1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

 

സ്വന്തം ലേഖകന്‍: ‘104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ഞങ്ങളുടെ മുന്നില്‍ ഒന്നുമല്ല’, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ അപൂര്‍വ നേട്ടത്തെ താഴ്ത്തിക്കെട്ടി ചൈനീസ് മാധ്യമങ്ങള്‍. 104 ഉപഗ്രഹങ്ങളെ ഒറ്റയടിച്ച് ബഹിരാകാശത്ത് എത്തിച്ച് റെക്കോര്‍ഡിട്ട ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയെ ലോക മാധ്യമങ്ങള്‍ പുകഴ്ത്തുമ്പോഴാണ് ഇന്ത്യയുടെ അയല്‍ക്കാരായ ചൈന പരിഹാസവുമായി എത്തുന്നത്. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് നേട്ടമാണെങ്കിലും ഇന്ത്യ ഇപ്പോഴും അമേരിക്കയ്ക്കും ചൈനയ്ക്കും മൈലുകളോളം പിന്നിലാണെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നു.

ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക വിദ്യ പൂര്‍ണതോതില്‍ വികസിച്ചിട്ടില്ലെന്ന് വാദിക്കുന്ന റിപ്പോര്‍ട്ടില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാവപ്പെട്ടവരുള്ള രാജ്യമാണ് ഇപ്പോഴും ഇന്ത്യയെന്നും നിരവധി പേര്‍ക്ക് ദേശീയ വികസനത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ലെന്നും പത്രം ഓര്‍മപ്പെടുത്തുന്നു. വലിയ ബഹിരാകാശ ദൗത്യങ്ങള്‍ക്കാവശ്യമായ റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോഴും ഇന്ത്യക്കില്ല. ഇന്ത്യക്കാരായ ബഹിരാകാശ യാത്രികരില്ല. സ്വന്തമായ ബഹിരാകാശ നിലയം ഇതുവരെ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടില്ലെന്നും ഇന്ത്യയെ താഴ്ത്തിക്കെട്ടാനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി പറയുകയാണ് പത്രം.

കുറഞ്ഞ ചിലവില്‍ വിക്ഷേപണം നടത്തുന്നതുകൊണ്ട് വലിയ മെച്ചമുണ്ടാകുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും പത്രം പരിഹസിക്കുന്നു. ഇന്ത്യയുടെ ജിഡിപി തങ്ങളേക്കാള്‍ താഴെയായതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രതിവര്‍ഷം ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ബഹിരാകാശ മേഖലയ്ക്കായി നീക്കിവെയ്ക്കുമ്പോള്‍ അമേരിക്ക 19.3 ബില്യണും ചൈന 6.1 ബില്യണ്‍ ഡോളറുമാണ് ചിലവഴിക്കുന്നതെന്ന കാര്യവും പത്രം ഓര്‍മ്മിപ്പിച്ചു.

ഒക്ടോബറില്‍ മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ആറാമത്തെ ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുകയാണ് ചൈന. 2003 ലാണ് ചൈന ആദ്യമായി മനുഷ്യരെ ബഹികാരാശത്തെത്തിച്ചത്. 2020 ല്‍ സ്വന്തം ബഹിരാകാശ നിലയം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലുമാണ് ചൈനീസ് ശാസ്ത്രജ്ഞന്മാര്‍. 2013 ല്‍ അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ശേഷം ചന്ദ്രനില്‍ പേടകമിറക്കിയ മൂന്നാമത്തെ രാജ്യമായി ചൈന മാറിയിരുന്നു.

ബുധനാഴ്ച രാവിലെയാണ് ഉപഗ്രഹ വിക്ഷേപണ ദൗത്യത്തില്‍ പുതിയ ചരിത്രം ഐഎസ്ആര്‍ഒ കുറിച്ചത്. 104 ഉപഗ്രഹങ്ങളെയാണ് ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എല്‍വിസി 37 റോക്കറ്റിലായിരുന്നു വിക്ഷേപണം. 2014ല്‍ ഒറ്റ വിക്ഷേപണത്തില്‍ 37 ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച റഷ്യയായിരുന്നു ഈ നേട്ടത്തില്‍ ഇതുവരെ മുമ്പില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.