1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2020

സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പ് നൽകിത്തുടങ്ങി. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ബിസിനസ് ഇല്ലാതായ കമ്പനികളാണു പ്രധാനമായും അറിയിപ്പ് നൽകിത്തുടങ്ങിയത്.

എത്ര തുക കുറയ്ക്കുമെന്നതും എത്ര കാലത്തേക്കെന്നതും അറിയിപ്പിൽ വ്യക്തമല്ലെന്നാണു വിവരം. കോവിഡ് പോലെ വലിയ ദുരന്തസാഹചര്യങ്ങളിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ തൊഴിലാളിക്ക് അസാധാരണ അവധിയും നൽകാൻ നിയമാനുമതി ഉള്ളതാണ്. നിയന്ത്രണങ്ങൾ ആരംഭിച്ച് 6 മാസത്തിനകം തൊഴിലാളിയുമായി ധാരണയിൽ എത്തിയായിരിക്കണം ഇത്തരം നടപടികൾ തൊഴിലുടമ സ്വീകരിക്കേണ്ടതെന്നും നിർദേശമുണ്ട്.

തുടരാൻ താൽപര്യമില്ലാത്ത ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാം. അതേസമയം പ്രതിസന്ധി തരണം ചെയ്യുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും സഹായ പദ്ധതി സ്ഥാപന ഉടമ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാവില്ല. ഇതേസമയം വിദേശികളെ തിരിച്ചയയ്ക്കാനുള്ള തന്ത്രമായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്നും അധികൃതർ സൂചിപ്പിക്കുന്നു.

സൌദിയില്‍ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോട രോഗബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു. 35 പേര്‍ക്കാണ് ഇന്ന് രോഗമുക്തി സ്ഥിരീകരിച്ചത്. 666 പേർക്കാണ് ആകെ രോഗം ഭേദമായത്. റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. പുറത്തിറങ്ങിയാല്‍ അവസ്ഥ ഗുരുതരമാകുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നും മുന്നറിയിപ്പ് നല്‍കി.

ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി. ഇന്ന് 166 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 28 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 206 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പ്രവാസി തൊഴിലാളികളും ഉള്‍പ്പെടുന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നിലവില്‍ ആറ് പേരാണ് ഇതുവരെ ഖത്തറില്‍ കോവിഡ് മൂലം മരിച്ചത്.

ഖത്തറില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാരാന്ത്യദിനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും. വെള്ളി ശനി ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, റസ്റ്റോറന്‍റുകള്‍ ഒഴികെയുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്നാണ് അറിയിപ്പ്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ജനങ്ങള്‍ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തുപോകരുതെന്ന് നിര്‍ദേശമുണ്ട്. ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഇതുവരെ നടത്തിവന്ന മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി.

കുവൈത്തിൽ പുതുതായി 55 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി. ഇതിൽ 37 പേർ ഇന്ത്യക്കാരാണ്. 51 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 4 പേർക്ക് ഏതുവഴിയാണ് വൈറസ് പകർന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. ഇവരിൽ ആറുപേർ രോഗവിമുക്തി നേടി. രാജ്യത്ത് നിലവിൽ 341 പേരാണ് ചികിൽസയിലുള്ളത്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലതൃപ്തികരമാണെന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 477 പേർ ഇതിനകം രോഗവിമുക്തി നേടി.

ഒമാനില്‍ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 457 ആയി ഉയർന്നു. ഇതിൽ രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. 109 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ബാക്കി 346 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൗൺ മസ്കത്ത് ഗവർണറേറ്റിൽ നാളെ മുതൽ നിലവിൽ വരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ ഓഴിവാക്കിയാണ് ലോക്ക്ഡൗണ്‍ നടപ്പില്‍ വരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.