച്ച് കുപ്പിയില്ലാതെ മടക്കം. കലവൂര്‍ പാതിരപ്പള്ളിയിലാണ് സിനിമാ ഷൂട്ടിംഗിനോട് അനുബന്ധിച്ച് രസകരമായ സംഭവം നടന്നത്. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ല; വിവരമറിഞ്ഞ് എത്തിയവരെല്ലാം കയറി നിന്നതോടെ വരിയുടെ നീളവും കൂടി.

എന്നാല്‍ പുതിയ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ സീനാകെ മാറി. അപ്പോഴാണ് പലരും ബീവറേജ് ഔട്‌ലറ്റിലേയ്ക്ക് ഒന്നുകൂടി നോക്കിയത്. അതോടെ പണിപാളിയത് മനസ്സിലാക്കി പലരും വലിഞ്ഞു. കഴിഞ്ഞദിവസം പാതിരപ്പള്ളിയില്‍ സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് നീണ്ട ക്യൂ രൂപപ്പെട്ടത്.

ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇവിടെ ബീവറേജ് ഔട്ട്‌ലെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനല്‍ ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. യഥാര്‍ഥ ബീവറേജിനെ അനുസ്മരിപ്പിക്കുന്നവിധം അതേ ബോര്‍ഡുകളും വിലവിവരപ്പട്ടികയും എന്തിനേറെ കൗണ്ടറുകള്‍ക്ക് പുറത്തുള്ള കമ്പിവേലി വരെ സിനിമാ ചിത്രീകരണത്തിനായി തയ്യാറാക്കിയിരുന്നു.

ഇതെല്ലാം കണ്ടതോടെയാണ് സംഭവം ഒറിജിനലാണെന്ന് വിചാരിച്ച് പലരും രാവിലെ മുതല്‍ വരിനില്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ അല്പസമയത്തിനുശേഷം സംഭവം ഷൂട്ടിങാണെന്ന് മനസിലായതോടെ എല്ലാവരും വലിഞ്ഞു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയില്‍ ചിത്രീകരിച്ചത്. രാവിലെ അച്ചടക്കത്തോടെ വരിനിന്ന് ചമ്മിപ്പോയവര്‍ പലരും അതേ നില്‍പ്പ് തന്നെയാണ് സിനിമയിലും അഭിനയിച്ചത്. കുപ്പി വാങ്ങാന്‍ വന്ന് നിരാശരായവര്‍ സിനിമയില്‍ മുഖം കാണിക്കാന്‍ അവസരവും ലഭിച്ച സന്തോഷത്തിലാണ് മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.