1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2016

സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിക്ക് ഗോവയില്‍ ഇന്ന് തുടക്കമാകും, ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. എട്ടാമത് ദ്വിദിന ബ്രിക്‌സ് ഉച്ചകോടിക്കൊപ്പം 17 മത് ഇന്ത്യ, റഷ്യാ വാര്‍ഷിക ഉച്ചകോടിയും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ ഉച്ചകോടി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഭീകരതയെ പിന്തുണക്കുന്ന പാക് നിലപാട് ഉച്ചകോടിയില്‍ ഇന്ത്യ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരരെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെടും.

ബ്രിക്‌സ് ഉച്ചകോടിയുടെ അവസാനം പുറത്തിറക്കുന്ന പ്രസ്താവനയില്‍ ഭീകരതക്കെതിരെ രൂക്ഷമായ വിമര്‍ശമുണ്ടാകുമെന്ന് ഇന്ത്യ ഉറപ്പുവരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭീകരത ആഗോള തലത്തിലുള്ള പ്രശ്‌നമാണെന്നും ഇത് ഒറ്റക്ക് പരിഹരിക്കാനാവില്ലെന്നും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിലങ്ങുതടിയായി നില്‍ക്കുന്ന അന്താരാഷ്ട്ര, മേഖലാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബ്രിക്‌സ്, ബിംസ്റ്റെക് ഉച്ചകോടികളില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) തമ്മിലെ ബന്ധം ശക്തമാക്കാനും വികസനം, സുസ്ഥിരത, നവീകരണം എന്നീ പൊതു ലക്ഷ്യങ്ങള്‍ നേടാനും ഉച്ചകോടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി കൂട്ടിച്ചേര്‍ത്തു.

ലോക ജനസംഖ്യയില്‍ മൂന്നില്‍ രണ്ടിനെയും പ്രതിനിധാനംചെയ്യുന്ന കൂട്ടായ്മ പരസ്പര സഹകരണത്തിലൂടെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കും. റഷ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പുടിനുമായുള്ള ചര്‍ച്ചയിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ബ്രസീല്‍ പ്രസിഡന്റ് മിഷേല്‍ ടമറിന്റെ സന്ദര്‍ശനം സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുമെന്നും മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.