1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2017

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ അടുത്ത കടമ്പ കടന്നു, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബില്ലിന് ബ്രിട്ടീഷ് അധോസഭയുടെ അനുമതി. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രെക്‌സിറ്റ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അംഗീകാരം നല്‍കിയത്. 122 നെതിരെ 494 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

അധോസഭയില്‍ ബില്‍ പാസായതോടെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ബ്രെക്‌സിറ്റ് ബില്‍ അവതരിപ്പിക്കും. ബില്‍ അനുസരിച്ച് ബ്രെക്‌സിറ്റ് നടപടികളുടെ ഭാഗമായി മാര്‍ച്ച് 31 നു തന്നെ കൂടിയാലോചനകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി തെരേസ മേക്കു സാധിക്കും.

ലിസ്ബന്‍ കരാറിലെ അന്‍പതാം വകുപ്പു നടപ്പാക്കാനും പ്രധാനമന്ത്രി തെരേസ മേക്ക് പുതിയ നിയമം അധികാരം നല്‍കുന്നു. ഇതനുസരിച്ചു തെരേസ മേ, മാര്‍ച്ച് 31നു തന്നെ യൂറോപ്യന്‍ യൂണിയനുമായി ‘ബന്ധം വേര്‍പെടുത്തല്‍’ ചര്‍ച്ചകള്‍ തുടങ്ങിയാലും പ്രക്രിയ പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ടു വര്‍ഷമെടുക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ മാസമാദ്യം ബില്ലിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയെങ്കിലും ഭേദഗതികള്‍ സംബന്ധിച്ച അന്തിമചര്‍ച്ച പൂര്‍ത്തിയാക്കി ബില്‍ പാസാക്കുന്നത് ഇപ്പോഴാണ്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടികള്‍ക്കു മാര്‍ച്ച് അവസാനത്തോടെ തുടക്കംകുറിക്കാനും 2019ല്‍ പൂര്‍ത്തിയാക്കാനുമാണു സര്‍ക്കാര്‍ തീരുമാനം.

അതേസമയം, ബ്രെക്‌സിറ്റ് ഹിതപരിശോധനയെ എതിര്‍ത്ത ലേബര്‍ പാര്‍ട്ടി ബില്ലിനെ അനുകൂലിച്ചാണു വോട്ട് ചെയ്തത്. ബില്ലിനെ പിന്തുണയ്ക്കമെന്നു പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി എം.പിമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലേബര്‍പാര്‍ട്ടി എം.പി. ക്ലൈവ് ലൂയിസ് രാജിവച്ചു.

28 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് 1992 ലാണ് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.