1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് പതിനഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59,295 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്.

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

ഇന്നു കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് ഒന്നാം റൗണ്ട് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും അതേസമയം അത്തരമൊരു ആശങ്ക നിലനിന്നിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണെന്നും അവര്‍ ആളുകളെ തൊടുകയും രോഗം പരത്തുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ പ്രശ്നങ്ങളും മുന്നില്‍ കാണണമെന്നും അതും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.