1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2020

സ്വന്തം ലേഖകൻ: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് കേരളത്തിലും ഭീതി സൃഷ്ടിക്കുന്നു. ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയ 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗബാധിത മേഖലയിൽ നിന്നെത്തിയ 281 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇവരില്‍ സംശയാസ്പദമായവരുടെ രക്തസാമ്പിളുകള്‍ പൂനെയിലെ എന്‍ഐവിയിലേക്ക് പരിശോധനക്കയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

നിലവില്‍ രാജസ്ഥാനിലും ബിഹാറിലുമായി രണ്ട് പേര്‍ കൊറോണ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. രാജസ്ഥാനില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്നയാൾ ചൈനയില്‍ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥിയാണ്. പരിശോധനയ്ക്കായി ഇയാളുടെ രക്തം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് ആരോഗ്യമന്ത്രി രഘുശർമ അറിയിച്ചു.

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചിയുള്‍പ്പെടെ ഏഴു രാജ്യാന്തര വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നടത്തുന്നുണ്ട്.

മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങിയിട്ടുണ്ട്. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈറസ് ബാധയുടെ ഉത്ഭവകേന്ദ്രമായ ഹുബേയിലെ വുഹാനിൽ മരിച്ചവരുടെ എണ്ണം 80 ആയി. കൂടാതെ രണ്ടായിരത്തിലധികം ചൈനീസ് പൗരന്മാർക്ക് ന്യുമോണിയ പോലുള്ള അസുഖം ബാധിക്കുകയും ചെയ്തതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.

ഹുബേയ്ക്കു പുറത്ത് മറ്റു മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തിൽ പരിശോധിച്ച രോഗബാധിതരുടെ എണ്ണം 769 ആയി ഉയർന്നു, അതിൽ പകുതിയോളം ഹുബേയിലാണെന്നും ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗബാധിതരിൽ 461 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വരെ, ചൈനയിലും വിദേശത്തും കേസുകളുടെ എണ്ണം രണ്ടായിരത്തിലധികമായി. ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.