1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015

സ്വന്തം ലേഖകന്‍: ബിഹാര്‍ സ്‌കൂള്‍ ഓഫ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പൊതുപരീക്ഷയില്‍ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാര്‍ച്ച് 18, ?19 എന്നീ തിയ്യതികളില്‍ നാലു കേന്ദ്രങ്ങളിലായി നടന്ന പത്താം ക്ലാസ് പരീക്ഷകള്‍ സര്‍ക്കാര്‍ റദ്ദാക്കി.

അന്വേഷണ ശേഷം കോപ്പിയടി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റു കേന്ദ്രങ്ങളിലെ പരീക്ഷയും റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎമ്മിനോടും എസ്പിയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുറ്റം ചെയ്ത ആരേയും വെറുതേ വിടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍കെ മഹാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് തെളിഞ്ഞ 760 വിദ്യാര്‍ഥികളെ പുറത്താക്കുകയും കോപ്പിയടിക്കാന്‍ കുട്ടികള്‍ക്ക് ഒത്താശ ചെയ്ത എട്ടു പോലീസുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് ഉത്തരമെഴുതിയ പേപ്പര്‍ കൈമാറിയ ഏഴു മാതാപിതാക്കളേയും പിടിയിലായതായി ബോര്‍ഡിന്റെ കോപ്പിയടി തടയാനുള്ള പ്രത്യേക പരീക്ഷ സെല്‍ അറിയിച്ചു.

സഹര്‍സ, ചപ്ര, വൈശാലി, ഹാജിപൂര്‍ എന്നീ ജില്ലകളിലാണ് കോപ്പിയടി നടന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടായിട്ടും നിരവധി വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുമായാണ് പരീക്ഷാഹാളിലെത്തിയത്. ഇതോടൊപ്പം രക്ഷിതാക്കളും ബന്ധുക്കളും കൂട്ടുകാരുമടങ്ങുന്ന സംഘം പരീക്ഷാ കേന്ദ്രങ്ങളുടെ ചുമരുകള്‍ക്കും ജനാലകള്‍ക്കും സമീപം നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഉത്തരങ്ങളടങ്ങിയ കടലാസുകള്‍ കൈമാറുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ബിഹാറില്‍ മാത്രമല്ല സംഭവിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പികെ ഷാഹി സംഭവത്തെ ന്യായീകരിച്ചു. സംസ്ഥാനത്തെ 1271 കേന്ദ്രങ്ങളിലായി 14.26 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഓരോ കുട്ടിക്കുമൊപ്പം മാതാപിതാക്കള്‍ ഉള്‍പ്പടെ മൂന്നോ നാലോ വരാറുണ്ടെന്നും ഇത്തരത്തിലുള്ള 60 ലക്ഷത്തോളം ജനങ്ങളെ നിരീക്ഷിക്കുക എന്നത് പ്രായോഗികമാണോ എന്നും അദ്ദേഹം ചോദിച്ചു.

അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായതോടെ തിടുക്കത്തില്‍ അന്വേഷണം നടത്തി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ബിഹാര്‍ സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.