1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2019

സ്വന്തം ലേഖകന്‍: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് എണ്‍പതോളം കുട്ടികളാണ് ഇതുവരെ മരിച്ചത്. ഒട്ടേറെപ്പേര്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ക്കഴിയുകയാണ്. അസുഖത്തിന്റെ യഥാര്‍ഥകാരണം പോലും കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.

പക്ഷേ, രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയ്ക്ക് ആദ്യം അറിയേണ്ടത് ഇന്ത്യപാക്കിസ്ഥാന്‍ മത്സരത്തിന്റെ ക്രിക്കറ്റ് സ്‌കോറാണ്. യോഗത്തിനിടെ മന്ത്രി സ്‌കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മംഗള്‍ പാണ്ഡെയുടെ നിരുത്തരവാദപരമായ പെരുമാറ്റം. ആരോഗ്യമന്ത്രിയുടേത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

ഞായറാഴ്ച നടന്ന ഇന്ത്യപാക് മത്സരത്തില്‍ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്നു മന്ത്രി ചോദിക്കുന്നതിന്റെ വീഡിയോയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. കൂടെയുള്ള ഒരാള്‍ ‘നാല് വിക്കറ്റുകള്‍’ എന്നു മന്ത്രിക്കു മറുപടിയും നല്‍കുന്നുണ്ട്.

അതിനിടെ ആവശ്യമായ ബോധവത്കരണം നടത്തിയില്ലെന്നാരോപിച്ച് ഹര്‍ഷ് വര്‍ധനും പാണ്ഡെയ്ക്കുമെതിരേ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ തമന്ന ഹഷ്മിയാണ് കേസ് നല്‍കിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.