1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2019

സ്വന്തം ലേഖകന്‍: പിടിവലികള്‍ക്ക് ഒടുവില്‍ പ്രഖ്യാപനം; പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇവരാണ്; കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം; രാജിക്കൊരുങ്ങി ഡി.സി.സി ഭാരവാഹികള്‍. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 4 സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

എന്നാല്‍ അതേസമയം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്. ആദ്യം വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിരുന്നതെങ്കിലും പിന്നീട് വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും മാറ്റിവയ്ക്കുകയായിരുന്നു.

കെ വി തോമസിന് എറണാകുളം സീറ്റ് നിഷേധിച്ചത് ആദ്യഘട്ട പട്ടികയിലെ അപ്രതീക്ഷിത തീരുമാനമായി. ഹൈബി ഈഡന്‍ എംഎല്‍എ ആണ് എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആലത്തൂരില്‍ പി കെ ബിജുവിനെതിരെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്.

കോണ്‍ഗ്രസിന് ഏറ്റവും വിജയ സാദ്ധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്ന് കഴിഞ്ഞ ദിവസം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോള്‍ ഉസ്മാനോ കെ പി അബ്ദുള്‍ മജീദിനോ സീറ്റ് നല്‍കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഒടുവില്‍ കെ മുരളീധരന്‍ എംഎല്‍എയും വയനാട് സീറ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. വയനാട് സീറ്റിനെ ചൊല്ലി കടുത്ത ഗ്രൂപ്പ് തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറുമായ വിദ്യാ ബാലകൃഷ്ണനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചതില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. ഇടത് സ്ഥാനാര്‍ത്ഥിയായി ശക്തനായ പി ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ കരുത്തരായ സീനിയര്‍ നേതാക്കള്‍ ആരെങ്കിലും മത്സരിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഈ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല.

ഷാനിമോള്‍ ഉസ്മാനെയാണ് നേരത്തേ ആലപ്പുഴയിലേക്ക് പ്രധാനമായും പരിഗണിച്ചിരുന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും ആലപ്പുഴയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. ആലപ്പുഴയില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണം എന്നും ആവശ്യവും ഉയരുന്നുണ്ട്. എ സമ്പത്തിനെതിരെ ആറ്റിങ്ങലില്‍ ആര് മത്സരിക്കും എന്ന കാര്യത്തിലും മാരത്തണ്‍ ചര്‍ച്ചക്ക് ശേഷവും തീരുമാനം എടുക്കാനായിട്ടില്ല. അടൂര്‍ പ്രകാശ് എംഎല്‍എയെയാണ് ആറ്റിങ്ങല്‍ സീറ്റിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

ഏറെ ചര്‍ച്ചയായെങ്കിലും ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കളൊന്നും പട്ടികയിലില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംഘടാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കെ വി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാരെ എല്ലാവരേയും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം : ശശി തരൂര്‍
മാവേലിക്കര : കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട : ആന്റോ ആന്റണി
എറണാകുളം : ഹൈബി ഈഡന്‍
ഇടുക്കി : ഡീന്‍ കുര്യാക്കോസ്
തൃശൂര്‍ : ടി എന്‍ പ്രതാപന്‍
ചാലക്കുടി : ബെന്നി ബെഹ്നാന്‍
ആലത്തൂര്‍ : രമ്യ ഹരിദാസ്
പാലക്കാട് : വി കെ ശ്രീകണ്ഠന്‍
കോഴിക്കോട് : എം കെ രാഘവന്‍
കണ്ണൂര്‍ : കെ സുധാകരന്‍
കാസര്‍കോട് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രഖ്യാപിച്ചതില്‍ കാസര്‍ഗോഡ് ഡി.സി.സിയില്‍ പരസ്യ പ്രതിഷേധം. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉണ്ണിത്താന് വിജയ സാധ്യതയില്ലെന്നും സുബ്ബയ്യ റാവുവിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.