1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2021

സ്വന്തം ലേഖകൻ: “കുറച്ച് വാചകം, കൂടുതൽ ജോലി,” എന്ന മുദ്രാവാക്യവുമായി കൊവിഡ് പോരാട്ടത്തിന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തിനഞ്ചിലധികം എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കിയതിനു പിന്നാലെ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്ന രണ്ട് ഉത്തരവുകള്‍ കൂടി പ്രസിഡന്റ് ഇന്ന് ഒപ്പിടുമെന്നാണ് റിപ്പോർട്ട്.

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഭക്ഷണം വാങ്ങാന്‍ പാടുപെടുന്നവരെയും ജോലിയില്‍ സുരക്ഷിതമായി തുടരാന്‍ തൊഴിലാളികളെ സഹായിക്കുകയും ചെയ്യുന്ന ഉത്തരവുകളാണ് ഇനി ഇറക്കാനുള്ളത്. മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നതിന് പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇതുവരെ ഫണ്ട് ലഭിക്കാത്ത, യോഗ്യതയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് സാമ്പത്തിക പാക്കേജ് എത്തിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ട്രഷറി വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും മണിക്കൂറില്‍ 15 ഡോളര്‍ മിനിമം വേതനം ഏര്‍പ്പെടുത്തുന്നതിനുള്ള അടിസ്ഥാനപരമായ രണ്ടാമത്തെ എക്‌സിക്യൂട്ടീവ് ഉത്തരവ് ഈ ശ്രമത്തിന്റെ ഭാഗമാണ്. തൊഴിലാളികള്‍, സമ്പദ്‌വ്യവസ്ഥ, ഫെഡറല്‍ സുരക്ഷാ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ട്രംപിന്റെ നടപടികളെ അസാധുവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍. ട്രംപ് ഭരണകൂടം പല ഫെഡറല്‍ ആനുകൂല്യങ്ങളുടെയും വ്യാപ്തി പരിമിതപ്പെടുത്താനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാല്‍, ബൈഡന്റെ ഉത്തരവുകള്‍ നേരെ മറിച്ചാണ് എന്നതും ശ്രദ്ധേയം.

വാക്‌സീനുകളുടെ വിതരണം വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഒരുപക്ഷേ ബൈഡന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. കാരണം രാജ്യമെമ്പാടുമുള്ള സംസ്ഥാനങ്ങള്‍ വാക്‌സീന്റെ വലിയ തോതിലുള്ള കുറവിനെക്കുറിച്ച് ഇതിനോടകം ഫെഡറല്‍ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും തൊഴിലാളികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം പ്രസിദ്ധീകരിക്കുകയും ബൈഡന്റെ അടിയന്തിര ലക്ഷ്യമാണ്.

കൊവിഡ് കൂടാതെ ഭാവിയിൽ വരാനിരിക്കുന്ന മഹാമാരികൾക്ക് കൂടുതല്‍ ചികിത്സകള്‍ കണ്ടെത്താനും ബൈഡന്റെ നിര്‍ദ്ദേശമുണ്ട്. പുതിയ കൊവിഡ് മരുന്നുകളുടെ പഠനത്തിനും ഭാവിയിലെ പൊതുജനാരോഗ്യ പ്രതിസന്ധികള്‍ക്കും പരീക്ഷണ പദ്ധതി തയാറാക്കാനാണ് ആരോഗ്യ മനുഷ്യ സേവന സെക്രട്ടറിയോടും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടർക്കും പുതിയ സർക്കാർ നൽകിയ ആദ്യ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.