1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കി. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മല്‍സരം തോറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയും വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന താരമാണ് താനെന്നും എന്നാല്‍ നായകനെന്ന നിലയില്‍ സമീപകാലത്തുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുന്നുവെന്നും ധോണി സമ്മതിച്ചു.

ബംഗ്ലദേശുമായുള്ള ഏകദിന പരമ്പര തോറ്റതിന്റെ മുഴുവന്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. തന്റെ പിന്മാറ്റം ഭാവിയില്‍ ടീം ഇന്ത്യക്ക് ഗുണം ചെയ്യുമെങ്കില്‍ അതിനു തയാറാണ്. കളിക്കാരനായി ഇന്ത്യന്‍ ടീമില്‍ തുടരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിന് ആവശ്യമാണെന്നും ധോണി വ്യക്തമാക്കി.

ടീം ഇന്ത്യയുടെ വിജയം മാത്രം ആഗ്രഹിക്കുന്ന താരമാണ് താന്‍. അതിനാല്‍ തന്റെ നായക സ്ഥാനത്തിന് അവിടെ പ്രസക്തിയില്ല. അവിടെ ഇന്ത്യക്ക് ആവശ്യം ഗുണപരമായ മാറ്റമാണെന്നും ധോണി പറഞ്ഞു.

ബംഗ്ലദേശുമായുള്ള രണ്ടാം ഏകദിനത്തിലും തോറ്റതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ആദ്യ മല്‍സരത്തില്‍ ബംഗ്ലദേശ് ഇന്ത്യയെ 79 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലദേശിനോട് ഇന്ത്യയുടെ ആദ്യ പരമ്പര നഷ്ടമാണിത്. ഐസിസി റാങ്കിംഗില്‍ താഴെയുള്ള ബംഗ്ലാദേശിനോട് തോറ്റത് ഇന്ത്യയുടെ റാങ്കിനേയും ബാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.