1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ എന്നുവരെ തുടരണം എന്നതില്‍ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്നാണ് യോഗത്തില്‍ കക്ഷി നേതാക്കള്‍ അറിയിച്ചത്. നിലവില്‍ സ്ഥിതി ആശങ്കാജനകമാണെന്നും നേതാക്കള്‍ അറിയിച്ചു.

5,274 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 411 പേരുടെ രോഗം ബോധമായി. മരണം 149.

കൊവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂചന നൽകി. രാജ്യത്ത് 5000ത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നത് അസാധ്യമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പൊതുഇടങ്ങള്‍ മേയ് 15വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പൊതു ഇടങ്ങള്‍ മേയ് 15വരെ അടച്ചിടണമെന്നാണ് കേന്ദ്ര മന്ത്രിമാരുടെ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്. കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക് ഡൗണ്‍ തുടരണമെന്ന് യു.പിയും മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും തെലങ്കാനയും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിത പ്രദേശങ്ങള്‍, രോഗ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍, ഗുരതരാവസ്ഥയിലുള്ള മേഖലകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആകാശ നിരീക്ഷണം ഏര്‍പ്പെടുത്തണം. മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയും, തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയും പൊതുഗതാഗതം അനുവദിക്കാം. കൊയ്ത്തിനും മറ്റ് കാര്‍ഷിക വൃത്തികള്‍ക്കും അനുമതി നല്‍കണം. സംസ്ഥാനാന്തര ബസ്, മെട്രോ സര്‍വീസുകള്‍ ഉടന്‍ പുന:സ്ഥാപിക്കേണ്ടതില്ല. ട്രെയിന്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി അനുവദിക്കാം.

ഇടത്തരം നഗരങ്ങളില്‍ ഉള്‍പ്പെടെ കച്ചവട സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. വാഹനങ്ങള്‍ക്ക് ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഏര്‍പ്പെടുത്തണം. അടിസ്ഥാന സൗകര്യ വികസനമേഖലയിലടക്കം നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തനാനുമതി നല്‍കാം എന്നിവയാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ.

കേരളത്തിൽ ലോക്ക് ഡൗൺ കാലാവധി നീട്ടുന്ന കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞ് അന്തിമതീരുമാനം ആകാമെന്ന നിലപാടെടുത്ത് മന്ത്രിസഭായോഗം. അന്തിമ തീരുമാനം കേന്ദ്രം പറയട്ടെ, അതിന് ശേഷം സംസ്ഥാനം തീരുമാനം എടുക്കും . ഇതിനായി പതിമൂന്നിന് മന്ത്രിസഭായോഗം വീണ്ടും ഉണ്ടാകും. പത്താം തീയതിയോടെ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കേരളത്തിൽ കൊവിഡ് വ്യാപന സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന വിലയിരുത്തൽ.

എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിച്ച് പഴയപടിയാകുന്നതിനോട് സംസ്ഥാനത്തിനും യോജിപ്പില്ല, ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാരും ഊന്നുന്നത്. ഏതായാലും ഏതൊക്കെ മേഖലകളിൽ എങ്ങനെയൊക്കെ നിന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് നിലവിലെ ധാരണ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.