1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍ ആണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 ആയി. കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 7 പേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

രോഗം സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കര്‍ ആരംഭിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ഇതിന്റെ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

വിദേശത്തു നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം.

കൊവിഡ് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നത് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി സ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.