1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ് -19) ബഹ്‌റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്‌റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ ബാധയില്‍ മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ആശങ്കയിലായ അയല്‍രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തികള്‍ അടച്ചു. താല്‍ക്കാലികമാണെങ്കിലും ഇറാന് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയാണ് അയല്‍രാജ്യങ്ങളുടെ നീക്കം. ഇറാന്റെ ഉറ്റരാജ്യമായ തുര്‍ക്കിയും അതിര്‍ത്തി അടച്ചത് ഇറാന്റെ പ്രതിസന്ധി ഇരട്ടിയാക്കും.

അതേസമയം ദക്ഷിണ കൊറിയയില്‍ കൊറോണ ബാധ വ്യാപിക്കുകയാണ്. തിങ്കളാഴ്ച മാത്രം 161 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ പോസ്റ്റീവ് കേസ് റിപ്പേര്‍ട്ട് ചെയ്തിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്.

അമേരിക്കന്‍ ഉപരോധം കാരണം വിദേശത്ത് നിന്ന് ഇറാനിലേക്ക് മതിയായ അളവില്‍ മരുന്നുകള്‍ എത്തുന്നില്ല. ആശുപത്രികളില്‍ നൂതന സാങ്കേതിക സൗകര്യങ്ങളും കുറവാണ്. ഇതാണ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇറാന് മുന്നിലുള്ള വെല്ലുവിളി. രോഗം തടയാന്‍ പര്യാപ്തമായ മരുന്നുകള്‍ ഇറാനിലെ മിക്ക ആശുപത്രികളിലും ഇല്ല.

ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധയിലുള്ള മരണം 2463 ആയി ഉയര്‍ന്നു. 78,000-ത്തിലേറെപ്പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിലായി കുവൈറ്റിലും ബഹ്‌റിനിലും ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ നിന്ന് വന്ന ബഹ്‌റിന്‍ പൗരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയെ ബഹിറിനിലെ ഇബ്രാഹിം ഖാലില്‍ കാനൂ മെഡിക്കല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്ന് ബഹ്‌റിന്‍ മന്ത്രാലയം അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗിയെ ചികിത്സിക്കുന്നത്.

കൊറോണ പിടിപെട്ട രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ ശ്രദ്ധപുലര്‍ത്തണമെന്നും പനിയോ, ശ്വാസതടസ്സമോ പോലുള്ള രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ചികിത്സ തേടാനും പൊതു ജനസമ്പര്‍ക്കം ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രത്യേക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ അറിയാന്‍ വേണ്ടി മെഡിക്കല്‍ വകുപ്പിന്‍രെ 444 എന്ന നമ്പറിലേക്ക് വിളിക്കാനും നിര്‍ദ്ദേശമുണ്ട്.

കുവൈറ്റില്‍ മൂന്ന് പേര്‍ക്കാണ് കൊറോണ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇവര്‍ മൂന്നു പേരും ഇറാനില്‍ യാത്ര ചെയ്‌തെത്തിയവരാണെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് കുവൈറ്റ് പൗരന്‍. കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി കുവൈറ്റ് നിര്‍ത്തി വെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.